Thursday, November 25, 2010

മനോരമയുടെ കള്ളക്കളികള്‍ - ഓര്‍മയില്‍ നിന്ന്

മലയാള മനോരമ എന്ന പത്രത്തിന്റെ നിഷ്പക്ഷതയെ പറ്റി എല്ലാവര്‍ക്കും നല്ല ബോധ്യമുള്ളതാണല്ലോ. അതിനെ പറ്റി കൂടുതല്‍ ഒന്നും വിശദീകരിക്കേണ്ട ആവശ്യം തന്നെയില്ല. ഇടതുപക്ഷം എന്ന് കേള്‍ക്കുമ്പോഴേ ഹാലിളക്കം വരുന്ന മാനേജ്‌മന്റ്‌ ആണ് അവരുടേത്. ചില റിപ്പോര്‍ട്ടര്‍മാരാണെങ്കില്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവരും. അവര്‍ ഓരോ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴും (അല്ലാത്തപ്പോഴും മോശമൊന്നുമല്ല) അവര്‍ ഒരു പരമ്പര പ്രസിദ്ധീകരിക്കും. ഇടതു പക്ഷത്തെ ആക്ഷേപിക്കല്‍ മാത്രമായിരിക്കും അതിന്റെ ലക്‌ഷ്യം.

സാധാരണ അവരുടെ ഒരു രീതി, എന്തെങ്കിലും ഒരു വിവാദമായ വസ്തുതയെ സിപിഎമ്മുമായി ബന്ധപ്പെടുത്തി എഴുതുക എന്നതാണ്. അതിനു അവര്‍ സ്വീകരിക്കുന്ന സങ്കേതങ്ങള്‍ വിചിത്രമാണ്. പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തന്നെ മറന്നുകൊണ്ടാണ് ഇത്തരം ലേഖനങ്ങളെല്ലാം തന്നെ പ്രസിദ്ധീകരിക്കുക. ഉദാഹരണത്തിന്, സിപിഎം സംസ്ഥാന കമ്മിറ്റിയിലെ ഒരു ഉന്നതന്‍, ജില്ലാ കമ്മിറ്റി നേതാവ്‌, ഒരു സിപിഎം മന്ത്രി ഇങ്ങനെ പോകും അവര്‍ നിരത്തുന്ന വിശേഷണങ്ങള്‍. എന്നാല്‍ ആരാണ് അത് എന്ന് കൃത്യമായി പറയാന്‍ തയ്യാറാകില്ല. അപ്പോള്‍ സിപിഎമ്മിന്റെ കുറെ നേതാക്കളെ പുകമറക്കുള്ളില്‍ നിര്‍ത്താന്‍ സാധിക്കും എന്ന് വളരെ വ്യക്തമായി അറിയാം ഇവര്‍ക്ക്. ഒപ്പം ആരും നിയമ നടപടികളുമായി മുന്നോട്ടേക്കു പോവുകയുമില്ല. അത് പോലെ 'അത്രേ' 'ആയെക്കമെന്നും' തുടങ്ങിയ പദങ്ങളാണ് ഇത്തരം ലേഖനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുക. ഒരു സാധാരണക്കാരനെ കുറേക്കാലം പറ്റിക്കാന്‍ ഇത്തരം ലൊട്ടു ലൊടുക്ക് വിദ്യകള്‍ ധാരാളമാണെന്ന് വളരെ നന്നായി മലയാള മനോരമ ദിനപത്രം നടത്തുന്നവര്‍ക്കും അതിന്റെ റിപ്പോര്‍ട്ടര്മാര്‍ക്കും നന്നായി അറിയാം.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന രണ്ടു മനോരമ റിപ്പോര്‍ട്ടുകളെപ്പറ്റി സൂചിപ്പിക്കാനും, അതുവഴി അവരുടെ അധാര്‍മിക പത്ര പ്രവര്‍ത്തനത്തെപ്പറ്റി ചര്‍ച്ച ചെയ്യാനുമാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാം എന്ന് തീരുമാനിച്ചത്‌.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് (തൊണ്ണൂറുകളില്‍) ഒരു ഇടതു പക്ഷ ബന്ദിന് അടുത്ത ദിവസം ഇറങ്ങിയ മനോരമയില്‍ ഒരു ഫോട്ടോയും അടിക്കുറിപ്പും ഉണ്ടായിരുന്നത് ഇങ്ങനെ ആയിരുന്നു. ഒരു ആംബുലന്‍സ്, റോഡില്‍ കല്ല് വെച്ച് തടസപ്പെടുതിയതിനാല്‍ പോകാനാകാതെ വിഷമിക്കുന്നു എന്ന് മനസിലാകുന്ന രീതിയിലുള്ള ഒരു ഫോട്ടോ. അതിന്റെ അടിക്കുറിപ്പാകട്ടെ 'ബന്ദനുകൂലികള്‍ റോഡു തടസപ്പെടുത്തിയാതിനാല്‍ രോഗിയെയും കൊണ്ട് പോകാനകാതെ വിഷമിക്കുന്ന ആംബുലന്‍സ്'. കാണുമ്പോള്‍ ആര്‍ക്കും യാതൊരു സംശയവും തോന്നില്ല. ഒപ്പം നിഷ്പക്ഷമതികള്‍ക്ക് ഇടതുപക്ഷത്തോട് വെറുപ്പ്‌ തോന്നിപ്പിക്കാനും വളരെ സഹായകമാകുന്ന ഒരു വാര്‍ത്താചിത്രം. എന്നാല്‍ അതിനടുത്ത ദിവസത്തെ മറ്റു പത്രങ്ങള്‍ വായിച്ചപ്പോള്‍ ആണ് കള്ളി വെളിച്ചതാകുന്നത്. ആ ആംബുലന്‍സിന്റെയും യാത്രക്കാരുടെയും ചിത്രങ്ങള്‍ സഹിതം ആ 'മനോരമ നുണ' വെളിച്ചത് കൊണ്ട് വന്നിരുന്നു. ആദ്യത്തെ നുണ ആ റോഡ്‌ ബന്ദനുകൂലികള്‍ തടസപ്പെടുത്തിയതല്ലായിരുന്നു! റോഡു പണി നടക്കുന്നത് കൊണ്ട് റോഡിന്റെ ഒരു ഭാഗം മാത്രം കല്ല് വെച്ച് തടസപ്പെടുതിയതായിരുന്നു. എന്നാല്‍ അത് മനസിലാകാത്ത രീതിയിലായിരുന്നു ഫോട്ടോ എടുത്തിരുന്നത്. രണ്ടാമത്തെ നുണ അത് രോഗിയെ കൊണ്ട് പോയ വണ്ടി അല്ലായിരുന്നു എന്നതാണ്! ഗള്‍ഫില്‍ നിന്നും വരുന്ന ഒരാളെ എയര്‍ പോര്‍ട്ടില്‍ നിന്നും സ്വീകരിക്കാന്‍ പോയ വാഹനമായിരുന്നു! ഈ ഫോട്ടോ എടുത്തപ്പോള്‍ ആ വണ്ടിയിലുണ്ടായിരുന്നവര്‍ ഫോട്ടോഗ്രാഫറോടു ചോദിച്ചിരുന്നു എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന്. അപ്പോള്‍ കൊടുത്ത മറുപടി റോഡു പണി നടക്കുന്നതിന്റെ ഫോട്ടോ എടുക്കുകയാണ് എന്നതായിരുന്നു! ഇത് മനോരമക്ക് മാത്രം പറ്റുന്ന ഒരു പണിയാണ്.

രണ്ടാമത്തേത്‌ ഒരു നുണ എന്ന് പറയാന്‍ പറ്റില്ല. അത് ഇപ്പോഴും മനോരമയും മാതൃഭൂമിയും ഒക്കെ പയറ്റുന്ന ഒരു കളരിയാണ്. തലക്കെട്ടില്‍ പറയുന്ന കാര്യം റിപ്പോര്‍ട്ടില്‍ ഉണ്ടാവുകയേ ഇല്ല. എന്നാല്‍ തലക്കെട്ട്‌ മാത്രം വയിക്കുന്നയാളെ വളരെ മനോഹരമായി തെറ്റിദ്ധരിപ്പിക്കാന്‍ ഇത് വഴി സാധിക്കും. ഇത് ആദ്യം സൂചിപ്പച്ചത് പോലെ ഒരു ഇലക്ഷനോട് അടുത്ത് വന്ന വാര്‍ത്തയാണ്. ഏതോ ഒരു സ്ഥലത്ത് സിപിഎമ്മില്‍ വിഭാഗീയത സംഘട്ടനത്തിലേക്ക് എത്തിയിരിക്കുന്നു എന്ന രീതിയിലുള്ള ഒരു തലക്കെട്ട്‌ ആണ് നല്‍കിയിരുന്നത്. അതും എട്ടു കോളം വാര്‍ത്ത‍! ആകാംഷയോടെ വാര്‍ത്ത വായിച്ചപ്പോഴാണ് മനസിലായത് രണ്ടു സിപിഎം അനുഭാവികള്‍ (മെമ്പര്‍മാര്‍ പോലുമല്ല!!) തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് വിഷയം! നമിച്ചുപോയി അന്ന് മനോരമയെ. കാരണം അവര്‍ക്കേ ഇത് പറ്റൂ, അവര്‍ക്ക് മാത്രം!

Wednesday, November 24, 2010

ഗള്‍ഫ്‌ മലയാളികള്‍ പ്രവാസി ഇന്ത്യക്കാരല്ലേ?

കുറച്ചുകാലം മുന്‍പ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തയായിരുന്നു ഓസ്ട്രേലിയയില്‍ ഇന്ത്യന്‍വംശജര്‍ തദ്ദേശിയരാല്‍ ആക്രമിക്കപ്പെടുന്നതും, കൊല്ലപ്പെട്ടതുമെല്ലാം. ഭാരത സര്‍ക്കാരുംഎംബസിയുമെല്ലാം വളരെ ശക്തമായ ഇടപെടലുകള്‍ നടത്തുകയും ലോകശ്രദ്ധ വംശീയവൈരത്തിനെതിരെ കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്തു. ഇത്തരം വളരെ ശക്തമായഇടപെടലുകളുടെ ഫലമായി അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഒരു പരിധി വരെ ഉറപ്പുവരുത്താനും സാധിച്ചു. തീര്‍ച്ചയായും, താരതമ്യേന കാര്യക്ഷമമായ പ്രതികരണമാണ് ഇന്ത്യാഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇന്ത്യ ലോകരഷ്ട്രങ്ങള്‍ക്കിടയിലെ വളര്‍ന്നു വരുന്നസാമ്പത്തിക ശക്തിയാണ്. അതിനുപരി ഒരു വലിയ വിപണിയാണ്. അതുകൊണ്ടുതന്നെ ഭാരതത്തിന്റെവാക്കുകള്‍ക്കു വില കല്പിക്കാതിരിക്കാന്‍ രാജ്യത്തിനും സാധിക്കില്ല. അനുകൂല സാഹചര്യങ്ങളെല്ലാംഉപയോഗിച്ച് ഓസ്ട്രേലിയന്‍ ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഭാരതത്തിന്റെ ഭരണകര്‍ത്താക്കള്‍ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റുനിര്‍ബന്ധിതരായി. ഇതിന്റെയെല്ലാം പരിണിത ഫലമായി അവിടെ നടന്നു വന്നിരുന്ന വംശീയഅതിക്രമങ്ങള്‍ ഒരു പരിധി വരെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. അതില്‍ നമ്മളെല്ലാവരുംസന്തോഷിക്കുന്നു.

എന്നാല്‍, ഓസ്ട്രേലിയയില്‍ നടന്നതിന്റെ പതിന്മടങ്ങ്‌ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരുപ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും ആരും ശ്രദ്ധിക്കാത്തതെന്തുകൊണ്ടാണ്?ഗള്‍ഫിലെ മലയാളികളടങ്ങുന്ന പ്രവാസ സമൂഹത്തെപ്പറ്റിയാണ് ഇവിടെ പറഞ്ഞു വരുന്നത്.ഗള്‍ഫിലെ ഇന്ത്യക്കാര്‍ അനുഭവിക്കുന്ന, അനുഭവിച്ച പീഡനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ഓസ്ട്രേലിയയിലെ സംഭവ വികാസങ്ങള്‍ വളരെ ചെറുതായെ കാണാന്‍ സാധിക്കൂ. എന്നിട്ടുംഅവിടുത്തെ സംഭവങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ട ഭാരത സര്‍ക്കാരിനു എന്തുകൊണ്ടാണ് ഗള്‍ഫില്‍ക്രൂരമായ യാതന ഏറ്റുവാങ്ങുന്ന മലയാളികളടക്കമുള്ള പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍സാധിക്കുന്നില്ല?

ബെന്യാമിന്റെ 'ആടുജീവിതം', വായിക്കുന്ന ഏതോരാളിന്റെയും മനസിലേക്ക് തീ കോരിയിടുന്ന ഒരുസൃഷ്ടിയാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടിയ കൃതിയിലെ നായകന്‍ ഇപ്പോള്‍ബഹറിനില്‍ ജോലി ചെയ്യുന്ന നജീബ് ആണ് എന്നതോര്‍ക്കണം. അത് കേവലം ഒരു നോവല്‍മാത്രമല്ല, ഒരു പ്രവാസി ഇന്ത്യക്കാരന്റെ പച്ചയായ അനുഭവമാണ്‌. തന്റെ ജീവിതം മരുഭൂമിയിലെ ഏതോഒരു ആടിനെ വളര്‍ത്തുന്ന ഫാമില്‍ എരിഞ്ഞടങ്ങി പോകുന്നത് നിസഹായതയോടെ സഹിച്ച നജീബ്,അത്തരത്തിലുള്ള നിരവധിയാളുകളുടെ പ്രതീകമാണ്‌. എത്രയോ ആളുകള്‍ ഇപ്പോഴും അത്തരത്തില്‍നരകിക്കുന്നു? ഒരു ഗള്‍ഫ്‌ മലയാളിക്ക് ഉള്‍ക്കിടിലത്തോടെയല്ലാതെ കൃതി വായിച്ചു തീര്‍ക്കാനാവില്ല.കാരണം അത് അവന്റെ മുന്നില്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ജീവിതങ്ങളില്‍ ചിലതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതെ അവസ്ഥയില്‍ ജീവിച്ച ഒരു തമിഴ്നാട് സ്വദേശി രക്ഷപെട്ടു സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് തിരിച്ചു പോയത് ഗള്‍ഫില്‍ നിന്നിറങ്ങുന്ന മലയാള മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ ദുരിതത്തിന്റെ കണക്കെടുപ്പ് തുടങ്ങിയാല്‍ അത് അനന്തമായി നീണ്ടുപോകും. പത്തും ഇരുപതും വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍, പ്രായപൂര്‍ത്തിയായമക്കളെ പോലും ഇതുവരെ നേരിട്ട് കാണാന്‍ സാധിക്കാത്തവര്‍, ചുട്ടുപൊള്ളുന്ന വെയിലത്ത്‌നരകയാതന അനുഭവിച്ച് പണിയെടുത്തിട്ടും കൃത്യമായി ശമ്പളം കിട്ടാത്തവര്‍, അങ്ങനെ പറയാന്‍പോയാല്‍ തീരാത്തത്രയും...

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പി.ടി. കുഞ്ഞുമുഹമ്മദ്‌ ബഹറിനില്‍ വന്നപ്പോള്‍ പറഞ്ഞ ഒരു സംഭവം;ഒരു ജര്‍മന്‍ പൌരന്റെ പാസ്പോര്‍ട്ട്‌ പിടിച്ചു വെച്ച സ്പോണ്‍റെക്കൊണ്ട് പരാതി കിട്ടി ഒരുമണിക്കൂറിനുള്ളില്‍ അത് ജര്‍മന്‍ എംബസ്സിയില്‍ തിരിച്ചെത്തിച്ചതിനെ പറ്റി. എന്നാല്‍ ഇന്ത്യന്‍ഗവണ്മെന്റിനു രീതിയിലുള്ള ഒരു സമ്മര്‍ദ്ദം മിഡില്‍ ഈസ്റ്റില്‍ ചെലുത്താന്‍ സാധിക്കാത്തതിനെപറ്റി എന്ത് കാരണമാണ് നമ്മുടെ ഗവണ്‍മെന്റുകള്‍ക്ക്‌ പറയാനുണ്ടാകുക.

നമ്മുടെ പ്രവാസികാര്യ മന്ത്രി ഒരു മലയാളിയായപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് ഗള്‍ഫ്‌ മലയാളികള്‍ നോക്കികണ്ടത്. പക്ഷെ പ്രതീക്ഷിച്ചതിനു കടകവിരുദ്ധമായാണ് സംഭവിച്ചത്. കേന്ദ്ര ഗവണ്മെന്റിന്റെ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രവാസികള്‍ക്കായി യാതൊന്നും തന്നെ ഇല്ലായിരുന്നു. (കേരള ഗവന്മേന്റാണ് താരതമ്യേന അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിച്ചത്. പ്രവാസി ക്ഷേമനിധിയും സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ബഡ്ജറ്റില്‍ അനുവദിച്ച തുകയും ഉദാഹരണങ്ങള്‍).

കാലാകാലങ്ങളായി തുടരുന്ന അവഗണനയ്ക്കൊപ്പം ഈ അടുത്ത കാലത്ത് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ കൂടി കൂട്ടി വായിക്കുമ്പോഴേ ഈ അവഗണനയുടെ ആഴം മനസിലാകൂ. രണ്ടു പ്രാവശ്യമായി 400ലേറെ കേരള-ഗള്‍ഫ്‌ സര്‍വീസുകളാണ് എയര്‍ ഇന്ത്യ റദ്ദാക്കിയത്‌. ഉള്ളപ്പോള്‍ തന്നെ സമയത്ത് പോകാതെയും മറ്റും പ്രവസികള്‍ക്കുണ്ടാക്കിയിരുന്ന പ്രശ്നനങ്ങള്‍ നിരവധിയായിരുന്നു. എന്നാല്‍ അത്തരം പ്രശനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു പകരം കൂനിന്മേല്‍ കുരു എന്നാ പോലെ ഉള്ള സര്‍വീസുകള്‍ കൂടി റദ്ദാക്കാനാണ് എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായത്. ഇതില്‍ പ്രകോപിതരായി കോഴിക്കോട് എയര്‍ ഇന്ത്യ ഓഫീസിലേക്ക് തള്ളിക്കയറി പ്രതികരിച്ച ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരോട്, പൊതുവേ സമരങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന പ്രവാസികള്‍ പോലും വളരെ അനുഭാവ പൂര്‍ണമായ നിലപാടാണ്‌ സ്വീകരിച്ചത്. അതിന്റെ കാരണം അത്തരം ഒരു പ്രതികരണം ഈ വാര്‍ത്തകള്‍ കേള്‍ക്കുകയും അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്ത ഓരോ പ്രവാസിയും അവരുടെ ബന്ധുക്കളും സ്വന്തം മനസ്സില്‍ അടക്കി വെക്കുന്നുണ്ട് എന്നതാണ്.


എന്തുകൊണ്ടാണ് ഇങ്ങനെ നിരവധി പ്രശ്നങ്ങളുണ്ടായിട്ടും ഭാരത സര്‍ക്കാര്‍ കാര്യക്ഷമമായി ഗള്‍ഫ്‌ പ്രവാസികളുടെ പ്രശ്നത്തില്‍ ഇടപെടാത്തത്‌? നിരവധി കാരണങ്ങളുണ്ടാകാം. എന്തിന്റെ പേരിലായാലും നാടിനു ഇത്രയധികം വിദേശ നാണ്യം നേടിത്തരുന്ന ഒരു വിഭാഗത്തെ ഇത്രയും അവഗണിക്കുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു സാധാരണ പ്രവസിയെന്ന നിലയില്‍ തോന്നിയ ഒരു കാര്യം, ഗള്‍ഫിലെ ഭൂരിഭാഗം പ്രവാസി ഇന്ത്യക്കാരും മലയാളികളോ തെക്കേ ഇന്ത്യക്കാരോ ആണെന്നതാണ് ഈ അവഗണനയുടെ ഒരു വലിയ കാരണം എന്നതാണ്. അതേ സമയം ഓസ്ട്രേലിയയുടെ കാര്യം എടുത്താല്‍ അങ്ങനെയല്ല എന്നും നമ്മള്‍ മനസിലാക്കണം. ഇപ്പോഴും ഭാരതം എന്നാല്‍ വടക്കേ ഇന്ത്യ മാത്രമാണ് എന്ന് വിചാരിക്കുന്ന നിരവധിയാളുകള്‍ ഭരണത്തിലിരിക്കുന്നവരുടെ കൂടെ ഉണ്ട് എന്നതാണ് സത്യം. നമ്മുടെ നാട്ടില്‍ നിന്നുള്ള മന്ത്രിമാര്‍ അവരുടെ ഏറാന്‍ മൂളികളായി മാത്രം തുടരുന്നു എന്നും ആണ് ഞങ്ങള്‍ക്ക് തോന്നുന്നത്.

ഞങ്ങള്‍ക്ക് ഞങ്ങളുടെ രാജ്യത്തെ ഭരണകര്‍ത്താക്കളോട് പറയാനുള്ളത് ഇത്ര മാത്രം. ഞങ്ങളെയും ഈ മഹാരാജ്യത്തെ പൌരന്മാരായി കണ്ടു ഞങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടു പരിഹാരം കാണൂ. മൂട് താങ്ങികളായ അഞ്ചോ ആറോ മന്ത്രിമാരെ കിട്ടിയിട്ട് ഞങ്ങള്‍ക്ക് കാര്യമില്ല. ഞങ്ങള്‍ക്ക് വേണ്ടത് സ്വന്തം അധികാരത്തേക്കാള്‍ ജനങ്ങളെ സ്നേഹിക്കുന്നവരെയാണ്. അല്ലാതെ സ്വന്തം അധികാരം സംരക്ഷിക്കാന്‍ വേണ്ടി എന്‍ഡോസള്‍ഫാന് സ്തുതി പടുന്നവരെയല്ല.