Wednesday, March 23, 2011

രാഹുല്‍ഗാന്ധിയാല്‍ അപമാനിതരായ ഉമ്മന്‍ ചാണ്ടിയും സംസ്ഥാന കോണ്‍ഗ്രസും


എഐസിസി ജനറല്‍ സെക്രട്ടറി ശ്രീമാന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവ്‌ ശ്രീ. രാജീവ്‌ ഗാന്ധി ചോക്ലേറ്റ് തിന്നും വിമാനം പറത്തിയും നടന്ന സമയത്ത് പോലും കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ആളാണ്‌ ഉമ്മന്‍ചാണ്ടി. 1960കളില്‍ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി പടിപടിയായി സംസ്ഥാന കോണ്‍ഗ്രസിന്‍റെ തലപ്പത്തെത്തി നില്‍ക്കുകയാണ് അദ്ദേഹം.

ഇനി മംഗളത്തില്‍ ഇന്ന് (23/03/2011) വന്ന റിപ്പോര്‍ട്ട് ഒന്ന് വായിച്ചു നോക്കൂ.


രാഹുല്‍ ഉടക്കി; പട്ടിക ഇറങ്ങിയത്‌ ബെന്നിയെ കയറ്റിമാത്രം
ന്യൂഡല്‍ഹി: ഇടതുമുന്നണിയും ബി.ജെ.പിയുമടക്കം പ്രചാരണമാരംഭിച്ചിട്ടും കേരളത്തിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിപ്പട്ടിക ഇത്രയും വൈകിയത്‌ 'രാഹുല്‍ ബ്രിഗേഡി'ലെ കെ.ടി. ബെന്നിയുടെ സ്‌ഥാനാര്‍ഥിത്വത്തെച്ചൊല്ലി. കേട്ടുകേഴ്‌വിയില്ലാത്ത ബെന്നിയെ സ്‌ഥാനാര്‍ഥിയാക്കാനാവില്ലെന്നു കേരളാനേതൃത്വം വാശി പിടിച്ചെങ്കിലും ബെന്നിയില്ലാതെ പട്ടികയുമില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഉഗ്രശാസനം.

ഇന്നലെ രാവിലെ 9.30-നു രമേശ്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രാഹുലുമായി കൂടിക്കാഴ്‌ചയ്‌ക്കു സമയം ചോദിച്ചിരുന്നു. എന്നാല്‍, കേരളാനേതൃത്വം തനിക്കു സ്‌ഥാനാര്‍ഥിത്വം നിഷേധിക്കുകയാണെന്ന ബെന്നിയുടെ പരാതിയേത്തുടര്‍ന്ന്‌ രാഹുല്‍ ഇരുവരെയും കാണാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു നടന്ന ഫോണ്‍ സംഭാഷണങ്ങളില്‍ രമേശും ഉമ്മന്‍ചാണ്ടിയും ബെന്നിയെ ചാലക്കുടി സീറ്റില്‍ നിര്‍ത്താന്‍ സമ്മതിച്ചതോടെയാണു രാഹുല്‍ അയഞ്ഞതും ഹൈക്കമാന്‍ഡ്‌ അന്തിമപട്ടിക അംഗീകരിച്ചതും. യൂത്ത്‌ കോണ്‍ഗ്രസിന്റെ തമിഴ്‌നാട്ടിലെ സംഘടനാ തെരഞ്ഞെടുപ്പു ചുമതലക്കാരന്‍ എന്ന നിലയിലാണു കെ.ടി. ബെന്നി രാഹുലിന്റെ പ്രീതിക്കു പാത്രമായത്‌.


രാഹുല്‍ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചിട്ട് അത് പോലും അനുവദിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കോണ്‍ഗ്രസുകാര്‍ ഇപ്പോഴും പറയുന്നത് ജനാധിപത്യ പാര്‍ട്ടിയാണ് തങ്ങളുടേത് എന്നാണ്. എന്നാല്‍ ഒരു അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ പോയിട്ട് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു നേതാവിനെ കാണാന്‍ സമയം അനുവദിക്കാന്‍ പോലും തയ്യാറായില്ല കോണ്ഗ്രസിന്റെ രാജകുമാരന്‍. അതും കേരളത്തിലെ ആര്‍ക്കും അറിയാന്‍ പാടില്ലാത്ത ഒരു മലയാളി യൂത്ത്‌ കൊണ്ഗ്രസുകാരന്റെ വാക്ക് കേട്ടിട്ട്!

രാഹുല്‍ വളരെ വ്യക്തമായി ഒരു സന്ദേശം എല്ലാ കോണ്ഗ്രസുകാര്‍ക്കും നല്‍കുകയാണ്. കൊണ്ഗ്രസില്‍ അവസാന തീരുമാനം അദ്ദേഹത്തിന്റേതാണ്. അത് ആരോടും ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലുമില്ല. അദ്ദേഹം എടുക്കുന്ന തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ കൊണ്ഗ്രസില്‍ ആര്‍ക്കും അവകാശമില്ല, അതിനി എത്ര മുതിര്‍ന്ന നേതാവായാലും, എത്ര പ്രവര്‍ത്തന പാരമ്പര്യം ഉണ്ടായാലും.

ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു വാര്‍ത്ത ഉമ്മന്‍ചാണ്ടി കിണഞ്ഞു പരിശ്രമിച്ചിട്ടും ടി സിദ്ദീഖ് എന്നാ മുന്‍ യൂത്ത്‌ കോണ്‍ഗ്രസ് പ്രസിഡന്ടിനു ഒരു സീറ്റ്‌ തരപ്പെടുത്തികൊടുക്കാന്‍ സാധിച്ചില്ല എന്നതാണ്. അതിനും കാരണമായത്‌ രാഹുലിന്റെ അപ്രീതി തന്നെ.

മുന്‍പ്‌ രാഹുല്‍ , എം ലിജുവിനെ 'റിയാലിറ്റി ഷോ' നടത്തി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ് ആക്കിയപ്പോള്‍ കുറെ യൂത്ത്കാര്‍ സിദ്ദിഖിനെ മാറ്റിയതിനെതിരെ പ്രകടനം നടത്തിയിരുന്നു. സാധാരണ അതൊന്നും കോണ്‍ഗ്രസില്‍ ഒരു വലിയ വിഷയമാകേണ്ടതല്ല. എന്നാല്‍ തന്റെ തീരുമാനങ്ങള്‍ ഏകാധിപതിയെപ്പോലെ അടിച്ചേല്‍പ്പിക്കുന്ന യുവരാജാവിന് അത് തീരെ പിടിച്ചില്ല. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും സിദ്ദിഖിന് സീറ്റ്‌ നല്‍കാനും അദ്ദേഹം തയ്യാറായില്ല.

തീര്‍ച്ചയായും രാഹുല്‍ഗാന്ധി തന്റെ തീരുമാനങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെപ്പോലെ ഇത്രയും പാരമ്പര്യമുള്ള, സമുന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിനെ ഇങ്ങനെയാണ് രാഹുല്‍ 'ട്രീറ്റ്‌' ചെയ്യുന്നതെങ്കില്‍ മറ്റുള്ളവരോട് അദ്ദേഹത്തിന്റെ നിലവാരം എന്തായിരിക്കും?

കോണ്‍ഗ്രസിന്‍റെ ജനാധിപത്യ സ്വഭാവത്തില്‍ അഭിമാനിച്ചിരുന്ന, എന്നാല്‍ ഇപ്പോള്‍ സ്വന്തം അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദി പോലും ലഭിക്കാതിരുന്ന കോണ്‍ഗ്രസിന്‍റെ നേതാക്കളോട് സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍...