Wednesday, January 27, 2010

മനോരമ: മലയാളിക്കപമാനം!

ഒരു പത്രം തങ്ങളുടെ ബിസിനെസ്സ് വളര്‍ത്തുന്നതിനു വേണ്ടി വളരെ ബോധപൂര്‍വം ഒരു സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ പറയാനുള്ള കാരണം കഴിഞ്ഞ കുറെ നാളുകളായി മലയാള മനോരമ എന്ന പത്ര മുത്തശ്ശിയുടെ വിഷം വമിക്കുന്ന വാര്‍ത്തകള്‍ വായിച്ചതാണ്. കേരളത്തില്‍ ലവ് ജിഹാദ് എന്ന വിഷയം ഉയര്‍ത്തി കൊണ്ടുവരികയും അതുപോലെ തന്നെ മറ്റു നിരവധി അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചു വിട്ടു മുസ്ലിമുകള്‍ എല്ലാം തീവ്രവാദികള്‍ എന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് പത്ര മുത്തശ്ശി.

മുന്‍പെങ്ങുമില്ലാത്ത വിധം മുസ്ലിമുകളെ ആക്രമിക്കാന്‍ മനോരമക്ക് പ്രചോദനം നല്‍കിയ കാര്യം എന്താണ് എന്ന് പരിശോദിക്കുമ്പോള്‍ ആണ് നമ്മള്‍ വിഷയങ്ങള്‍ ഉയര്‍ന്നു വന്ന കാലത്തെ സംഭവ വികാസങ്ങളും പത്ര മുത്തശ്ശിയുടെ ബിസിനെസ്സ് താത്പര്യങ്ങളും കൂടി വിശകലനം ചെയ്യേണ്ടി വരിക. നമ്മള്‍ക്കെല്ലാം ഓര്‍മ ഉണ്ടാകും, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തില്‍ ഉണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍. അതും മനോരമയുടെ ഇപ്പോഴത്തെ മുസ്ലിം വിരോധവും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ്.

സി പി എമ്മിന്റെ മലപ്പുറം സമ്മേളനം മുതല്‍ ഇടതുപക്ഷവും മുസ്ലിം വിഭാഗവും തമ്മില്‍ മുന്‍പെങ്ങുമില്ലാത്ത വിധം അടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ക്ക് കാണാന്‍ സാധിച്ചത്. അതിന്റെ പ്രതിഫലനമെന്നോണം തുടര്‍ന്ന് നടന്ന ലോകസഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും പ്രത്യേകിച്ച് മുസ്ലിം ലീഗിനും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.

ആരും പറയാതെ തന്നെ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ് മലയാള മനോരമ ഇപ്പോഴും ഇടതു പക്ഷത്തിന്റെ എതിര്‍പക്ഷത്തു ആയിരിക്കും എന്നത്. അതിലുപരി, അവര്‍ക്കു നന്നായി അറിയാവുന്ന കാര്യമാണ് കേരളത്തില്‍ ഏറ്റവും മൂല്യം ഉള്ള വാര്‍ത്തകള്‍ ഇടതു പക്ഷത്തിനെതിരെ എഴുതുന്നതാണെന്ന്. തങ്ങളുടെ വാണിജ്യ താത്പര്യങ്ങള്‍ ആണ് മലയാള മനോരമ എന്നും പരിരക്ഷിച്ചു പോന്നിരുന്നത്. ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എത്ര ഹീനമായ മാര്‍ഗം സ്വീകരിക്കാനും മടി ഇല്ലാത്തവര്‍ ആണ് പത്ര മുത്തശ്ശിയുടെ മാനേജ്‌മന്റ്‌. എസ് ആര്‍ ചാരക്കേസ് വന്നപ്പോള്‍ മനോരമയില്‍ വന്ന ലേഖന പരമ്പര വായിച്ചാല്‍ തോന്നിയിരുന്നത് എസ് ആര്‍ ശാസ്ത്രഞ്ജന്‍മാരുടെയും മാലിക്കാരികളുടെയും കൂടെ അതേ റൂമില്‍ മനോരമ ലേഖകനും ഉണ്ടായിരുന്നു എന്നാണ്! അന്ന് അത്രയും തെളിവുകളും സംഭവങ്ങളും നിരത്തിയാണ് മനോരമ ശാസ്ത്രഞ്ജരെ അവഹേളിച്ചത്. കേസ് കണ്ടുപിടിച്ച സ്മാര്‍ട്ട്‌ വിജയന്‍ എന്ന എസ് ഐയെ ധീരോധാത്ത നായകനായി പുകഴ്ത്തി കൊണ്ടാണ് പരമ്പര വന്നത്. അതിനു ശേഷം എസ് ആര്‍ ചാരക്കേസ് ചാരമാവുകയും വില്ലന്മാര്‍ നായകന്മാരാവുകയും ചെയ്തു. അപ്പോള്‍ മുന്‍പ് എഴുതിയതെല്ലാം തിരിച്ചെഴുതാന്‍ അവര്‍ക്കു ഒരു വിഷമവുമുണ്ടായില്ല. പണ്ടത്തെ നായകന്‍ സ്മാര്‍ട്ട്‌ വിജയനെ കൊടും വില്ലനാക്കിയും മാറ്റി. നിലപാട് മാറ്റത്തിനു അങ്ങനെ ഒത്തിരി ഉദാഹരണങ്ങള്‍ മനോരമയുടെ ചരിത്രം ചികഞ്ഞാല്‍ കിട്ടും.

നമുക്ക് സമകാലീന സംഭവ വികാസങ്ങളിലേക്ക് മടങ്ങി വരാം. ആദ്യം സൂചിപ്പിച്ചത് പോലെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞാണ് ലവ് ജിഹാദുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ഒരു വലിയ സംഭവം എന്ന രീതിയില്‍ കേരള സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അതു ഇത്രയും വലിയ ഒരു ചര്‍ച്ചാ വിഷയമാക്കുന്നതില്‍ മനോരമ വഹിച്ച പങ്കു വളരെ വലുതാണ്. ഒപ്പം ലവ് ജിഹാദ് ഇല്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തമസ്കരിക്കാനും അവര്‍ വളരെയധികം ശ്രമിച്ചിരുന്നു. മലയാള മനോരമ ദിനപത്രം വായിക്കുന്ന ഒരാള്‍ക്ക് വരുന്ന ഫീലിംഗ് ഇവിടുത്തെ മുസ്ലിം ആണുങ്ങളെല്ലാം കൂടെ പ്രേമിച്ചു പ്രേമിച്ചു ഇതൊരു മുസ്ലിം രാജ്യമാക്കാന്‍ പോകുന്നു എന്നതാണ്. മനോരമയുടെ വിഷയത്തില്‍ ഉള്ള അമിത താത്പര്യം ചര്‍ച്ച ചെയ്യപ്പെട്ടു എന്നുള്ളത് ശരിയാണ്. എന്നാല്‍ അവര്‍ എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്തത് എന്നു അധികമാരും പരിശോധിച്ചിരുന്നില്ല.

കഴിഞ്ഞ കാലങ്ങളിലെല്ലാം കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം മനോരമ ആയിരുന്നു. രണ്ടാം സ്ഥാനത്ത് മാതൃഭുമിയും. മനോരമ ആദ്യം പറഞ്ഞത് പോലെ ഒരു പൂര്‍ണ വലതു പക്ഷ പത്രം ആയിരുന്നു. മാതൃഭൂമി ഇടതുപക്ഷ ആശയഗതികളോട് ചായ്‌വുള്ള നിഷ്പക്ഷ പത്രവും. കോണ്ഗ്രസ്കാരും ക്രിസ്ത്യാനികളുമാണ് മനോരമയുടെ വരിക്കാരില്‍ ഭൂരിഭാഗവും. മാതൃഭൂമിക്ക് കൂടുതല്‍ പ്രചാരം ഹിന്ദുക്കളുടെ ഇടയില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷനോടെ വീരേന്ദ്രകുമാറിനൊപ്പം മാതൃഭൂമിയും വലതുപക്ഷത്തേക്ക് ചാഞ്ഞു. ഇടതുപക്ഷം ദുര്‍ബലപ്പെടുന്നത് മനോരമക്ക് ഇഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ പക്ഷത്തെക്കുള്ള മാതൃഭൂമിയുടെ വരവ് അവര്‍ക്കു അത്ര ദഹിച്ചില്ല. തങ്ങളുടെ കോണ്‍ഗ്രസ് അനുഭാവമുള്ള വായനക്കാര്‍ നഷ്ടപ്പെട്ടെക്കുമോ എന്നവര്‍ ഭയന്നു. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് അവര്‍ക്കും അറിയാമല്ലോ. അതുകൊണ്ട് തന്നെ അവര്‍ മാതൃഭൂമിയുടെ വായനക്കാരെ ലക്‌ഷ്യം വെച്ചു. ഭൂരിഭാഗം ഹിന്ദുക്കള്‍ വായിക്കുന്ന മാതൃഭൂമിയുടെ വായനക്കാരെ പിടിക്കാന്‍ ഏറ്റവും നല്ല മരുന്ന് എല്ലാവരുടെയും മനസ്സില്‍ ഉറങ്ങി കിടക്കുന്ന വര്‍ഗീയതയാണെന്നു മലയാളിയുടെ മൃദുല വികാരങ്ങള്‍ ഏറ്റവും നന്നായി ചൂഷണം ചെയ്തിട്ടുള്ള മനോരമയ്ക്കു ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. കോണ്‍ഗ്രസ് പണ്ട് ചെയ്തതു പോലെ അവരും മൃദു ഹിന്ദുത്വം പയറ്റാന്‍ തുടങ്ങി.

അതിനു വേണ്ടി അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു. ചുരുക്കി പറഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മലയാളിയുടെ മതേതര മനസിലേക്ക് മനോരമ വളരെ ബോധപൂര്‍വ്വം വര്‍ഗീയതയുടെ വിഷവിത്തു കുത്തി വെക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായി നിരവധി വാര്‍ത്തകള്‍ മനോരമ കൊടുത്തുകൊണ്ടിരിക്കുകയാണ്. കേവലം വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി ഒരു സമൂഹത്തെ തന്നെ മാനസികമായി വിഭജിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനോരമയ്ക്കു മാപ്പ് കൊടുക്കാന്‍ കേരള സമൂഹം തയ്യാറാകരുത്.

Sunday, January 10, 2010

തീവ്രവാദം: കോണ്ഗ്രസ് പേടിക്കുന്നത് ആരെ?

അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്ത‍ ചാനലുകളും പത്രങ്ങളും മെഗാ സീരിയല്‍ ആയി കൊണ്ടാടുന്ന തീവ്രവാദ കേസുകളുടെ ആരും അത്ര ശ്രദ്ധിക്കാത്ത ചില വശങ്ങള്‍ കുറച്ചു പേരുടെ എങ്കിലും ശ്രദ്ധയില്‍ കൊണ്ടുവരണം എന്ന് തോന്നി.

ഇന്ത്യയിലെ ഏറ്റവും കുറവ് തീവ്രവാദ പ്രവര്‍ത്തനം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കം ഒന്നും കാണില്ല. കര്‍ണാടക, ഗുജറാത്ത്‌, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നതിന്റെ അടുത്തെങ്ങും വരില്ല കേരളത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. പ്രത്യേകിച്ചും ഈ അടുത്ത കാലഘട്ടത്തില്‍. (ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ പുറത്തു വന്ന കാര്യങ്ങള്‍ എല്ലാം നടന്നത് കഴിഞ്ഞ യു ഡി എഫ് ഗവണ്മെന്റ് ഭരിക്കുമ്പോള്‍ ആയിരുന്നു. ഉദാ: കളമശ്ശേരി ബസ് കത്തിക്കല്‍, കോഴിക്കോട് സ്ഫോടനം തുടങ്ങിയവ.) എന്നാല്‍ മാധ്യമങ്ങള്‍ ഇവ അവതരിപ്പിക്കുന്നത്‌ ഇപ്പോഴത്തെ ഗവണ്മെന്റിന്റെ പിടിപ്പു കേടായാണ്!

പക്ഷെ ദേശീയ അന്വേഷണ ഏജെന്‍സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ തോന്നുക, കേരളത്തില്‍ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളൂ എന്നാണ്. കാരണം കേരളത്തിലെ തീവ്രവാദ കേസുകള്‍ ഒന്നൊന്നായി അവര്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. അതില്‍ കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതും അവസാന ഘട്ടത്തില്‍ എത്തിയതും ഉള്‍പ്പെടെ ഉള്ള കേസുകളും പെടും. ഇത്രയും കാലം തോന്നാത്ത ഈ കാര്യം ഇവര്‍ക്ക് ഇപ്പോള്‍ തോന്നാന്‍ കാരണം എന്താണ്? അവിടെ ആണ് കേന്ദ്ര ഗവണ്മെന്റില്‍ സ്വാധീനം ഉള്ള ചിലരുടെ ചില 'കളികള്‍' ഇതിന്‍റെ പുറകില്‍ ഇല്ലേ എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നത്. കാരണം നിരവധി ആളുകള്‍ കൊല്ലപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ള മുംബൈ, ബംഗളൂരു, സൂററ്റ്, അഹമ്മദാബാദ് സ്ഫോടന ‍കേസുകള്‍ ഒന്നും അവര്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കേരളത്തില്‍ അവര്‍ ഏറ്റെടുത്ത ഒരു കേസിലും ഒരു ആളും കൊല്ലപ്പെടുകയോ അപായപ്പെടുകയോ ചെയ്തിട്ടില്ല.

എന്നിട്ടും എന്താണ് ദേശീയ അന്വേഷണ ഏജെന്‍സിക്ക് കേരളത്തിലെ കേസുകളില്‍ മാത്രം ഇത്ര താത്പര്യം? അതിനുള്ള ഉത്തരം തേടുമ്പോള്‍ ആണ് നമ്മുടെ രാജ്യരക്ഷക്കു തന്നെ ഭീഷണി ആയേക്കാവുന്ന ചില വസ്തുതകള്‍ നമ്മള്‍ പരിശോധിക്കേണ്ടത്. എന്താണ് ഇത്ര ധിറുതി പിടിച്ച് അവര്‍ ഇപ്പോള്‍ ഈ കേസുകള്‍ ഏറ്റെടുത്തത്? ഇതിനു പുറകിലെ ഉദ്ദേശങ്ങള്‍ മൂന്നാണ്.
ഒന്ന് - കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്‍റ് ഈ കേസുകള്‍ ശരിയായ രീതിയില്‍ അല്ല അന്വേഷിച്ചത് എന്നു വരുത്തി തീര്‍ക്കുകയും വരുന്ന തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനു രാഷ്ട്രീയ ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക.
രണ്ട് - ഇടതു പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ തീവ്രവാദികള്‍ എന്ന ഇരുട്ടിന്‍റെ മറയില്‍ നിര്‍ത്തുക.
മൂന്ന് - അവസാനത്തേതും പ്രധാനവും ആയ ലക്ഷ്യം; ഈ കേസുകള്‍ കേരളാ പോലീസ് അന്വേഷിച്ചാല്‍ തടിയന്‍റവിട നസീറിനെയും സംഘത്തെയും വിശദമായ ചോദ്യം ചെയ്യലിനായി കേരളത്തിലേക്കു വിട്ടു കിട്ടും. അപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഒരിക്കലും യു ഡി എഫിനെ സഹായിക്കുന്നതായിരിക്കില്ല. യു ഡി എഫ് നേതാക്കള്‍ക്ക് (പ്രധാനമായും കോണ്ഗ്രസ്സ് - ലീഗ് നേതാക്കള്‍ക്ക്) തീവ്രവാദികളുമായുള്ള ബ്ന്ധം പുറത്തു വരുന്നതിനും ഇത് ഇടയാക്കും. അത് ഒഴിവാക്കുക.

തടിയന്‍റവിട നസീറിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ യു ഡി എഫ് നേതാക്കള്‍ക്ക് തീവ്രവാദികളുമായുള്ള ബന്ധം അറിഞ്ഞ ദേശീയ അന്വേഷണ ഏജെന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ അത് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയെ അറിയിക്കുകയും പിന്നീട് അദ്ദേഹത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജെന്‍സി ഏറ്റെടുക്കുകയും ആണ് ചെയ്തത്.

ഈ കാര്യത്തില്‍ എല്ലാം യു ഡി എഫിനെ നിര്‍ലോഭമായി സഹായിക്കുക എന്നതായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തത്. എന്തുകൊണ്ടാണ് ദേശീയ അന്വേഷണ ഏജെന്‍സി ഈ കേസുകളെല്ലാം ഏറ്റെടുത്തത് എന്ന് അന്വേഷിക്കാന്‍ ഒരു 'ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും' തയ്യറായിട്ടില്ല. മുറുക്കാന്‍ കടയില്‍ പാന്‍ പരാഗ് വില്‍ക്കുന്നത് ഒളി ക്യാമറ വെച്ചു പകര്‍ത്തി ടെലികാസ്റ്റു ചെയ്ത് ആളാകുന്നത് മാത്രമല്ലാ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകേണ്ടതായിരുന്നു.

മഅദനി യു. ഡി. എഫിനെ ആയിരുന്നു സപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍, ഇപ്പോള്‍ മഅദനിയെയും സൂഫിയയെയും തീവ്രവാദികള്‍ എന്നു പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തവര്‍ ഒരു പാവം മുസ്ലിം സ്ത്രീയെ പീഡിപ്പിക്കുന്നതിനെതിരെ അരയും തലയും മുറുക്കി രംഗത്തു വന്നേനെ. ഇപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളിലെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ആര് അന്വേഷിച്ചാലും യതാര്‍ഥ കുറ്റവാളികള്‍ രക്ഷപെടാന്‍ അനുവദിച്ചുകൂടാ എന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. പക്ഷേ അതിനെ അട്ടിമറിക്കുന്നതിനാണ് ഇപ്പോള്‍ കോണ്ഗ്രസ്സ് ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.