Tuesday, January 25, 2011

തട്ടുകടകള്‍ക്കെതിരെ കെ സുധാകരന്‍

കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ (കണ്ണൂര്‍ എഡിഷന്‍) വായിച്ച വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്‌.

കണ്ണൂര്‍:പെരുകിവരുന്ന തട്ടുകടകള്‍ സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കെ.സുധാകരന്‍ എം.പി. പറഞ്ഞു.

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തട്ടുകടയിലെ ഭക്ഷണം വൃത്തിഹീനമാണ്. എങ്കിലും ഒരുപാട് ജനങ്ങള്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ മുന്നോട്ടുവരണം. ഭക്ഷണസാധനങ്ങള്‍ക്ക് വില കൂടാതെ മിതമായ നിരക്കില്‍ ലാഭമുണ്ടാക്കാന്‍ ഹോട്ടലുകള്‍ ശ്രമിക്കണം -അദ്ദേഹം പറഞ്ഞു.

വാര്‍ത്തയുടെ ലിങ്ക് : http://www.mathrubhumi.com/kannur/news/747810-local_news-kannur.html

ഒരു പ്രവാസി എന്ന നിലയില്‍ ഗൃഹാതുരതയോടെയാണ് നമ്മുടെ നാട്ടിലെ തട്ടുകടകളെയും അവിടുത്തെ ഭക്ഷണത്തെയും കാണുന്നത്. വിവിധ തട്ടുകടകളില്‍ നിന്ന് കഴിച്ച പല വിഭവങ്ങളുടെയും സ്വാദ്‌ ഇപ്പോഴും നാവിന്‍തുമ്പിലുണ്ട്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ ഹയര്‍ സെക്കണ്ടറി അധ്യാപകനായ കസിന്‍റെ റൂമില്‍ പോയിരുന്നു. മറ്റു കുറച്ചു അധ്യാപകരോടൊപ്പമാണ് ബാച്ചിലര്‍ ആയ കക്ഷിയുടെയും താമസം. ഏതു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം എന്ന ചോദ്യത്തിന് 'തട്ടുകടയില്‍ നിന്ന് കഴിക്കാം' എന്ന എന്റെ മറുപടി സന്തോഷത്തോടെയാണ് അവരെല്ലാം സ്വീകരിച്ചത്. നാട്ടിലെ നിലവാരമുള്ള ഒരു കൂട്ടം ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു, അന്ന് തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കാന്‍.

സുധാകരന്‍ പറഞ്ഞതുപോലെ തട്ടുകടയിലെ ഭക്ഷണം വൃത്തിഹീനമാണെങ്കില്‍ അങ്ങനെ സന്തോഷത്തോടെ അവിടെ പോയി ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ക്കാകുമായിരുന്നില്ല. തട്ടുകടകളില്‍ നിന്ന് വളരെയധികം ഭക്ഷണം കഴിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്ക് പറയാന്‍ പറ്റുന്ന ഒരു കാര്യം, ചില തട്ടുകടകളുടെ ചുറ്റുപാടുകള്‍ വൃത്തിഹീനമാണ്. എന്നാല്‍ ഭക്ഷണം പൊതുവേ നല്ല വൃത്തിയുള്ളതുമാണ് (ചുരുക്കം അപവാദങ്ങള്‍ കണ്ടേക്കാം). അതുപോലെ തന്നെ വിലയുടെ കാര്യത്തിലും സാധാരണക്കാരന്റെ നടുവൊടിക്കാത്ത സമീപനമാണ് തട്ടുകടകളില്‍ ഉണ്ടാകാറ്.

ഇനി ശ്രീ സുധാകരന്‍ പുകഴ്ത്തുന്ന റസ്റ്റൊറന്റുകളില്‍ പലതിലും വൃത്തി എന്താണെന്നു അറിയുക പോലുമില്ലാത്ത അവസ്ഥയാണ്. അത്തരം റസ്റ്റൊറന്റുകളുടെ അടുക്കളയിലെങ്ങാന്‍ കയറിപ്പോയാല്‍ പിന്നെ കഴിച്ച ഭക്ഷണം കൂടി ശര്‍ദ്ദിച്ചു പോകും. തട്ടുകടകളെ അപേക്ഷിച്ചു ചില റസ്റ്റൊറന്റുകളാണ് വൃത്തിയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നത് എന്ന് സംശയമില്ലാതെ പറയാന്‍ പറ്റും. എന്തൊക്കെ ആയാലും നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഇത്തരം തട്ടുകടകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇല്ലാതാക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അതുകൊണ്ട് കണ്ണൂര്‍ എം. പി. ശ്രീ കെ സുധാകരന്റെ മേല്‍ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

3 comments:

  1. കണ്ണൂര്‍ എം. പി. ശ്രീ കെ സുധാകരന്റെ മേല്‍ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

    ReplyDelete
  2. കോടീശ്വരന്മാരായ മുതലാളിമാര്‍ ആണല്ലോ രാജ്യം ഭരിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തെപ്പറ്റി അവരെന്തിന് ചിന്തിക്കണം?

    ReplyDelete
  3. ഒരു ഉപജീവനമാര്‍ഗം എന്ന നിലയില്‍ തട്ടുകടയെ ന്യായീകരിക്കാം.പക്ഷെ,അവര്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്ന എണ്ണ ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    ReplyDelete