Sunday, February 6, 2011

മാപ്പ് ചോദിക്കുന്നു സഹോദരീ..

തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്.

വാര്‍ത്തയിലേക്കുള്ള ലിങ്ക്: http://www.mathrubhumi.com/story.php?id=157170

തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.

കൊച്ചി - ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ചയാണ് ചെറുതുരുത്തിയില്‍വച്ച് യുവതി ആക്രമണത്തിന് ഇരയായത്. ഷൊര്‍ണൂരില്‍ അവസാന സ്‌റ്റോപ്പ് ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന യാചകനെന്നു തോന്നിക്കുന്ന ആള്‍ ഈ സമയത്ത് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ചിലര്‍ നിലവിളി കേട്ടതായി അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിട്ട്, ഒപ്പം ഇയാളും ചാടിയിറങ്ങി. രണ്ടുട്രാക്കിനപ്പുറത്തേക്കു യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. രണ്ടുപേര്‍ പുറത്തേക്ക് വീണതായി ഗാര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ അധികൃതരും നാട്ടുകാരും ചെറുതുരുത്തി പോലീസും തിരഞ്ഞെങ്കിലും ഉടനെ ആരെയും കണ്ടെത്താനായില്ല. പത്തരയോടെയാണ് കുറച്ച്ദൂരെ വിവസ്ത്രയും അവശയുമായ യുവതിയെ കണ്ടെത്തിയത്.

അതുവഴി വന്ന മന്ത്രി കെ.പി. രാജേന്ദ്രന്റെ അകമ്പടിവാഹനത്തിലാണ് യുവതിയെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചത്. ഒറ്റക്കൈയ്യുള്ള ഒരാളാണ് ഉപദ്രവിച്ചതെന്ന് തന്നെ കൊണ്ടുപോയവരോട് യുവതി പറഞ്ഞിരുന്നു. പിന്നീട് യുവതി അബോധാവസ്ഥയിലായി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് യുവതിക്കു ജോലി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. യുവതിയെ അക്രമിച്ച സേലം കടലൂരില്‍ ഇവത്വക്കുടി ഗോവിന്ദസ്വാമി (30) യെ ബുധനാഴ്ച രാത്രി പാലക്കാട് റെയില്‍വേസ്‌റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി


ആ വാര്‍ത്ത വായിച്ചു കഴിഞ്ഞു എന്തെഴുതണം എന്നറിയില്ല. ഒരാളുടെ നിലവിളി കേട്ടിട്ടും തിരിഞ്ഞു നോക്കാതിരുന്നവരുടെ പേരില്‍ , നിന്നെ പീഡിപ്പിച്ച നരധാമന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു.