Sunday, April 18, 2010

പിണറായി ഈ ചാനലിന്റെ ഐശ്വര്യം!

ഞാന്‍ ഒരു പ്രശസ്ത മലയാളം ചാനലിന്റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാര്‍ത്താ പരിപാടിയുടെ അവതാരകനാണ്. ന്യുസ് അവര്‍, ന്യുസ് നൈറ്റ്‌, എന്നിങ്ങനെ പല പേരുകളില്‍ ഞങ്ങളുടെ പോലത്തെ പരിപാടികള്‍ ഉണ്ട്. ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നതിന്റെ കാരണം ഞങ്ങളുടെ പരിപാടിക്ക് ഏറ്റവും സഹായം ചെയ്തു തരുന്ന ഒരു വ്യക്തിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്.

ഞങ്ങളുടെ ലക്‌ഷ്യം ഞങ്ങളുടെ പരിപാടി റേറ്റിങ്ങില്‍ ഏറ്റവും മുകളില്‍ എത്തിക്കുക എന്നതാണ്. ഒപ്പം ഞങ്ങളുടെ മുതലാളിമാര്‍ക്ക് എതിരായി വരുന്നവരെ തകര്‍ക്കുക എന്നതും ഒരു പ്രധാന ലക്ഷ്യമാണ്. ഇത് രണ്ടും ഒരേ സമയം നടത്തുന്നതിന് ഞങ്ങളെ ഏറ്റവുമധികം സഹായിക്കുന്നത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ശ്രീമാന്‍ പിണറായി വിജയനാണ്. അദ്ദേഹത്തോടുള്ള നിസീമമായ നന്ദി അറിയിക്കുകയാണിവിടെ.

പിണറായി വിജയന്‍ എന്ന് പറഞ്ഞാല്‍ ആരാ? ഭൂലോക കള്ളന്‍! കള്ളതിരുമാടി! കേരളത്തിലെ ജനങ്ങളെ പറ്റിച്ച് ലാവലിന്‍ കമ്പനിയുടെ കയ്യില്‍ നിന്നും പത്തു മുന്നുറ്റമ്പത് കോടി രൂപ അടിച്ചു മാറ്റിയ ഭയങ്കരന്‍! ലാപ്ടോപ് ബാഗില്‍ വെടിയുണ്ട കൊണ്ട് നടക്കുന്ന ഭീകരന്‍! നായനാരുടെ പേര് പറഞ്ഞു ഗള്‍ഫില്‍ പോയി ആയിരം കോടി പിരിക്കുന്ന ധനമോഹി! ഇതൊക്കെയാണ് പിണറായിയെപ്പറ്റി ഞങ്ങള്‍ പൊതുജനത്തെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത്.

ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് പിണറായിയോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല. അയാള് ചെയ്യുന്നതെല്ലാം മോശമാണെന്ന് കൃത്യമായി തെളിവ്‌ു കിട്ടിയിട്ടുമല്ല. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ പോലെ അങ്ങേരെ പറ്റി പറഞ്ഞാല്‍ രണ്ടാണ് കാര്യം. ഒന്ന് - വാര്‍ത്ത എല്ലാവരും ശ്രദ്ദിക്കും. രണ്ടു - ഞങ്ങളുടെ മുതലാളിമാര്‍ക്ക് പെരുത്ത്‌ സന്തോഷമാകും! ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്കെന്താ വേണ്ടത്? അതുകൊണ്ട് തന്നെ അങ്ങേരെന്തു ചെയ്താലും ഞങ്ങള്‍ അത് വിവാദമാക്കും. അതാണ് ഞങ്ങളുടെ സ്റ്റൈല്‍.

ആദ്യം ഞങ്ങള്‍ വി.എസ്. - പിണറായി പോരെന്നു പറഞ്ഞു കുറെ നാള്‍ ജീവിച്ചു. അതിനിടയ്ക്കാണ് പിണറായിയെ വെടിയുണ്ടയുമായി പിടിച്ചത്. അതൊരു ഉണ്ടയില്ലാത്ത വെടി ആണെന്നറിഞ്ഞിട്ടും ഞങ്ങള്‍ അത് ഒരു ആഘോഷമാക്കി മാറ്റി. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പിണറായിയെ ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ ഏതെല്ലാം വകുപ്പ് പ്രകാരം എങ്ങനെയെല്ലാം തൂക്കികൊല്ലാം എന്ന് വിശകലനം ചെയ്ത് കേരള ജനതയെ ഹര്ഷപുളകിതരാക്കി! ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ അപ്പോള്‍ എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന് കാരണം കുറച്ചു കഴിഞ്ഞ് എന്ത് സംഭവിച്ചാലും ഇല്ലെങ്കിലും അതൊന്നും ആരും അന്വേഷിക്കാന്‍ വരില്ല. ഇപ്പൊ അന്ന് ഞങ്ങള്‍ പറഞ്ഞ പോലെ എന്തെങ്കിലും സംഭവിച്ചോ? പിണറായിയുടെ രോമാത്തെല്‍ പോലും ആരും തൊട്ടില്ല, എങ്കിലെന്താ അന്ന് ഞങ്ങള്‍ക്ക് കോളല്ലായിരുന്നോ. ഒരാഴ്ച ഞങ്ങള്‍ ആ ന്യുസ് കൊണ്ടാടിയില്ലേ?

പിന്നെ ഇടയ്ക്കു ഞങ്ങള്‍ അങ്ങേരെ തീവ്രവാദിയാക്കി. അത് പോലെ പുട്ടിനു പീര എന്ന പോലെ ഇടയ്ക്കു ഇടയ്ക്കു ലാവ്‌ലിന്‍ കേസ് എടുത്തു പ്രയോഗിക്കും. പക്ഷെ എന്ത് ന്യുസാണെങ്കിലും അത് പിണറായിക്ക് എതിരാണെങ്കില്‍ മാത്രമേ ഞങ്ങള്‍ വാര്‍ത്താ പ്രാധാന്യം കൊടുക്കൂ. അനുകൂലമായിട്ടുള്ളതിനു ഒഴുക്കന്‍ മട്ടില്‍ ഒന്ന് പറഞ്ഞു പോകും. ഈ അടുത്ത കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി കാശൊന്നും വാങ്ങിയില്ല എന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു പോയി. നട്ട് എന്നും വെള്ളമൊഴിച്ചു വളര്‍ത്തിക്കൊണ്ടുവന്ന ഒരു ചെടി ഒരു സുപ്രഭാതത്തില്‍ ഉണങ്ങി നില്‍ക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും ചങ്കു തകര്‍ന്നു പോകില്ലേ? പിന്നെ അത് വലിയ കാര്യമായി റിപ്പോര്‍ട ചെയ്യാതെ ആണ് ഞങ്ങള്‍ ആ വിഷമം തീര്‍ത്തത്.

ഞങ്ങള്‍ക്ക് പിണറായിയോടുള്ള പ്രത്യേക സ്നേഹം മനസിലാകണമെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ കൊടുക്കുന്ന ഒരു ന്യുസ് കാണണം. എത്രയെത്ര നേതാക്കന്മാര്‍ ഗള്‍ഫില്‍ പോകുന്നു. പൈസ പിരിക്കുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നു. അതിനു വല്ലോം ഞങ്ങള്‍ പ്രാധാന്യം കൊടുക്കാറുണ്ടോ? പക്ഷെ ഇപ്പോള്‍ ഇതാ പിണറായി ഗള്‍ഫില്‍ പോയി; ഞങ്ങള്‍ അതിനു എന്ത് പ്രാധാന്യമാണ് കൊടുക്കുന്നത്? പീ സി ജോര്‍ജ്‌ (അദ്ദേഹം ഒരു മഹാനാണ് കേട്ടോ. ചാനലുകളിലൂടെ മാത്രം ജീവിക്കുന്ന വ്യക്തി!) പറഞ്ഞത് ആയിരം കോടി പിരിച്ചു എന്നാണ്. ഞങ്ങള്‍ അത് രണ്ടായിരം ആയി വര്‍ദ്ധിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്.

രാജ് മോഹന്‍ ഉണ്ണിത്താനെ മഞ്ചേരിയില്‍ പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്കടമായി. കാരണം ഞങ്ങളുടെ ചാനലില്‍ എന്നും വന്നിരുന്നു പിണറായിയെ ചീത്ത പറഞ്ഞിരുന്ന ആളാ. ഇനിയിപ്പോ അങ്ങനെ ആരെ കിട്ടാന്‍? (ഹോ, ഉണ്ണിത്താനു പകരം അത് പിണറായി എങ്ങാനു ആയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കോളായനെ) ഇനി വേറെ ഒരു ന്യുസും കിട്ടിയില്ലെങ്കില്‍ പിണറായി ദിവസവും കുളിക്കുന്നു എന്നത് ഒരു ബ്രേക്കിംഗ് ന്യുസായി ഞങ്ങള്‍ അവതരിപ്പിക്കും. ഇത്രയും ജലക്ഷാമാമുള്ള സമയത്ത് തൊഴിലാളി വര്‍ഗപാര്‍ടിയുടെ നേതാവ്‌ ദിവസവും കുളിച്ചു വെള്ളം പാഴാക്കുന്നത് പാപമല്ലേ? പഴയ കമ്യൂണിസ്റ്റുകാരനായ ചെ ഗുവേര ഒന്നും എല്ലാ ദിവസവും കുളിക്കില്ലായിരുന്നു. അതിനെ പറ്റി കേരളം ചര്‍ച്ച ചെയ്യട്ടെ എന്നും പറഞ്ഞു ഒരു 'ബ്രേക്കിംഗ് ന്യുസ്'

ഇങ്ങനെ പിണറായിയെ പറ്റി എന്തെങ്കിലും ന്യൂസ് കിട്ടിയാല്‍ ഞങ്ങളെ അറിയിക്കൂ, അത് വിവാദമാക്കി ഞങ്ങളുടെ ചാനലും ഒന്ന് രക്ഷപെടട്ടെ...

എന്ന് നിങ്ങളുടെ സ്വന്തം
വാര്‍ത്താവതാരകന്‍