Sunday, September 22, 2013

മുസ്ലിം വിവാഹപ്രായം; 7 ചോദ്യങ്ങള്‍.

ചൂട് പിടിച്ച ചര്‍ച്ചകള്‍ സൈബര്‍ ലോകത്തും മാദ്ധ്യമങ്ങളിലും നടന്നു കൊണ്ടിരിക്കുന്നു. വിഷയം പ്രസക്തമാണ്. മുസ്ലിം  പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കണം എന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ കോടതിയില്‍ പോയതാണ് കാര്യം. നിയമം അനുസരിച്ച് പതിനെട്ടാണ് പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം, എന്നാല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കുമാത്രം അത് പതിനാറാക്കണം എന്നതാണ് ഈ സംഘടനകളുടെ ആവശ്യം. ഇത് പൊതു സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന നിരവധി ചോദ്യങ്ങളുണ്ട്.

1. മുസ്ലിം പെണ്‍കുട്ടികള്‍ക്കു മാത്രമായി അങ്ങനെയൊരു നിയമനിര്‍മാണം സാധ്യമാണോ?

2. ശരിഅത്ത് അനുസരിച്ചുള്ള കുറഞ്ഞ വിവാഹപ്രായം എത്രയാണ്, അതാണോ ഇന്ത്യന്‍ മുസ്ലിമുകള്‍ പിന്തുടരേണ്ടത് അതോ ഇന്ത്യന്‍ ഭരണഘടനയോ?

3. നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും അനുയോജ്യമായ കുറഞ്ഞ വിവാഹ പ്രായം പതിനാറാണോ?

4. ശാരീരികമായും മാനസികമായും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു പെണ്‍കുട്ടിക്ക് ആ പ്രായത്തില്‍ വിവാഹത്തിനുള്ള പക്വതയെത്തുമോ?

5. ഒരു പെണ്‍കുട്ടിയെ പതിനാറുവയസില്‍ തന്നെ കല്യാണം കഴിച്ചു വിട്ടാല്‍ എന്ത് ഗുണമാണ് സമൂഹത്തിനും പ്രത്യതാ ആ പെണ്‍കുട്ടിക്കും ഉണ്ടാവുക?

6. റോമന്‍ കത്തോലിക്കരുടെ നിയമം അനുസരിച്ച് കുറഞ്ഞ വിവാഹപ്രായം പെണ്‍കുട്ടികള്‍ക്ക് പതിനാലാണ്, അപ്പോള്‍ അതും അംഗീകരിച്ചു കൊടുക്കേണ്ടേ?

7. എന്തിനാണ് പതിനാറാക്കണം എന്ന് വാദിക്കുന്നത്, അതിലും കുറഞ്ഞാല്‍ എന്താണ് കുഴപ്പം; അതായത് പെണ്‍കുട്ടിക്ക് ആര്‍ത്തവം തുടങ്ങുന്ന പ്രായത്തില്‍തന്നെ വിവാഹം കഴിപ്പിച്ചു കൊടുക്കണം എന്ന് വാദിക്കാത്തതെന്താണ്?


Wednesday, March 23, 2011

രാഹുല്‍ഗാന്ധിയാല്‍ അപമാനിതരായ ഉമ്മന്‍ ചാണ്ടിയും സംസ്ഥാന കോണ്‍ഗ്രസും


എഐസിസി ജനറല്‍ സെക്രട്ടറി ശ്രീമാന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ്‌ ശ്രീ. രാജീവ്‌ ഗാന്ധി ചോക്ലേറ്റ് തിന്നും വിമാനം പറത്തിയും നടന്ന സമയത്ത് പോലും കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ആളാണ്‌ ഉമ്മന്‍ചാണ്ടി. 1960കളില്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി പടിപടിയായി സംസ്ഥാന കോണ്‍ഗ്രസിന്‍റെ തലപ്പത്തെത്തി നില്‍ക്കുകയാണ് അദ്ദേഹം.

ഇനി മംഗളത്തില്‍ ഇന്ന് (23/03/2011) വന്ന റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കൂ.


രാഹുല്‍ ഉടക്കി; പട്ടിക ഇറങ്ങിയത്‌ ബെന്നിയെ കയറ്റിമാത്രം
ന്യൂഡല്‍ഹി: ഇടതുമുന്നണിയും ബി.ജെ.പിയുമടക്കം പ്രചാരണമാരംഭിച്ചിട്ടും കേരളത്തിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക ഇത്രയും വൈകിയത്‌ 'രാഹുല്‍ ബ്രിഗേഡി'ലെ കെ.ടി. ബെന്നിയുടെ സ്‌ഥാനാര്‍ഥിത്വത്തെച്ചൊല്ലി. കേട്ടുകേഴ്‌വിയില്ലാത്ത ബെന്നിയെ സ്‌ഥാനാര്‍ഥിയാക്കാനാവില്ലെന്നു കേരളാനേതൃത്വം വാശി പിടിച്ചെങ്കിലും ബെന്നിയില്ലാതെ പട്ടികയുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉഗ്രശാസനം.

ഇന്നലെ രാവിലെ 9.30-നു രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാഹുലുമായി കൂടിക്കാഴ്‌ചയ്‌ക്കു സമയം ചോദിച്ചിരുന്നു. എന്നാല്‍, കേരളാനേതൃത്വം തനിക്കു സ്‌ഥാനാര്‍ഥിത്വം നിഷേധിക്കുകയാണെന്ന ബെന്നിയുടെ പരാതിയേത്തുടര്‍ന്ന്‌ രാഹുല്‍ ഇരുവരെയും കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു നടന്ന ഫോണ്‍ സംഭാഷണങ്ങളില്‍ രമേശും ഉമ്മന്‍ചാണ്ടിയും ബെന്നിയെ ചാലക്കുടി സീറ്റില്‍ നിര്‍ത്താന്‍ സമ്മതിച്ചതോടെയാണു രാഹുല്‍ അയഞ്ഞതും ഹൈക്കമാന്‍ഡ്‌ അന്തിമപട്ടിക അംഗീകരിച്ചതും. യൂത്ത്‌ കോണ്‍ഗ്രസിന്റെ തമിഴ്‌നാട്ടിലെ സംഘടനാ തെരഞ്ഞെടുപ്പു ചുമതലക്കാരന്‍ എന്ന നിലയിലാണു കെ.ടി. ബെന്നി രാഹുലിന്റെ പ്രീതിക്കു പാത്രമായത്‌.


രാഹുല്‍ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിട്ട് അത് പോലും അനുവദിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കോണ്‍ഗ്രസുകാര്‍ ഇപ്പോഴും പറയുന്നത് ജനാധിപത്യ പാര്‍ട്ടിയാണ് തങ്ങളുടേത് എന്നാണ്. എന്നാല്‍ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ പോയിട്ട് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു നേതാവിനെ കാണാന്‍ സമയം അനുവദിക്കാന്‍ പോലും തയ്യാറായില്ല കോണ്ഗ്രസിന്റെ രാജകുമാരന്‍. അതും കേരളത്തിലെ ആര്‍ക്കും അറിയാന്‍ പാടില്ലാത്ത ഒരു മലയാളി യൂത്ത്‌ കൊണ്ഗ്രസുകാരന്റെ വാക്ക് കേട്ടിട്ട്!

രാഹുല്‍ വളരെ വ്യക്തമായി ഒരു സന്ദേശം എല്ലാ കോണ്ഗ്രസുകാര്‍ക്കും നല്‍കുകയാണ്. കൊണ്ഗ്രസില്‍ അവസാന തീരുമാനം അദ്ദേഹത്തിന്റേതാണ്. അത് ആരോടും ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ല. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കൊണ്ഗ്രസില്‍ ആര്‍ക്കും അവകാശമില്ല, അതിനി എത്ര മുതിര്‍ന്ന നേതാവായാലും, എത്ര പ്രവര്‍ത്തന പാരമ്പര്യം ഉണ്ടായാലും.

ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു വാര്‍ത്ത ഉമ്മന്‍ചാണ്ടി കിണഞ്ഞു പരിശ്രമിച്ചിട്ടും ടി സിദ്ദീഖ് എന്നാ മുന്‍ യൂത്ത്‌ കോണ്‍ഗ്രസ് പ്രസിഡന്ടിനു ഒരു സീറ്റ്‌ തരപ്പെടുത്തികൊടുക്കാന്‍ സാധിച്ചില്ല എന്നതാണ്. അതിനും കാരണമായത്‌ രാഹുലിന്റെ അപ്രീതി തന്നെ.

മുന്‍പ്‌ രാഹുല്‍ , എം ലിജുവിനെ 'റിയാലിറ്റി ഷോ' നടത്തി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ് ആക്കിയപ്പോള്‍ കുറെ യൂത്ത്കാര്‍ സിദ്ദിഖിനെ മാറ്റിയതിനെതിരെ പ്രകടനം നടത്തിയിരുന്നു. സാധാരണ അതൊന്നും കോണ്‍ഗ്രസില്‍ ഒരു വലിയ വിഷയമാകേണ്ടതല്ല. എന്നാല്‍ തന്റെ തീരുമാനങ്ങള്‍ ഏകാധിപതിയെപ്പോലെ അടിച്ചേല്‍പ്പിക്കുന്ന യുവരാജാവിന് അത് തീരെ പിടിച്ചില്ല. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും സിദ്ദിഖിന് സീറ്റ്‌ നല്‍കാനും അദ്ദേഹം തയ്യാറായില്ല.

തീര്‍ച്ചയായും രാഹുല്‍ഗാന്ധി തന്റെ തീരുമാനങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെപ്പോലെ ഇത്രയും പാരമ്പര്യമുള്ള, സമുന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിനെ ഇങ്ങനെയാണ് രാഹുല്‍ 'ട്രീറ്റ്‌' ചെയ്യുന്നതെങ്കില്‍ മറ്റുള്ളവരോട് അദ്ദേഹത്തിന്റെ നിലവാരം എന്തായിരിക്കും?

കോണ്‍ഗ്രസിന്‍റെ ജനാധിപത്യ സ്വഭാവത്തില്‍ അഭിമാനിച്ചിരുന്ന, എന്നാല്‍ ഇപ്പോള്‍ സ്വന്തം അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദി പോലും ലഭിക്കാതിരുന്ന കോണ്‍ഗ്രസിന്‍റെ നേതാക്കളോട് സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍...


Sunday, February 6, 2011

മാപ്പ് ചോദിക്കുന്നു സഹോദരീ..

തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്.

വാര്‍ത്തയിലേക്കുള്ള ലിങ്ക്: http://www.mathrubhumi.com/story.php?id=157170

തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.

കൊച്ചി - ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സഞ്ചരിക്കവെ ചൊവ്വാഴ്ചയാണ് ചെറുതുരുത്തിയില്‍വച്ച് യുവതി ആക്രമണത്തിന് ഇരയായത്. ഷൊര്‍ണൂരില്‍ അവസാന സ്‌റ്റോപ്പ് ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന യാചകനെന്നു തോന്നിക്കുന്ന ആള്‍ ഈ സമയത്ത് വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ചിലര്‍ നിലവിളി കേട്ടതായി അറിയിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.

പതുക്കെ പോവുകയായിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിട്ട്, ഒപ്പം ഇയാളും ചാടിയിറങ്ങി. രണ്ടുട്രാക്കിനപ്പുറത്തേക്കു യുവതിയെ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തി. രണ്ടുപേര്‍ പുറത്തേക്ക് വീണതായി ഗാര്‍ഡ് അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ അധികൃതരും നാട്ടുകാരും ചെറുതുരുത്തി പോലീസും തിരഞ്ഞെങ്കിലും ഉടനെ ആരെയും കണ്ടെത്താനായില്ല. പത്തരയോടെയാണ് കുറച്ച്ദൂരെ വിവസ്ത്രയും അവശയുമായ യുവതിയെ കണ്ടെത്തിയത്.

അതുവഴി വന്ന മന്ത്രി കെ.പി. രാജേന്ദ്രന്റെ അകമ്പടിവാഹനത്തിലാണ് യുവതിയെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചത്. ഒറ്റക്കൈയ്യുള്ള ഒരാളാണ് ഉപദ്രവിച്ചതെന്ന് തന്നെ കൊണ്ടുപോയവരോട് യുവതി പറഞ്ഞിരുന്നു. പിന്നീട് യുവതി അബോധാവസ്ഥയിലായി. കൊച്ചിയിലെ സ്വകാര്യ കമ്പനിയിലാണ് യുവതിക്കു ജോലി. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് ട്രെയിനില്‍ തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. യുവതിയെ അക്രമിച്ച സേലം കടലൂരില്‍ ഇവത്വക്കുടി ഗോവിന്ദസ്വാമി (30) യെ ബുധനാഴ്ച രാത്രി പാലക്കാട് റെയില്‍വേസ്‌റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി


ആ വാര്‍ത്ത വായിച്ചു കഴിഞ്ഞു എന്തെഴുതണം എന്നറിയില്ല. ഒരാളുടെ നിലവിളി കേട്ടിട്ടും തിരിഞ്ഞു നോക്കാതിരുന്നവരുടെ പേരില്‍ , നിന്നെ പീഡിപ്പിച്ച നരധാമന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു.


Tuesday, January 25, 2011

തട്ടുകടകള്‍ക്കെതിരെ കെ സുധാകരന്‍

കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ (കണ്ണൂര്‍ എഡിഷന്‍) വായിച്ച വാര്‍ത്തയാണ് താഴെ കൊടുത്തിരിക്കുന്നത്‌.

കണ്ണൂര്‍:പെരുകിവരുന്ന തട്ടുകടകള്‍ സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കെ.സുധാകരന്‍ എം.പി. പറഞ്ഞു.

കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തട്ടുകടയിലെ ഭക്ഷണം വൃത്തിഹീനമാണ്. എങ്കിലും ഒരുപാട് ജനങ്ങള്‍ ഇവിടെനിന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭ മുന്നോട്ടുവരണം. ഭക്ഷണസാധനങ്ങള്‍ക്ക് വില കൂടാതെ മിതമായ നിരക്കില്‍ ലാഭമുണ്ടാക്കാന്‍ ഹോട്ടലുകള്‍ ശ്രമിക്കണം -അദ്ദേഹം പറഞ്ഞു.

വാര്‍ത്തയുടെ ലിങ്ക് : http://www.mathrubhumi.com/kannur/news/747810-local_news-kannur.html

ഒരു പ്രവാസി എന്ന നിലയില്‍ ഗൃഹാതുരതയോടെയാണ് നമ്മുടെ നാട്ടിലെ തട്ടുകടകളെയും അവിടുത്തെ ഭക്ഷണത്തെയും കാണുന്നത്. വിവിധ തട്ടുകടകളില്‍ നിന്ന് കഴിച്ച പല വിഭവങ്ങളുടെയും സ്വാദ്‌ ഇപ്പോഴും നാവിന്‍തുമ്പിലുണ്ട്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ വന്നപ്പോള്‍ ഹയര്‍ സെക്കണ്ടറി അധ്യാപകനായ കസിന്‍റെ റൂമില്‍ പോയിരുന്നു. മറ്റു കുറച്ചു അധ്യാപകരോടൊപ്പമാണ് ബാച്ചിലര്‍ ആയ കക്ഷിയുടെയും താമസം. ഏതു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കണം എന്ന ചോദ്യത്തിന് 'തട്ടുകടയില്‍ നിന്ന് കഴിക്കാം' എന്ന എന്റെ മറുപടി സന്തോഷത്തോടെയാണ് അവരെല്ലാം സ്വീകരിച്ചത്. നാട്ടിലെ നിലവാരമുള്ള ഒരു കൂട്ടം ആളുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു, അന്ന് തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കാന്‍.

സുധാകരന്‍ പറഞ്ഞതുപോലെ തട്ടുകടയിലെ ഭക്ഷണം വൃത്തിഹീനമാണെങ്കില്‍ അങ്ങനെ സന്തോഷത്തോടെ അവിടെ പോയി ഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ക്കാകുമായിരുന്നില്ല. തട്ടുകടകളില്‍ നിന്ന് വളരെയധികം ഭക്ഷണം കഴിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്ക് പറയാന്‍ പറ്റുന്ന ഒരു കാര്യം, ചില തട്ടുകടകളുടെ ചുറ്റുപാടുകള്‍ വൃത്തിഹീനമാണ്. എന്നാല്‍ ഭക്ഷണം പൊതുവേ നല്ല വൃത്തിയുള്ളതുമാണ് (ചുരുക്കം അപവാദങ്ങള്‍ കണ്ടേക്കാം). അതുപോലെ തന്നെ വിലയുടെ കാര്യത്തിലും സാധാരണക്കാരന്റെ നടുവൊടിക്കാത്ത സമീപനമാണ് തട്ടുകടകളില്‍ ഉണ്ടാകാറ്.

ഇനി ശ്രീ സുധാകരന്‍ പുകഴ്ത്തുന്ന റസ്റ്റൊറന്റുകളില്‍ പലതിലും വൃത്തി എന്താണെന്നു അറിയുക പോലുമില്ലാത്ത അവസ്ഥയാണ്. അത്തരം റസ്റ്റൊറന്റുകളുടെ അടുക്കളയിലെങ്ങാന്‍ കയറിപ്പോയാല്‍ പിന്നെ കഴിച്ച ഭക്ഷണം കൂടി ശര്‍ദ്ദിച്ചു പോകും. തട്ടുകടകളെ അപേക്ഷിച്ചു ചില റസ്റ്റൊറന്റുകളാണ് വൃത്തിയുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നത് എന്ന് സംശയമില്ലാതെ പറയാന്‍ പറ്റും. എന്തൊക്കെ ആയാലും നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ഇത്തരം തട്ടുകടകള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇല്ലാതാക്കേണ്ട യാതൊരു ആവശ്യവും ഇല്ല. അതുകൊണ്ട് കണ്ണൂര്‍ എം. പി. ശ്രീ കെ സുധാകരന്റെ മേല്‍ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Monday, January 24, 2011

ഇപ്പോള്‍ മനോരമ എന്ത് പറയും?

കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ച് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വിജയികളുടെ കപ്പ് ചാനല്‍ക്കാരുടെ ബഹളത്തിനിടയില്‍ ഒടിഞ്ഞിരുന്നു. അത് ഒരു വലിയ വാര്‍ത്തയായിരുന്നു. മലയാള മനോരമ പോലുള്ള പത്രങ്ങള്‍ മുഖപ്രസംഗം വരെ എഴുതുകയുണ്ടായി. ഇന്നലത്തെ മലയാള മനോരമയില്‍ വന്ന വാര്‍ത്തയുടെ ഒരു ലിങ്കും സ്ക്രീന്‍ഷോട്ടും താഴെകൊടുക്കുന്നു
ഇങ്ങനെയൊക്കെ വാര്‍ത്ത‍ കൊടുത്തു കഴിഞ്ഞു മനോരമക്കാര്‍ ചെയ്തതെന്താണെന്ന് താഴെയുള്ള സ്ക്രീന്ഷോട്ടും ലിങ്കും ചെക്കു ചെയ്യുക.
വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ്‌ അപ്പോള്‍ നമ്മള്‍ ഇന്നലെ കണ്ടത്!


Thursday, January 13, 2011

ഉണ്ണിത്താനും മോചന യാത്രയില്‍ ....

വാര്‍ത്ത: രാജ്മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ചാണ്ടി നയിക്കുന്ന 'കേരള മോചന യാത്രയില്‍ ' പങ്കെടുക്കുന്നു.

*മഞ്ചേരി വഴി ബാംഗ്ലൂര്‍ക്കാണോ "കേരള മോചന യാത്ര"

**സന്തോഷ്‌ മാധവന്‍ ജെയിലില്‍ ആയതുകൊണ്ടായിരിക്കും പങ്കെടുക്കാന്‍ പറ്റാതിരുന്നത്

***കോഴിക്കോട്ടെത്തുമ്പോള്‍ എല്ലാവര്ക്കും കുഞ്ഞാലിക്കുട്ടി വക ഐസ്ക്രീം; ഉണ്ണിത്താനു മാത്രം മഞ്ചേരിയില്‍ നിന്നും.

Sunday, December 12, 2010

നികൃഷ്ട ജീവികളെക്കാള്‍ ഭേദം ജോലി തട്ടിപ്പുകാരോ?

നമ്മുടെ പി എസ് സിയെ കബളിപ്പിച്ച്(?) ഏതാനും വിരുതന്മാര്‍ ജോലി നേടിയതാണ് ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടാടുന്ന വിഷയം. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല. നമ്മുടെ സിസ്റ്റത്തിന്റെ ബലഹീനത വെളിച്ചത്തുകൊണ്ടുവരുന്നവയാണ് ഇത്തരം സംഭവങ്ങള്‍. തീര്‍ച്ചയായും തിരുത്തപ്പെടെണ്ടതും ആവര്‍ത്തിക്കാതിരിക്കപ്പെടെണ്ടതുമായ കാര്യങ്ങളാണ് ഇത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. എന്താണ് അവര്‍ ചെയ്ത കുറ്റം? അവരെക്കാള്‍ കഴിവുള്ളവരെ മറികടന്നു പണം വാങ്ങി / കൊടുത്തു നിയമനം നേടിക്കൊടുത്തു / നിയമനം നേടി എന്നതാണ്.

ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ വേറെ ഒരു വിഷയത്തിലേക്ക് കൊണ്ടുവരട്ടെ. നമ്മുടെ നാട്ടിലെ ആയിരക്കണക്കിനു വരുന്ന എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന നിയമനങ്ങളിലേക്ക്. അവിടെ നടക്കുന്നതും ഇത് തന്നെ അല്ലെ? കഴിവുള്ളവരെ മറികടന്നു നിയമനം പണം കൊടുത്തു വാങ്ങുന്നതാണ് അവിടെ നടക്കുന്നത്. അതില്‍ ഭാഗഭാക്കാകുന്നവരും ഇപ്പോള് ഇവിടെ ഈ തട്ടിപ്പ് നടത്തുന്നവരും തമ്മില്‍ എന്ത് വ്യത്യാസം ആണുള്ളത്; വാങ്ങുന്ന തുകയുടെ കാര്യത്തിലല്ലാതെ? ഏതൊരു മാനദണ്ഡം വെച്ചളന്നാലും ധാര്‍മികതയുടെ തുലാസില്‍ ഈ രണ്ടു നടപടികളും ഒരേ നിലവാരം ആണ് പുലര്‍ത്തുന്നത്. ഒരു പക്ഷേ ആത്മീയത ഘോരഘോരം പ്രസംഗിക്കുന്നതും കൂടെ പരിഗണിച്ചാല്‍ അധാര്‍മികത ഒരു പടി കൂടി കൂടുതലായിരിക്കും ഈ 'നികൃഷ്ട ജീവി'കളുടെ നടപടിയില്‍.

ഒരേ തട്ടിപ്പ് രണ്ടു കൂട്ടര്‍ ചെയ്യുന്നു. അതില്‍ ഒരു കൂട്ടര്‍ ചെയ്യുന്നത് വലിയ തട്ടിപ്പായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, നടപടികള്‍ വരുന്നു,... എന്നാല്‍ മറു കൂട്ടര്‍ തട്ടിപ്പ് നടത്തുമ്പോള്‍ അത് സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നു. അതിനെതിരെ ആരും പ്രതികരിക്കുന്നില്ല. അഥവാ പ്രതികരിച്ചാല്‍ ഞായറാഴ്ച്ചാ ലേഖനങ്ങളിലൂടെ പ്രതികാരം ചെയുന്നു.

ആത്മീയത വിറ്റ്‌ കാശാക്കുന്ന, നിയമത്തിനു പുല്ലുവില കല്‍പ്പിക്കാത്ത ഇത്തരം നികൃഷ്ട ജീവികളെ പിന്നെ നികൃഷ്ട ജീവി എന്നല്ലാതെ യേശു ക്രിസ്തു എന്ന് വിളിക്കാന്‍ പറ്റുമോ?

വാല്‍ക്കഷ്ണം: അഭിലാഷും ജെപീയും ഒക്കെ ഇങ്ങനത്തെ ഏതെങ്കിലും സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇരുന്നായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കില്‍ അതിനെതിരെ നടപടി എടുക്കുന്നതിനെതിരെയും ഞായറാഴ്ച്ചാ ലേഖനം വന്നേനെ. ഭാഗ്യം അങ്ങനെയല്ലാത്തത്..!