Sunday, December 12, 2010

നികൃഷ്ട ജീവികളെക്കാള്‍ ഭേദം ജോലി തട്ടിപ്പുകാരോ?

നമ്മുടെ പി എസ് സിയെ കബളിപ്പിച്ച്(?) ഏതാനും വിരുതന്മാര്‍ ജോലി നേടിയതാണ് ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടാടുന്ന വിഷയം. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല. നമ്മുടെ സിസ്റ്റത്തിന്റെ ബലഹീനത വെളിച്ചത്തുകൊണ്ടുവരുന്നവയാണ് ഇത്തരം സംഭവങ്ങള്‍. തീര്‍ച്ചയായും തിരുത്തപ്പെടെണ്ടതും ആവര്‍ത്തിക്കാതിരിക്കപ്പെടെണ്ടതുമായ കാര്യങ്ങളാണ് ഇത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. എന്താണ് അവര്‍ ചെയ്ത കുറ്റം? അവരെക്കാള്‍ കഴിവുള്ളവരെ മറികടന്നു പണം വാങ്ങി / കൊടുത്തു നിയമനം നേടിക്കൊടുത്തു / നിയമനം നേടി എന്നതാണ്.

ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ വേറെ ഒരു വിഷയത്തിലേക്ക് കൊണ്ടുവരട്ടെ. നമ്മുടെ നാട്ടിലെ ആയിരക്കണക്കിനു വരുന്ന എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന നിയമനങ്ങളിലേക്ക്. അവിടെ നടക്കുന്നതും ഇത് തന്നെ അല്ലെ? കഴിവുള്ളവരെ മറികടന്നു നിയമനം പണം കൊടുത്തു വാങ്ങുന്നതാണ് അവിടെ നടക്കുന്നത്. അതില്‍ ഭാഗഭാക്കാകുന്നവരും ഇപ്പോള് ഇവിടെ ഈ തട്ടിപ്പ് നടത്തുന്നവരും തമ്മില്‍ എന്ത് വ്യത്യാസം ആണുള്ളത്; വാങ്ങുന്ന തുകയുടെ കാര്യത്തിലല്ലാതെ? ഏതൊരു മാനദണ്ഡം വെച്ചളന്നാലും ധാര്‍മികതയുടെ തുലാസില്‍ ഈ രണ്ടു നടപടികളും ഒരേ നിലവാരം ആണ് പുലര്‍ത്തുന്നത്. ഒരു പക്ഷേ ആത്മീയത ഘോരഘോരം പ്രസംഗിക്കുന്നതും കൂടെ പരിഗണിച്ചാല്‍ അധാര്‍മികത ഒരു പടി കൂടി കൂടുതലായിരിക്കും ഈ 'നികൃഷ്ട ജീവി'കളുടെ നടപടിയില്‍.

ഒരേ തട്ടിപ്പ് രണ്ടു കൂട്ടര്‍ ചെയ്യുന്നു. അതില്‍ ഒരു കൂട്ടര്‍ ചെയ്യുന്നത് വലിയ തട്ടിപ്പായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, നടപടികള്‍ വരുന്നു,... എന്നാല്‍ മറു കൂട്ടര്‍ തട്ടിപ്പ് നടത്തുമ്പോള്‍ അത് സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നു. അതിനെതിരെ ആരും പ്രതികരിക്കുന്നില്ല. അഥവാ പ്രതികരിച്ചാല്‍ ഞായറാഴ്ച്ചാ ലേഖനങ്ങളിലൂടെ പ്രതികാരം ചെയുന്നു.

ആത്മീയത വിറ്റ്‌ കാശാക്കുന്ന, നിയമത്തിനു പുല്ലുവില കല്‍പ്പിക്കാത്ത ഇത്തരം നികൃഷ്ട ജീവികളെ പിന്നെ നികൃഷ്ട ജീവി എന്നല്ലാതെ യേശു ക്രിസ്തു എന്ന് വിളിക്കാന്‍ പറ്റുമോ?

വാല്‍ക്കഷ്ണം: അഭിലാഷും ജെപീയും ഒക്കെ ഇങ്ങനത്തെ ഏതെങ്കിലും സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇരുന്നായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കില്‍ അതിനെതിരെ നടപടി എടുക്കുന്നതിനെതിരെയും ഞായറാഴ്ച്ചാ ലേഖനം വന്നേനെ. ഭാഗ്യം അങ്ങനെയല്ലാത്തത്..!

Thursday, November 25, 2010

മനോരമയുടെ കള്ളക്കളികള്‍ - ഓര്‍മയില്‍ നിന്ന്

മലയാള മനോരമ എന്ന പത്രത്തിന്റെ നിഷ്പക്ഷതയെ പറ്റി എല്ലാവര്‍ക്കും നല്ല ബോധ്യമുള്ളതാണല്ലോ. അതിനെ പറ്റി കൂടുതല്‍ ഒന്നും വിശദീകരിക്കേണ്ട ആവശ്യം തന്നെയില്ല. ഇടതുപക്ഷം എന്ന് കേള്‍ക്കുമ്പോഴേ ഹാലിളക്കം വരുന്ന മാനേജ്‌മന്റ്‌ ആണ് അവരുടേത്. ചില റിപ്പോര്‍ട്ടര്‍മാരാണെങ്കില്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരും. അവര്‍ ഓരോ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴും (അല്ലാത്തപ്പോഴും മോശമൊന്നുമല്ല) അവര്‍ ഒരു പരമ്പര പ്രസിദ്ധീകരിക്കും. ഇടതു പക്ഷത്തെ ആക്ഷേപിക്കല്‍ മാത്രമായിരിക്കും അതിന്റെ ലക്‌ഷ്യം.

സാധാരണ അവരുടെ ഒരു രീതി, എന്തെങ്കിലും ഒരു വിവാദമായ വസ്തുതയെ സിപിഎമ്മുമായി ബന്ധപ്പെടുത്തി എഴുതുക എന്നതാണ്. അതിനു അവര്‍ സ്വീകരിക്കുന്ന സങ്കേതങ്ങള്‍ വിചിത്രമാണ്. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തന്നെ മറന്നുകൊണ്ടാണ് ഇത്തരം ലേഖനങ്ങളെല്ലാം തന്നെ പ്രസിദ്ധീകരിക്കുക. ഉദാഹരണത്തിന്, സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ഒരു ഉന്നതന്‍, ജില്ലാ കമ്മിറ്റി നേതാവ്‌, ഒരു സിപിഎം മന്ത്രി ഇങ്ങനെ പോകും അവര്‍ നിരത്തുന്ന വിശേഷണങ്ങള്‍. എന്നാല്‍ ആരാണ് അത് എന്ന് കൃത്യമായി പറയാന്‍ തയ്യാറാകില്ല. അപ്പോള്‍ സിപിഎമ്മിന്റെ കുറെ നേതാക്കളെ പുകമറക്കുള്ളില്‍ നിര്‍ത്താന്‍ സാധിക്കും എന്ന് വളരെ വ്യക്തമായി അറിയാം ഇവര്‍ക്ക്. ഒപ്പം ആരും നിയമ നടപടികളുമായി മുന്നോട്ടേക്കു പോവുകയുമില്ല. അത് പോലെ 'അത്രേ' 'ആയെക്കമെന്നും' തുടങ്ങിയ പദങ്ങളാണ് ഇത്തരം ലേഖനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുക. ഒരു സാധാരണക്കാരനെ കുറേക്കാലം പറ്റിക്കാന്‍ ഇത്തരം ലൊട്ടു ലൊടുക്ക് വിദ്യകള്‍ ധാരാളമാണെന്ന് വളരെ നന്നായി മലയാള മനോരമ ദിനപത്രം നടത്തുന്നവര്‍ക്കും അതിന്റെ റിപ്പോര്‍ട്ടര്മാര്‍ക്കും നന്നായി അറിയാം.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന രണ്ടു മനോരമ റിപ്പോര്‍ട്ടുകളെപ്പറ്റി സൂചിപ്പിക്കാനും, അതുവഴി അവരുടെ അധാര്‍മിക പത്ര പ്രവര്‍ത്തനത്തെപ്പറ്റി ചര്‍ച്ച ചെയ്യാനുമാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാം എന്ന് തീരുമാനിച്ചത്‌.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് (തൊണ്ണൂറുകളില്‍) ഒരു ഇടതു പക്ഷ ബന്ദിന് അടുത്ത ദിവസം ഇറങ്ങിയ മനോരമയില്‍ ഒരു ഫോട്ടോയും അടിക്കുറിപ്പും ഉണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു. ഒരു ആംബുലന്‍സ്, റോഡില്‍ കല്ല് വെച്ച് തടസപ്പെടുതിയതിനാല്‍ പോകാനാകാതെ വിഷമിക്കുന്നു എന്ന് മനസിലാകുന്ന രീതിയിലുള്ള ഒരു ഫോട്ടോ. അതിന്റെ അടിക്കുറിപ്പാകട്ടെ 'ബന്ദനുകൂലികള്‍ റോഡു തടസപ്പെടുത്തിയാതിനാല്‍ രോഗിയെയും കൊണ്ട് പോകാനകാതെ വിഷമിക്കുന്ന ആംബുലന്‍സ്'. കാണുമ്പോള്‍ ആര്‍ക്കും യാതൊരു സംശയവും തോന്നില്ല. ഒപ്പം നിഷ്പക്ഷമതികള്‍ക്ക് ഇടതുപക്ഷത്തോട് വെറുപ്പ്‌ തോന്നിപ്പിക്കാനും വളരെ സഹായകമാകുന്ന ഒരു വാര്‍ത്താചിത്രം. എന്നാല്‍ അതിനടുത്ത ദിവസത്തെ മറ്റു പത്രങ്ങള്‍ വായിച്ചപ്പോള്‍ ആണ് കള്ളി വെളിച്ചതാകുന്നത്. ആ ആംബുലന്‍സിന്റെയും യാത്രക്കാരുടെയും ചിത്രങ്ങള്‍ സഹിതം ആ 'മനോരമ നുണ' വെളിച്ചത് കൊണ്ട് വന്നിരുന്നു. ആദ്യത്തെ നുണ ആ റോഡ്‌ ബന്ദനുകൂലികള്‍ തടസപ്പെടുത്തിയതല്ലായിരുന്നു! റോഡു പണി നടക്കുന്നത് കൊണ്ട് റോഡിന്റെ ഒരു ഭാഗം മാത്രം കല്ല് വെച്ച് തടസപ്പെടുതിയതായിരുന്നു. എന്നാല്‍ അത് മനസിലാകാത്ത രീതിയിലായിരുന്നു ഫോട്ടോ എടുത്തിരുന്നത്. രണ്ടാമത്തെ നുണ അത് രോഗിയെ കൊണ്ട് പോയ വണ്ടി അല്ലായിരുന്നു എന്നതാണ്! ഗള്‍ഫില്‍ നിന്നും വരുന്ന ഒരാളെ എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിക്കാന്‍ പോയ വാഹനമായിരുന്നു! ഈ ഫോട്ടോ എടുത്തപ്പോള്‍ ആ വണ്ടിയിലുണ്ടായിരുന്നവര്‍ ഫോട്ടോഗ്രാഫറോടു ചോദിച്ചിരുന്നു എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന്. അപ്പോള്‍ കൊടുത്ത മറുപടി റോഡു പണി നടക്കുന്നതിന്റെ ഫോട്ടോ എടുക്കുകയാണ് എന്നതായിരുന്നു! ഇത് മനോരമക്ക് മാത്രം പറ്റുന്ന ഒരു പണിയാണ്.

രണ്ടാമത്തേത്‌ ഒരു നുണ എന്ന് പറയാന്‍ പറ്റില്ല. അത് ഇപ്പോഴും മനോരമയും മാതൃഭൂമിയും ഒക്കെ പയറ്റുന്ന ഒരു കളരിയാണ്. തലക്കെട്ടില്‍ പറയുന്ന കാര്യം റിപ്പോര്‍ട്ടില്‍ ഉണ്ടാവുകയേ ഇല്ല. എന്നാല്‍ തലക്കെട്ട്‌ മാത്രം വയിക്കുന്നയാളെ വളരെ മനോഹരമായി തെറ്റിദ്ധരിപ്പിക്കാന്‍ ഇത് വഴി സാധിക്കും. ഇത് ആദ്യം സൂചിപ്പച്ചത് പോലെ ഒരു ഇലക്ഷനോട് അടുത്ത് വന്ന വാര്‍ത്തയാണ്. ഏതോ ഒരു സ്ഥലത്ത് സിപിഎമ്മില്‍ വിഭാഗീയത സംഘട്ടനത്തിലേക്ക് എത്തിയിരിക്കുന്നു എന്ന രീതിയിലുള്ള ഒരു തലക്കെട്ട്‌ ആണ് നല്‍കിയിരുന്നത്. അതും എട്ടു കോളം വാര്‍ത്ത‍! ആകാംഷയോടെ വാര്‍ത്ത വായിച്ചപ്പോഴാണ് മനസിലായത് രണ്ടു സിപിഎം അനുഭാവികള്‍ (മെമ്പര്‍മാര്‍ പോലുമല്ല!!) തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് വിഷയം! നമിച്ചുപോയി അന്ന് മനോരമയെ. കാരണം അവര്‍ക്കേ ഇത് പറ്റൂ, അവര്‍ക്ക് മാത്രം!

Wednesday, November 24, 2010

ഗള്‍ഫ്‌ മലയാളികള്‍ പ്രവാസി ഇന്ത്യക്കാരല്ലേ?

കുറച്ചുകാലം മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു ഓസ്ട്രേലിയയില്‍ ഇന്ത്യന്‍വംശജര്‍ തദ്ദേശിയരാല്‍ ആക്രമിക്കപ്പെടുന്നതും, കൊല്ലപ്പെട്ടതുമെല്ലാം. ഭാരത സര്‍ക്കാരുംഎംബസിയുമെല്ലാം വളരെ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ലോകശ്രദ്ധ വംശീയവൈരത്തിനെതിരെ കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇത്തരം വളരെ ശക്തമായഇടപെടലുകളുടെ ഫലമായി അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഒരു പരിധി വരെ ഉറപ്പുവരുത്താനും സാധിച്ചു. തീര്‍ച്ചയായും, താരതമ്യേന കാര്യക്ഷമമായ പ്രതികരണമാണ് ഇന്ത്യാഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യ ലോകരഷ്ട്രങ്ങള്‍ക്കിടയിലെ വളര്‍ന്നു വരുന്നസാമ്പത്തിക ശക്തിയാണ്. അതിനുപരി ഒരു വലിയ വിപണിയാണ്. അതുകൊണ്ടുതന്നെ ഭാരതത്തിന്റെവാക്കുകള്‍ക്കു വില കല്പിക്കാതിരിക്കാന്‍ രാജ്യത്തിനും സാധിക്കില്ല. അനുകൂല സാഹചര്യങ്ങളെല്ലാംഉപയോഗിച്ച് ഓസ്ട്രേലിയന്‍ ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഭാരതത്തിന്റെ ഭരണകര്‍ത്താക്കള്‍ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റുനിര്‍ബന്ധിതരായി. ഇതിന്റെയെല്ലാം പരിണിത ഫലമായി അവിടെ നടന്നു വന്നിരുന്ന വംശീയഅതിക്രമങ്ങള്‍ ഒരു പരിധി വരെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അതില്‍ നമ്മളെല്ലാവരുംസന്തോഷിക്കുന്നു.

എന്നാല്‍, ഓസ്ട്രേലിയയില്‍ നടന്നതിന്റെ പതിന്മടങ്ങ്‌ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുപ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും ആരും ശ്രദ്ധിക്കാത്തതെന്തുകൊണ്ടാണ്?ഗള്‍ഫിലെ മലയാളികളടങ്ങുന്ന പ്രവാസ സമൂഹത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത്.ഗള്‍ഫിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന, അനുഭവിച്ച പീഡനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ഓസ്ട്രേലിയയിലെ സംഭവ വികാസങ്ങള്‍ വളരെ ചെറുതായെ കാണാന്‍ സാധിക്കൂ. എന്നിട്ടുംഅവിടുത്തെ സംഭവങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട ഭാരത സര്‍ക്കാരിനു എന്തുകൊണ്ടാണ് ഗള്‍ഫില്‍ക്രൂരമായ യാതന ഏറ്റുവാങ്ങുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍സാധിക്കുന്നില്ല?

ബെന്യാമിന്റെ 'ആടുജീവിതം', വായിക്കുന്ന ഏതോരാളിന്റെയും മനസിലേക്ക് തീ കോരിയിടുന്ന ഒരുസൃഷ്ടിയാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ കൃതിയിലെ നായകന്‍ ഇപ്പോള്‍ബഹറിനില്‍ ജോലി ചെയ്യുന്ന നജീബ് ആണ് എന്നതോര്‍ക്കണം. അത് കേവലം ഒരു നോവല്‍മാത്രമല്ല, ഒരു പ്രവാസി ഇന്ത്യക്കാരന്റെ പച്ചയായ അനുഭവമാണ്‌. തന്റെ ജീവിതം മരുഭൂമിയിലെ ഏതോഒരു ആടിനെ വളര്‍ത്തുന്ന ഫാമില്‍ എരിഞ്ഞടങ്ങി പോകുന്നത് നിസഹായതയോടെ സഹിച്ച നജീബ്,അത്തരത്തിലുള്ള നിരവധിയാളുകളുടെ പ്രതീകമാണ്‌. എത്രയോ ആളുകള്‍ ഇപ്പോഴും അത്തരത്തില്‍നരകിക്കുന്നു? ഒരു ഗള്‍ഫ്‌ മലയാളിക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ കൃതി വായിച്ചു തീര്‍ക്കാനാവില്ല.കാരണം അത് അവന്റെ മുന്നില്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ജീവിതങ്ങളില്‍ ചിലതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതെ അവസ്ഥയില്‍ ജീവിച്ച ഒരു തമിഴ്നാട് സ്വദേശി രക്ഷപെട്ടു സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് തിരിച്ചു പോയത് ഗള്‍ഫില്‍ നിന്നിറങ്ങുന്ന മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ ദുരിതത്തിന്റെ കണക്കെടുപ്പ് തുടങ്ങിയാല്‍ അത് അനന്തമായി നീണ്ടുപോകും. പത്തും ഇരുപതും വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍, പ്രായപൂര്‍ത്തിയായമക്കളെ പോലും ഇതുവരെ നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍, ചുട്ടുപൊള്ളുന്ന വെയിലത്ത്‌നരകയാതന അനുഭവിച്ച് പണിയെടുത്തിട്ടും കൃത്യമായി ശമ്പളം കിട്ടാത്തവര്‍, അങ്ങനെ പറയാന്‍പോയാല്‍ തീരാത്തത്രയും...

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പി.ടി. കുഞ്ഞുമുഹമ്മദ്‌ ബഹറിനില്‍ വന്നപ്പോള്‍ പറഞ്ഞ ഒരു സംഭവം;ഒരു ജര്‍മന്‍ പൌരന്റെ പാസ്പോര്‍ട്ട്‌ പിടിച്ചു വെച്ച സ്പോണ്‍റെക്കൊണ്ട് പരാതി കിട്ടി ഒരുമണിക്കൂറിനുള്ളില്‍ അത് ജര്‍മന്‍ എംബസ്സിയില്‍ തിരിച്ചെത്തിച്ചതിനെ പറ്റി. എന്നാല്‍ ഇന്ത്യന്‍ഗവണ്മെന്റിനു രീതിയിലുള്ള ഒരു സമ്മര്‍ദ്ദം മിഡില്‍ ഈസ്റ്റില്‍ ചെലുത്താന്‍ സാധിക്കാത്തതിനെപറ്റി എന്ത് കാരണമാണ് നമ്മുടെ ഗവണ്‍മെന്റുകള്‍ക്ക്‌ പറയാനുണ്ടാകുക.

നമ്മുടെ പ്രവാസികാര്യ മന്ത്രി ഒരു മലയാളിയായപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് ഗള്‍ഫ്‌ മലയാളികള്‍ നോക്കികണ്ടത്. പക്ഷെ പ്രതീക്ഷിച്ചതിനു കടകവിരുദ്ധമായാണ് സംഭവിച്ചത്. കേന്ദ്ര ഗവണ്മെന്റിന്റെ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രവാസികള്‍ക്കായി യാതൊന്നും തന്നെ ഇല്ലായിരുന്നു. (കേരള ഗവന്മേന്റാണ് താരതമ്യേന അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ചത്. പ്രവാസി ക്ഷേമനിധിയും സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ബഡ്ജറ്റില്‍ അനുവദിച്ച തുകയും ഉദാഹരണങ്ങള്‍).

കാലാകാലങ്ങളായി തുടരുന്ന അവഗണനയ്ക്കൊപ്പം ഈ അടുത്ത കാലത്ത് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ കൂടി കൂട്ടി വായിക്കുമ്പോഴേ ഈ അവഗണനയുടെ ആഴം മനസിലാകൂ. രണ്ടു പ്രാവശ്യമായി 400ലേറെ കേരള-ഗള്‍ഫ്‌ സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്‌. ഉള്ളപ്പോള്‍ തന്നെ സമയത്ത് പോകാതെയും മറ്റും പ്രവസികള്‍ക്കുണ്ടാക്കിയിരുന്ന പ്രശ്നനങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ അത്തരം പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം കൂനിന്മേല്‍ കുരു എന്നാ പോലെ ഉള്ള സര്‍വീസുകള്‍ കൂടി റദ്ദാക്കാനാണ് എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായത്. ഇതില്‍ പ്രകോപിതരായി കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് തള്ളിക്കയറി പ്രതികരിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരോട്, പൊതുവേ സമരങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന പ്രവാസികള്‍ പോലും വളരെ അനുഭാവ പൂര്‍ണമായ നിലപാടാണ്‌ സ്വീകരിച്ചത്. അതിന്റെ കാരണം അത്തരം ഒരു പ്രതികരണം ഈ വാര്‍ത്തകള്‍ കേള്‍ക്കുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്ത ഓരോ പ്രവാസിയും അവരുടെ ബന്ധുക്കളും സ്വന്തം മനസ്സില്‍ അടക്കി വെക്കുന്നുണ്ട് എന്നതാണ്.


എന്തുകൊണ്ടാണ് ഇങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ഭാരത സര്‍ക്കാര്‍ കാര്യക്ഷമമായി ഗള്‍ഫ്‌ പ്രവാസികളുടെ പ്രശ്നത്തില്‍ ഇടപെടാത്തത്‌? നിരവധി കാരണങ്ങളുണ്ടാകാം. എന്തിന്റെ പേരിലായാലും നാടിനു ഇത്രയധികം വിദേശ നാണ്യം നേടിത്തരുന്ന ഒരു വിഭാഗത്തെ ഇത്രയും അവഗണിക്കുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു സാധാരണ പ്രവസിയെന്ന നിലയില്‍ തോന്നിയ ഒരു കാര്യം, ഗള്‍ഫിലെ ഭൂരിഭാഗം പ്രവാസി ഇന്ത്യക്കാരും മലയാളികളോ തെക്കേ ഇന്ത്യക്കാരോ ആണെന്നതാണ് ഈ അവഗണനയുടെ ഒരു വലിയ കാരണം എന്നതാണ്. അതേ സമയം ഓസ്ട്രേലിയയുടെ കാര്യം എടുത്താല്‍ അങ്ങനെയല്ല എന്നും നമ്മള്‍ മനസിലാക്കണം. ഇപ്പോഴും ഭാരതം എന്നാല്‍ വടക്കേ ഇന്ത്യ മാത്രമാണ് എന്ന് വിചാരിക്കുന്ന നിരവധിയാളുകള്‍ ഭരണത്തിലിരിക്കുന്നവരുടെ കൂടെ ഉണ്ട് എന്നതാണ് സത്യം. നമ്മുടെ നാട്ടില്‍ നിന്നുള്ള മന്ത്രിമാര്‍ അവരുടെ ഏറാന്‍ മൂളികളായി മാത്രം തുടരുന്നു എന്നും ആണ് ഞങ്ങള്‍ക്ക് തോന്നുന്നത്.

ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തെ ഭരണകര്‍ത്താക്കളോട് പറയാനുള്ളത് ഇത്ര മാത്രം. ഞങ്ങളെയും ഈ മഹാരാജ്യത്തെ പൌരന്മാരായി കണ്ടു ഞങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരം കാണൂ. മൂട് താങ്ങികളായ അഞ്ചോ ആറോ മന്ത്രിമാരെ കിട്ടിയിട്ട് ഞങ്ങള്‍ക്ക് കാര്യമില്ല. ഞങ്ങള്‍ക്ക് വേണ്ടത് സ്വന്തം അധികാരത്തേക്കാള്‍ ജനങ്ങളെ സ്നേഹിക്കുന്നവരെയാണ്. അല്ലാതെ സ്വന്തം അധികാരം സംരക്ഷിക്കാന്‍ വേണ്ടി എന്‍ഡോസള്‍ഫാന് സ്തുതി പടുന്നവരെയല്ല.

Sunday, August 29, 2010

രാഹുൽ രാജാവും അന്തോണി, ഉമ്മൻ,.... അടിയാ‍ളരും - ജെയ് ഹിന്ദ് വക

ഓഗസ്റ്റിലെ അവസാന ശനിയാഴ്ച പലപ്രാവശ്യമായി ജെയ് ഹിന്ദ് റ്റിവി ന്യൂസിൽ പ്രക്ഷേപണം ചെയ്ത ഒരു റിപ്പോർട്ട് കണ്ടപ്പോൾ സഹതാപം തോന്നിപ്പോയി; അതിന്റെ റിപ്പോർട്ടറോടും, ചാനലിനോടും പിന്നെ കേരളത്തിലെ കോൺഗ്രസ്സ് ഉന്നത നേതാക്കളെന്നറിയപ്പെടുന്ന ആന്റണി, ഉമ്മൻ ചാണ്ടി, ചെന്നിത്തല, രവി പ്രഭൃതികളോടും. റിപ്പോർട്ടിന്റെ ഉള്ളടക്കം അന്നു തന്നെ എല്ലാ ചാനലുകളും റിപ്പോർട്ട് ചെയ്ത പോലെ യൂത്ത് കോൺഗ്രസ്സ് പുന:സംഘടനയെക്കുറിച്ച് ഇവർ എ.ഐ.സി.സി. ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയായിരുന്നു. എന്നാൽ മറ്റൊരു ചാനലും റിപ്പോർട്ട് ചെയ്യാത്ത ഒരു കാര്യം ജെയ് ഹിന്ദ് കണ്ടു പിടിച്ചിരുന്നു.

ചര്‍ച്ച കഴിഞ്ഞു പുറത്തേക്കു വന്ന നേതാക്കളെ രാഹുല്‍ വാതില്‍ക്കല്‍ വരെ വന്നാണ് യാത്രയാക്കിയത് എന്ന്!

ആ വാതില്‍ക്കല്‍ വരെ വന്നു എന്ന് പറഞ്ഞതിന്റെ ശൈലി കേട്ടാല്‍; രാജാവ് ഒരു സാധാരണ പ്രജയെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരെ വന്നതുപോലുള്ള അതിശയോക്തി അടങ്ങിയിരുന്നു!

ചെന്നിത്തല പോകട്ടെ, ആന്റണിയും ഉമ്മന്‍‌ചാണ്ടി രവികളുമെല്ലാം രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയുടെ കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സമുന്നത നേതാക്കളാണ്. അവരെ യാത്രയാക്കാന്‍ രാഹുല്‍ ഗാന്ധി വാതില്‍ക്കല്‍ വരെ വന്നത് ഇത്ര വലിയ കാര്യമാണോ? പ്രവര്‍ത്തന പാരമ്പര്യം കൊണ്ടും പദവി കൊണ്ടും ആന്റണിയുടെ മുന്നില്‍ ഇരിക്കാനുള്ള യോഗ്യത പോലുമില്ലാത്ത ഒരു പയ്യന്‍ അദ്ദേഹത്തെ യാത്രയാക്കാന്‍ വാതില്‍ക്കല്‍ വരെ വന്നതില്‍ ഇത്ര അത്ഭുതപ്പെടെണ്ടത് എന്താണ്?

പക്ഷെ കാര്യം അതൊന്നുമല്ലല്ലോ; കോണ്‍ഗ്രസിലെ എത്ര ഉന്നതനായാലും, നെഹ്‌റു കുടുംബത്തില്‍ ഇന്നലെ ഉണ്ടായ കൊച്ചിന്റെ വരെ ആസന ശുചീകരണം നടത്താന്‍ തയ്യാറായേ പറ്റൂ എന്ന് വിളിച്ചു പറയുകയല്ലേ കോണ്‍ഗ്രസ് ചാനല്‍ ചെയ്തത്.

എത്ര വലിയ ആദര്‍ശധീരനയാലും നെഹ്‌റു കുടുംബത്തിനു അടുക്കളപ്പണി ചെയ്യാതെ കോണ്‍ഗ്രാസില്‍ രക്ഷയില്ലാ..

സഹതാപം തോന്നുന്നു ഇങ്ങനെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഗതികേട് ഓര്‍ത്തിട്ടു.. ഇത്രയും തരം താഴേണ്ടി വന്ന ഒരു ചാനലിനെയും റിപ്പോര്‍ട്ടറെയും ഓര്‍ത്തിട്ട്...

Wednesday, August 4, 2010

മിണ്ടാട്ടം മുട്ടിയ പീ. സീ. ജോര്‍ജ്ജ്

കുറച്ചു കാലം മുന്‍പ് വരെ എന്തെല്ലാമായിരുന്നു?

വിമാനത്തില്‍ കേറല്‍, പിടുത്തം, കയ്യ്പൊങ്ങും-പൊങ്ങില്ല,..... അവസാനം പവനായി ശവമായി!

പറഞ്ഞു വന്നത് വേറെ ആരെ പറ്റിയും അല്ല, നമ്മുടെഅഭിനവ യുധിഷ്ടിരനായ പീ. സീ. ജോര്‍ജിനെപ്പറ്റിയാണ്‌.അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുമുന്നേറിക്കൊണ്ടിരുന്ന ഏകാംഗ പാര്‍ടിയുടെ നേതാവ് പീ.സീ. ജോര്‍ജിനെപ്പറ്റി തന്നെ. അഴിമതിക്കെതിരെ മാത്രമോ,പെണ്‍ വാണിഭം തുടങ്ങിയുള്ള കലകളെയും നഖശിഖാന്തംഎതിര്‍ത്തിരുന്ന ആളായിരുന്നു. (ഒരു വ്യത്യാസം വന്നത്ഉണ്ണിത്താനെ പിടിച്ചപ്പോള്‍ മാത്രമാണ്. അന്ന് പനിപിടിച്ചതുകൊണ്ട് അതിനെതിരെ പ്രതികരിക്കാന്‍ സമയംകിട്ടിയില്ല! അതും വെറും പനി അല്ല പന്നിപ്പനി!)അദ്ദേഹത്തിന്റെ മുന്നില്‍ കേരളത്തിലെ പോലീസ്ഡിപ്പാര്‍ട്ട്മെന്റും സി.ബി. ഐയും ഒന്നുമല്ല. കേരളത്തില്‍നടക്കുന്ന മുഴുവന്‍ കുറ്റകൃത്യങ്ങളും ആര് എപ്പോള്‍ എങ്ങനെചെയ്തു എന്ന് മുഴുവന്‍ ന്യൂസ് ചാനലുകള്‍ക്കും ദൃക്സാക്ഷിവിവരണം പോലെ പറഞ്ഞു കൊടുത്തിരുന്നതുംഅങ്ങേരായിരുന്നു. വിവരണം ഒക്കെ കേള്‍ക്കുമ്പോള്‍അസൂയ തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്നില്‍കേരളത്തിലെ പ്രഗല്‍ഭ കുറ്റാന്വേഷണ നോവലിസ്റ്റുകളായബാറ്റന്‍ ബോസും കോട്ടയം പുഷ്പനാഥും ഒന്നുമല്ല. എന്താഭാവന! ഇങ്ങേരു വല്ല നോവല്‍ എഴുത്തും തുടങ്ങിയാല്‍അവരൊക്കെ പണി നിര്‍ത്തി വീട്ടില്‍ ഇരിക്കേണ്ടി വന്നേനെ.

എന്തായാലും ഇപ്പോൾ പാവം ബൾബ് ഫ്യൂസ് ആയ അണ്ണാന്റെ അവസ്ഥയിലാണ്. മാണിസാർ ഇങ്ങനെ ഒരു ചതി ചെയ്യും എന്നു സ്വപ്നത്തിൽ പോലും കരുതിയില്ലായിരുന്നല്ലോ അദ്ദേഹം. ഇത്രയും കാലം രാവിലെ എഴുന്നേറ്റു പല്ലു തേക്കുന്നതിനു മുൻപ് തുടങ്ങി രാത്രി കിടക്കുന്നതു വരെ സകല ചീത്തയും വിളിച്ചൂകൊണ്ടു നടന്നിരുന്ന പി. ജെ ജോസഫിനെ ഇതാ പിടിച്ചു ജോർജിന്റെ മുകളിൽ നേതാവായി പ്രതിഷ്ടിച്ചിരിക്കുന്നു... എന്തു ചെയ്യും?

വിമാന യാത്രാ വിവാദത്തിൽ ഇനി ജോസഫിനെ പറയാൻ ഒന്നും ബാക്കിയില്ലാരുന്നു. ഉണ്ടെങ്കിൽ തന്നെ അതു രാജകുമാരി ഭൂമി ഇടപാടിൽ കുരുവിളയെ പറഞ്ഞു തീർക്കുകയും ചെയ്തു.

ഇതൊന്നും കൂടാതെ ലാവ് ലിൻ, സന്തോഷ് മാധവൻ, ശബരീനാഥ്, അവസാനം പോൾ വധത്തിൽ വരെ ചാനലുകളിൽ വന്നിരുന്ന് ദൃക്സാക്ഷി വിവരണം നടത്തിയിരുന്ന ആളാണ് ഈ അഭിനവ ധർമ പരിപാലകൻ. എല്ലാത്തിലും സി പി എം നേതാക്കളെ പൊതുജന മധ്യത്തിൽ താറടിച്ചു കാണിക്കുക എന്നതിൽ കവിഞ്ഞ് യാതൊരു സത്യവുമില്ല എന്ന് ഇപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. അത് എന്തായാലും ഈ പോസ്റ്റിന്റെ വിഷയമല്ല.

ഇപ്പോൾ പി.സി. ജോർജ്ജിനോടൊരു ചോദ്യം മാത്രം, ഇത്രയും നാൾ താങ്കൾ പെണ്ണു പിടിയൻ എന്നും അഴിമതിക്കാരൻ എന്നും വിളിച്ച പിജെ ജോസഫിന്റെയും റ്റി.യു. കുരുവിളയുടെയും കൂടെ പ്രവർത്തിക്കുമ്പോൾ താങ്കളെ കള്ളൻ എന്നാണോ കള്ളനു കഞ്ഞി വെക്കുന്നവൻ എന്നാണോ വിളിക്കേണ്ടത്? നാണമില്ലാത്തവന് ആൽ എവിടെ മുളച്ചാലും അതിന്റെ തണലു വിറ്റു കാശുണ്ടാക്കുക എന്നതിൽ കവിഞ്ഞ് ഒന്നുമില്ലല്ലോ അല്ലേ...?

Saturday, July 31, 2010

ശുംഭന്മാര്‍ കേസിന് പോകുന്നു..!

മാര്‍ക്സിസ്റ്റ്‌ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജനെതിരെ ശുംഭന്മാർ കേസിനു പോകുന്നു. ചില ജഡ്ജിമാരെശുംഭൻഎന്നു വിളിച്ച് തങ്ങളെ അപമാനിച്ചു എന്നു പറഞ്ഞാണു ഇവർകേസുകൊടുക്കാൻ പോകുന്നത്. ശുംഭൻ വിളി യതാർത്ഥ ശുംഭന്മാരുടെ വില കളയുന്നതാണെന്നു അവർപ്രസ്ഥാവനയിൽ ആരോപിച്ചു. ഇനിയും ഇത്ര തരം താഴ്ന്ന താരതമ്യങ്ങൾ നടത്തി തങ്ങളെഅപമാനിക്കാതിരിക്കാനുള്ള മുന്നറിയിപ്പാ‍യിട്ടാണ് ഇപ്പോൾ കേസിനു പോകുന്നത് എന്നും അവർ അറിയിച്ചു.

Tuesday, May 11, 2010

സ്വയം അപഹാസ്യനാകുന്ന രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിനാധാരം.

അദ്ദേഹം പറഞ്ഞത് ആകാശമാര്‍ഗം നോമിനേഷന്‍ വഴി നേതാക്കളാകാമെന്ന് ഇനിയാരും വിചാരിക്കേണ്ട എന്നാണ്. നല്ല കാര്യം. അതു നടപ്പാക്കിയാല്‍ അതിനോടു നൂറ്റൊന്നു ശതമാനം യോജിക്കുന്നു.

പക്ഷേ സ്വന്തം അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്ഥാവന അല്ലേ അത്? ഇപ്പോള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധി ആ സ്ഥാനത്ത് എത്താന്‍ ഉള്ള കാരണം അദ്ദേഹം രാജീവിന്റെ മകനാണ് എന്നതല്ലേ? അദ്ദേഹം ഉദ്ദേശിച്ചതുപോലെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുയരാന്‍ സാധിക്കുന്ന അവസ്ഥ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്നു നമ്മള്‍ക്കു പ്രതീക്ഷിക്കാം(!). പക്ഷേ അദ്ദേഹം ഏതെങ്കിലും സംഘടനയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുയര്‍ന്ന നേതാവാണോ? അങ്ങനെ അല്ലാത്തിടത്തോളം മറ്റു ഘടകങ്ങളില്‍ ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ എന്തു ധാര്‍മികതയാണുള്ളത്?

വാല്‍ക്കഷണം: പതിവുപോലെ മനോരമ രാഹുല്‍ സ്തുതികള്‍ക്കായി അച്ചു നിരത്തി മടുത്തു. ഇക്കോണമി ക്ലാസിലാണ് വന്നതെന്നൊക്കെ. മുന്‍പ് തട്ടുകടയില്‍ നിന്നു ചായ കുടിക്കാന്‍ വന്നതിന്റെ ചിലവ് ഒന്നരക്കോടിയായിരുന്നു. ഇതിന്റെ ബാക്കി പത്രം എന്താണാവോ?

Sunday, April 18, 2010

പിണറായി ഈ ചാനലിന്റെ ഐശ്വര്യം!

ഞാന്‍ ഒരു പ്രശസ്ത മലയാളം ചാനലിന്റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാര്‍ത്താ പരിപാടിയുടെ അവതാരകനാണ്. ന്യുസ് അവര്‍, ന്യുസ് നൈറ്റ്‌, എന്നിങ്ങനെ പല പേരുകളില്‍ ഞങ്ങളുടെ പോലത്തെ പരിപാടികള്‍ ഉണ്ട്. ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നതിന്റെ കാരണം ഞങ്ങളുടെ പരിപാടിക്ക് ഏറ്റവും സഹായം ചെയ്തു തരുന്ന ഒരു വ്യക്തിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്.

ഞങ്ങളുടെ ലക്‌ഷ്യം ഞങ്ങളുടെ പരിപാടി റേറ്റിങ്ങില്‍ ഏറ്റവും മുകളില്‍ എത്തിക്കുക എന്നതാണ്. ഒപ്പം ഞങ്ങളുടെ മുതലാളിമാര്‍ക്ക് എതിരായി വരുന്നവരെ തകര്‍ക്കുക എന്നതും ഒരു പ്രധാന ലക്ഷ്യമാണ്. ഇത് രണ്ടും ഒരേ സമയം നടത്തുന്നതിന് ഞങ്ങളെ ഏറ്റവുമധികം സഹായിക്കുന്നത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ശ്രീമാന്‍ പിണറായി വിജയനാണ്. അദ്ദേഹത്തോടുള്ള നിസീമമായ നന്ദി അറിയിക്കുകയാണിവിടെ.

പിണറായി വിജയന്‍ എന്ന് പറഞ്ഞാല്‍ ആരാ? ഭൂലോക കള്ളന്‍! കള്ളതിരുമാടി! കേരളത്തിലെ ജനങ്ങളെ പറ്റിച്ച് ലാവലിന്‍ കമ്പനിയുടെ കയ്യില്‍ നിന്നും പത്തു മുന്നുറ്റമ്പത് കോടി രൂപ അടിച്ചു മാറ്റിയ ഭയങ്കരന്‍! ലാപ്ടോപ് ബാഗില്‍ വെടിയുണ്ട കൊണ്ട് നടക്കുന്ന ഭീകരന്‍! നായനാരുടെ പേര് പറഞ്ഞു ഗള്‍ഫില്‍ പോയി ആയിരം കോടി പിരിക്കുന്ന ധനമോഹി! ഇതൊക്കെയാണ് പിണറായിയെപ്പറ്റി ഞങ്ങള്‍ പൊതുജനത്തെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത്.

ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് പിണറായിയോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല. അയാള് ചെയ്യുന്നതെല്ലാം മോശമാണെന്ന് കൃത്യമായി തെളിവ്‌ു കിട്ടിയിട്ടുമല്ല. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ പോലെ അങ്ങേരെ പറ്റി പറഞ്ഞാല്‍ രണ്ടാണ് കാര്യം. ഒന്ന് - വാര്‍ത്ത എല്ലാവരും ശ്രദ്ദിക്കും. രണ്ടു - ഞങ്ങളുടെ മുതലാളിമാര്‍ക്ക് പെരുത്ത്‌ സന്തോഷമാകും! ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്കെന്താ വേണ്ടത്? അതുകൊണ്ട് തന്നെ അങ്ങേരെന്തു ചെയ്താലും ഞങ്ങള്‍ അത് വിവാദമാക്കും. അതാണ് ഞങ്ങളുടെ സ്റ്റൈല്‍.

ആദ്യം ഞങ്ങള്‍ വി.എസ്. - പിണറായി പോരെന്നു പറഞ്ഞു കുറെ നാള്‍ ജീവിച്ചു. അതിനിടയ്ക്കാണ് പിണറായിയെ വെടിയുണ്ടയുമായി പിടിച്ചത്. അതൊരു ഉണ്ടയില്ലാത്ത വെടി ആണെന്നറിഞ്ഞിട്ടും ഞങ്ങള്‍ അത് ഒരു ആഘോഷമാക്കി മാറ്റി. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പിണറായിയെ ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ ഏതെല്ലാം വകുപ്പ് പ്രകാരം എങ്ങനെയെല്ലാം തൂക്കികൊല്ലാം എന്ന് വിശകലനം ചെയ്ത് കേരള ജനതയെ ഹര്ഷപുളകിതരാക്കി! ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ അപ്പോള്‍ എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന് കാരണം കുറച്ചു കഴിഞ്ഞ് എന്ത് സംഭവിച്ചാലും ഇല്ലെങ്കിലും അതൊന്നും ആരും അന്വേഷിക്കാന്‍ വരില്ല. ഇപ്പൊ അന്ന് ഞങ്ങള്‍ പറഞ്ഞ പോലെ എന്തെങ്കിലും സംഭവിച്ചോ? പിണറായിയുടെ രോമാത്തെല്‍ പോലും ആരും തൊട്ടില്ല, എങ്കിലെന്താ അന്ന് ഞങ്ങള്‍ക്ക് കോളല്ലായിരുന്നോ. ഒരാഴ്ച ഞങ്ങള്‍ ആ ന്യുസ് കൊണ്ടാടിയില്ലേ?

പിന്നെ ഇടയ്ക്കു ഞങ്ങള്‍ അങ്ങേരെ തീവ്രവാദിയാക്കി. അത് പോലെ പുട്ടിനു പീര എന്ന പോലെ ഇടയ്ക്കു ഇടയ്ക്കു ലാവ്‌ലിന്‍ കേസ് എടുത്തു പ്രയോഗിക്കും. പക്ഷെ എന്ത് ന്യുസാണെങ്കിലും അത് പിണറായിക്ക് എതിരാണെങ്കില്‍ മാത്രമേ ഞങ്ങള്‍ വാര്‍ത്താ പ്രാധാന്യം കൊടുക്കൂ. അനുകൂലമായിട്ടുള്ളതിനു ഒഴുക്കന്‍ മട്ടില്‍ ഒന്ന് പറഞ്ഞു പോകും. ഈ അടുത്ത കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി കാശൊന്നും വാങ്ങിയില്ല എന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു പോയി. നട്ട് എന്നും വെള്ളമൊഴിച്ചു വളര്‍ത്തിക്കൊണ്ടുവന്ന ഒരു ചെടി ഒരു സുപ്രഭാതത്തില്‍ ഉണങ്ങി നില്‍ക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും ചങ്കു തകര്‍ന്നു പോകില്ലേ? പിന്നെ അത് വലിയ കാര്യമായി റിപ്പോര്‍ട ചെയ്യാതെ ആണ് ഞങ്ങള്‍ ആ വിഷമം തീര്‍ത്തത്.

ഞങ്ങള്‍ക്ക് പിണറായിയോടുള്ള പ്രത്യേക സ്നേഹം മനസിലാകണമെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ കൊടുക്കുന്ന ഒരു ന്യുസ് കാണണം. എത്രയെത്ര നേതാക്കന്മാര്‍ ഗള്‍ഫില്‍ പോകുന്നു. പൈസ പിരിക്കുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നു. അതിനു വല്ലോം ഞങ്ങള്‍ പ്രാധാന്യം കൊടുക്കാറുണ്ടോ? പക്ഷെ ഇപ്പോള്‍ ഇതാ പിണറായി ഗള്‍ഫില്‍ പോയി; ഞങ്ങള്‍ അതിനു എന്ത് പ്രാധാന്യമാണ് കൊടുക്കുന്നത്? പീ സി ജോര്‍ജ്‌ (അദ്ദേഹം ഒരു മഹാനാണ് കേട്ടോ. ചാനലുകളിലൂടെ മാത്രം ജീവിക്കുന്ന വ്യക്തി!) പറഞ്ഞത് ആയിരം കോടി പിരിച്ചു എന്നാണ്. ഞങ്ങള്‍ അത് രണ്ടായിരം ആയി വര്‍ദ്ധിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്.

രാജ് മോഹന്‍ ഉണ്ണിത്താനെ മഞ്ചേരിയില്‍ പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്കടമായി. കാരണം ഞങ്ങളുടെ ചാനലില്‍ എന്നും വന്നിരുന്നു പിണറായിയെ ചീത്ത പറഞ്ഞിരുന്ന ആളാ. ഇനിയിപ്പോ അങ്ങനെ ആരെ കിട്ടാന്‍? (ഹോ, ഉണ്ണിത്താനു പകരം അത് പിണറായി എങ്ങാനു ആയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കോളായനെ) ഇനി വേറെ ഒരു ന്യുസും കിട്ടിയില്ലെങ്കില്‍ പിണറായി ദിവസവും കുളിക്കുന്നു എന്നത് ഒരു ബ്രേക്കിംഗ് ന്യുസായി ഞങ്ങള്‍ അവതരിപ്പിക്കും. ഇത്രയും ജലക്ഷാമാമുള്ള സമയത്ത് തൊഴിലാളി വര്‍ഗപാര്‍ടിയുടെ നേതാവ്‌ ദിവസവും കുളിച്ചു വെള്ളം പാഴാക്കുന്നത് പാപമല്ലേ? പഴയ കമ്യൂണിസ്റ്റുകാരനായ ചെ ഗുവേര ഒന്നും എല്ലാ ദിവസവും കുളിക്കില്ലായിരുന്നു. അതിനെ പറ്റി കേരളം ചര്‍ച്ച ചെയ്യട്ടെ എന്നും പറഞ്ഞു ഒരു 'ബ്രേക്കിംഗ് ന്യുസ്'

ഇങ്ങനെ പിണറായിയെ പറ്റി എന്തെങ്കിലും ന്യൂസ് കിട്ടിയാല്‍ ഞങ്ങളെ അറിയിക്കൂ, അത് വിവാദമാക്കി ഞങ്ങളുടെ ചാനലും ഒന്ന് രക്ഷപെടട്ടെ...

എന്ന് നിങ്ങളുടെ സ്വന്തം
വാര്‍ത്താവതാരകന്‍

Wednesday, February 3, 2010

യേശുവിനെ അപമാനിക്കുന്നതാര്?

വളരെ അധികം പാരമ്പര്യമുള്ള, നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ ആണ് കേരളത്തിലെ കത്തോലിക്കാ സഭകള്‍. ഇപ്പോഴും സമൂഹ നന്മക്കുതകുന്ന നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങളുടെ മറവില്‍ ചെയ്യുന്ന മറ്റു പല കാര്യങ്ങളെ പറ്റിയും ഒരു പരിശോദന നടത്തുകയാണ്‌ ഇവിടെ.

ബൈബിളില്‍ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്, അതിങ്ങനെയാണ് - യേശു ക്രിസ്തു പ്രാര്‍ത്ഥിക്കാനായി ആരാധനാലയത്തില്‍ ചെന്നപ്പോള്‍ അവിടെ കണ്ടത് നിരവധി കച്ചവടങ്ങള്‍ നടത്താന്‍ വേണ്ടി ദേവാലയം ഉപയോഗിക്കുന്നതാണ്. അതൊരു കച്ചവട ശാല പോലെ ആക്കി മാറ്റിയിരുന്നു. പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപയോഗിച്ച് സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറായി ദേവാലയ അധികാരികളും. അതിനു പകരമായി ദേവാലയ അധികാരികള്‍ അവരില്‍ നിന്ന് പണം പിരിച്ചിരുന്നു. ഈ അവസ്ഥ കണ്ടു ഹൃദയം വേദനിച്ച യേശു ക്രിസ്തു പ്രതികരിച്ചത് ചാട്ടവാര്‍ കൊണ്ടായിരുന്നു. ദേവാലയത്തെ കച്ചവടത്തിന് ഉപയോഗിച്ചവരെ അദ്ദേഹം ചാട്ടവാര്‍ ഉപയോഗിച്ച് പുറത്താക്കി.

ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കു വലിയ പ്രസക്തി ഉണ്ട്. കേരളത്തില്‍ ഏറ്റവും ലാഭം ഉണ്ടാക്കുന്ന ബിസിനസ്‌ ഏതാണെന്ന് ചോദിച്ചാല്‍ നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്‌, അങ്ങനെ നിരവധി... എന്നാല്‍ അതിനോടോപ്പമോ അതിനെക്കളുമോ ലാഭം ഉണ്ടാക്കുന്ന രണ്ടു ബിസിനസ്‌ മേഖലകള്‍ ആണ് വിദ്യാഭ്യാസ - ആതുര സേവന മേഖലകള്‍.

ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ള വിഭാഗം ആണ് കേരളത്തിലെ കത്തോലിക്കാ സഭ. ഇനി അതിന്റെ ധാര്‍മികത ഒന്ന് പരിശോദിക്കാം. ഒരു യഥാര്‍ത്ഥ ബിസിനസ്‌ സ്ഥാപനം സമീപിക്കുന്ന രീതിയില്‍ ആണ് അവര്‍ ജനങ്ങളെ സമീപിക്കുനത്. കച്ചവടത്തിന്റെ വിജയത്തിന് വേണ്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കൈകൊള്ളാനും അതിനു പ്രതിബന്ധമാകുന്നതിനു എതിരെ നീങ്ങാനും അവര്‍ക്ക് ഒരു മടിയും ഇല്ല. ആത്മീയതയില്‍ അധിഷ്ടിധമായി സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത നടപടികള്‍ ആണ് ഇപ്പോഴത്തെ കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്‌

ഇതാണോ യേശു ക്രിസ്തു പറഞ്ഞ, ഉദ്ബോധനം ചെയ്ത ക്രൈസ്തവ ജീവിതം? മുകളില്‍ വിവരിച്ച ഉദാഹരണവുമായി ഇപ്പോഴത്തെ കത്തോലിക്കാ സഭയെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അന്ന് യേശു ക്രിസ്തു മതത്തിനെ ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ചാട്ടവാര്‍ എടുത്തു. ഇന്ന് ആ യേശു ക്രിസ്തുവിന്റെ പേരിലുള്ള മതം കച്ചവടം ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു!

അതും ഇന്ന് നിലവില്‍ ഏറ്റവും കൂടുതല്‍ ഫീസ്‌ വാങ്ങുന്ന കോളേജുകളുടെ ഗണത്തില്‍ ആണ് കത്തോലിക്കാ സഭയുടെ കീഴില്‍ ഉള്ള കോളേജുകള്‍ വരുന്നത്. ആശുപത്രികളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ ജനങ്ങളുടെ പണം കൊള്ള അടിക്കുന്നതിനു എതിരായി ആരെങ്കിലും എന്തെങ്കിലും നടപടി എടുത്താല്‍ അവര്‍ക്കെതിരെ സമുദായത്തെ മുഴുവന്‍ അണിനിരത്താനും ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. ചുരുക്കം പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ വിശ്വാസ സംഹിത ഉയര്‍ത്തി പിടിക്കേണ്ടവര്‍ അദ്ദേഹത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിര്‍ക്കുന്നത്.

ഈ കൊള്ളക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ വിഷം തുപ്പിക്കൊണ്ട് പുരോഹിതന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒരു രസാവഹമായ കാഴ്ച ആണ്. ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്റെ അനുയായികളുടെ ഒരു തമാശ മാത്രമല്ലെ ഇത്! കൂടാതെ രാഷ്ട്രീയക്കാരെ പോലെ കവല പ്രസംഗങ്ങളും ജാഥകളും എല്ലാം നടത്താനും തയ്യാറാകുന്നു, ഈ കൊള്ളയുടെ സംരക്ഷണത്തിന് വേണ്ടി.

യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍തലമുറ എന്നവകാശപെടുന്ന ഈ കള്ളകൂട്ടങ്ങള്‍ ആരെയാണ് ഇപ്പോള്‍ കൂടെ കൂട്ടുന്നത്‌? സമൂഹത്തിലെ താഴെകിടയിലുള്ളവരെ ആണോ? ഏറ്റവും ഉയര്‍ന്ന വിഭാഗത്തിന് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി അല്ലെ ഇവര്‍ നിലകൊള്ളുന്നത്? യഥാര്‍ത്ഥ വിശ്വാസി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇത് ഒരു റീ പോസ്റ്റ്‌ ആണ്.

Wednesday, January 27, 2010

മനോരമ: മലയാളിക്കപമാനം!

ഒരു പത്രം തങ്ങളുടെ ബിസിനെസ്സ് വളര്‍ത്തുന്നതിനു വേണ്ടി വളരെ ബോധപൂര്‍വം ഒരു സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ പറയാനുള്ള കാരണം കഴിഞ്ഞ കുറെ നാളുകളായി മലയാള മനോരമ എന്ന പത്ര മുത്തശ്ശിയുടെ വിഷം വമിക്കുന്ന വാര്‍ത്തകള്‍ വായിച്ചതാണ്. കേരളത്തില്‍ ലവ് ജിഹാദ് എന്ന വിഷയം ഉയര്‍ത്തി കൊണ്ടുവരികയും അതുപോലെ തന്നെ മറ്റു നിരവധി അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചു വിട്ടു മുസ്ലിമുകള്‍ എല്ലാം തീവ്രവാദികള്‍ എന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പത്ര മുത്തശ്ശി.

മുന്‍പെങ്ങുമില്ലാത്ത വിധം മുസ്ലിമുകളെ ആക്രമിക്കാന്‍ മനോരമക്ക് പ്രചോദനം നല്‍കിയ കാര്യം എന്താണ് എന്ന് പരിശോദിക്കുമ്പോള്‍ ആണ് നമ്മള്‍ വിഷയങ്ങള്‍ ഉയര്‍ന്നു വന്ന കാലത്തെ സംഭവ വികാസങ്ങളും പത്ര മുത്തശ്ശിയുടെ ബിസിനെസ്സ് താത്പര്യങ്ങളും കൂടി വിശകലനം ചെയ്യേണ്ടി വരിക. നമ്മള്‍ക്കെല്ലാം ഓര്‍മ ഉണ്ടാകും, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തില്‍ ഉണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍. അതും മനോരമയുടെ ഇപ്പോഴത്തെ മുസ്ലിം വിരോധവും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ്.

സി പി എമ്മിന്റെ മലപ്പുറം സമ്മേളനം മുതല്‍ ഇടതുപക്ഷവും മുസ്ലിം വിഭാഗവും തമ്മില്‍ മുന്‍പെങ്ങുമില്ലാത്ത വിധം അടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ക്ക് കാണാന്‍ സാധിച്ചത്. അതിന്റെ പ്രതിഫലനമെന്നോണം തുടര്‍ന്ന് നടന്ന ലോകസഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും പ്രത്യേകിച്ച് മുസ്ലിം ലീഗിനും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.

ആരും പറയാതെ തന്നെ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ് മലയാള മനോരമ ഇപ്പോഴും ഇടതു പക്ഷത്തിന്റെ എതിര്‍പക്ഷത്തു ആയിരിക്കും എന്നത്. അതിലുപരി, അവര്‍ക്കു നന്നായി അറിയാവുന്ന കാര്യമാണ് കേരളത്തില്‍ ഏറ്റവും മൂല്യം ഉള്ള വാര്‍ത്തകള്‍ ഇടതു പക്ഷത്തിനെതിരെ എഴുതുന്നതാണെന്ന്. തങ്ങളുടെ വാണിജ്യ താത്പര്യങ്ങള്‍ ആണ് മലയാള മനോരമ എന്നും പരിരക്ഷിച്ചു പോന്നിരുന്നത്. ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എത്ര ഹീനമായ മാര്‍ഗം സ്വീകരിക്കാനും മടി ഇല്ലാത്തവര്‍ ആണ് പത്ര മുത്തശ്ശിയുടെ മാനേജ്‌മന്റ്‌. എസ് ആര്‍ ചാരക്കേസ് വന്നപ്പോള്‍ മനോരമയില്‍ വന്ന ലേഖന പരമ്പര വായിച്ചാല്‍ തോന്നിയിരുന്നത് എസ് ആര്‍ ശാസ്ത്രഞ്ജന്‍മാരുടെയും മാലിക്കാരികളുടെയും കൂടെ അതേ റൂമില്‍ മനോരമ ലേഖകനും ഉണ്ടായിരുന്നു എന്നാണ്! അന്ന് അത്രയും തെളിവുകളും സംഭവങ്ങളും നിരത്തിയാണ് മനോരമ ശാസ്ത്രഞ്ജരെ അവഹേളിച്ചത്. കേസ് കണ്ടുപിടിച്ച സ്മാര്‍ട്ട്‌ വിജയന്‍ എന്ന എസ് ഐയെ ധീരോധാത്ത നായകനായി പുകഴ്ത്തി കൊണ്ടാണ് പരമ്പര വന്നത്. അതിനു ശേഷം എസ് ആര്‍ ചാരക്കേസ് ചാരമാവുകയും വില്ലന്മാര്‍ നായകന്മാരാവുകയും ചെയ്തു. അപ്പോള്‍ മുന്‍പ് എഴുതിയതെല്ലാം തിരിച്ചെഴുതാന്‍ അവര്‍ക്കു ഒരു വിഷമവുമുണ്ടായില്ല. പണ്ടത്തെ നായകന്‍ സ്മാര്‍ട്ട്‌ വിജയനെ കൊടും വില്ലനാക്കിയും മാറ്റി. നിലപാട് മാറ്റത്തിനു അങ്ങനെ ഒത്തിരി ഉദാഹരണങ്ങള്‍ മനോരമയുടെ ചരിത്രം ചികഞ്ഞാല്‍ കിട്ടും.

നമുക്ക് സമകാലീന സംഭവ വികാസങ്ങളിലേക്ക് മടങ്ങി വരാം. ആദ്യം സൂചിപ്പിച്ചത് പോലെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞാണ് ലവ് ജിഹാദുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ഒരു വലിയ സംഭവം എന്ന രീതിയില്‍ കേരള സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അതു ഇത്രയും വലിയ ഒരു ചര്‍ച്ചാ വിഷയമാക്കുന്നതില്‍ മനോരമ വഹിച്ച പങ്കു വളരെ വലുതാണ്. ഒപ്പം ലവ് ജിഹാദ് ഇല്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തമസ്കരിക്കാനും അവര്‍ വളരെയധികം ശ്രമിച്ചിരുന്നു. മലയാള മനോരമ ദിനപത്രം വായിക്കുന്ന ഒരാള്‍ക്ക് വരുന്ന ഫീലിംഗ് ഇവിടുത്തെ മുസ്ലിം ആണുങ്ങളെല്ലാം കൂടെ പ്രേമിച്ചു പ്രേമിച്ചു ഇതൊരു മുസ്ലിം രാജ്യമാക്കാന്‍ പോകുന്നു എന്നതാണ്. മനോരമയുടെ വിഷയത്തില്‍ ഉള്ള അമിത താത്പര്യം ചര്‍ച്ച ചെയ്യപ്പെട്ടു എന്നുള്ളത് ശരിയാണ്. എന്നാല്‍ അവര്‍ എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്തത് എന്നു അധികമാരും പരിശോധിച്ചിരുന്നില്ല.

കഴിഞ്ഞ കാലങ്ങളിലെല്ലാം കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം മനോരമ ആയിരുന്നു. രണ്ടാം സ്ഥാനത്ത് മാതൃഭുമിയും. മനോരമ ആദ്യം പറഞ്ഞത് പോലെ ഒരു പൂര്‍ണ വലതു പക്ഷ പത്രം ആയിരുന്നു. മാതൃഭൂമി ഇടതുപക്ഷ ആശയഗതികളോട് ചായ്‌വുള്ള നിഷ്പക്ഷ പത്രവും. കോണ്ഗ്രസ്കാരും ക്രിസ്ത്യാനികളുമാണ് മനോരമയുടെ വരിക്കാരില്‍ ഭൂരിഭാഗവും. മാതൃഭൂമിക്ക് കൂടുതല്‍ പ്രചാരം ഹിന്ദുക്കളുടെ ഇടയില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷനോടെ വീരേന്ദ്രകുമാറിനൊപ്പം മാതൃഭൂമിയും വലതുപക്ഷത്തേക്ക് ചാഞ്ഞു. ഇടതുപക്ഷം ദുര്‍ബലപ്പെടുന്നത് മനോരമക്ക് ഇഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ പക്ഷത്തെക്കുള്ള മാതൃഭൂമിയുടെ വരവ് അവര്‍ക്കു അത്ര ദഹിച്ചില്ല. തങ്ങളുടെ കോണ്‍ഗ്രസ് അനുഭാവമുള്ള വായനക്കാര്‍ നഷ്ടപ്പെട്ടെക്കുമോ എന്നവര്‍ ഭയന്നു. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് അവര്‍ക്കും അറിയാമല്ലോ. അതുകൊണ്ട് തന്നെ അവര്‍ മാതൃഭൂമിയുടെ വായനക്കാരെ ലക്‌ഷ്യം വെച്ചു. ഭൂരിഭാഗം ഹിന്ദുക്കള്‍ വായിക്കുന്ന മാതൃഭൂമിയുടെ വായനക്കാരെ പിടിക്കാന്‍ ഏറ്റവും നല്ല മരുന്ന് എല്ലാവരുടെയും മനസ്സില്‍ ഉറങ്ങി കിടക്കുന്ന വര്‍ഗീയതയാണെന്നു മലയാളിയുടെ മൃദുല വികാരങ്ങള്‍ ഏറ്റവും നന്നായി ചൂഷണം ചെയ്തിട്ടുള്ള മനോരമയ്ക്കു ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. കോണ്‍ഗ്രസ് പണ്ട് ചെയ്തതു പോലെ അവരും മൃദു ഹിന്ദുത്വം പയറ്റാന്‍ തുടങ്ങി.

അതിനു വേണ്ടി അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു. ചുരുക്കി പറഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മലയാളിയുടെ മതേതര മനസിലേക്ക് മനോരമ വളരെ ബോധപൂര്‍വ്വം വര്‍ഗീയതയുടെ വിഷവിത്തു കുത്തി വെക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായി നിരവധി വാര്‍ത്തകള്‍ മനോരമ കൊടുത്തുകൊണ്ടിരിക്കുകയാണ്. കേവലം വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി ഒരു സമൂഹത്തെ തന്നെ മാനസികമായി വിഭജിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനോരമയ്ക്കു മാപ്പ് കൊടുക്കാന്‍ കേരള സമൂഹം തയ്യാറാകരുത്.