Sunday, December 12, 2010

നികൃഷ്ട ജീവികളെക്കാള്‍ ഭേദം ജോലി തട്ടിപ്പുകാരോ?

നമ്മുടെ പി എസ് സിയെ കബളിപ്പിച്ച്(?) ഏതാനും വിരുതന്മാര്‍ ജോലി നേടിയതാണ് ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടാടുന്ന വിഷയം. അതിനെപ്പറ്റി കൂടുതലൊന്നും പറയാനില്ല. നമ്മുടെ സിസ്റ്റത്തിന്റെ ബലഹീനത വെളിച്ചത്തുകൊണ്ടുവരുന്നവയാണ് ഇത്തരം സംഭവങ്ങള്‍. തീര്‍ച്ചയായും തിരുത്തപ്പെടെണ്ടതും ആവര്‍ത്തിക്കാതിരിക്കപ്പെടെണ്ടതുമായ കാര്യങ്ങളാണ് ഇത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല. എന്താണ് അവര്‍ ചെയ്ത കുറ്റം? അവരെക്കാള്‍ കഴിവുള്ളവരെ മറികടന്നു പണം വാങ്ങി / കൊടുത്തു നിയമനം നേടിക്കൊടുത്തു / നിയമനം നേടി എന്നതാണ്.

ഇനി ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ വേറെ ഒരു വിഷയത്തിലേക്ക് കൊണ്ടുവരട്ടെ. നമ്മുടെ നാട്ടിലെ ആയിരക്കണക്കിനു വരുന്ന എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും നടക്കുന്ന നിയമനങ്ങളിലേക്ക്. അവിടെ നടക്കുന്നതും ഇത് തന്നെ അല്ലെ? കഴിവുള്ളവരെ മറികടന്നു നിയമനം പണം കൊടുത്തു വാങ്ങുന്നതാണ് അവിടെ നടക്കുന്നത്. അതില്‍ ഭാഗഭാക്കാകുന്നവരും ഇപ്പോള് ഇവിടെ ഈ തട്ടിപ്പ് നടത്തുന്നവരും തമ്മില്‍ എന്ത് വ്യത്യാസം ആണുള്ളത്; വാങ്ങുന്ന തുകയുടെ കാര്യത്തിലല്ലാതെ? ഏതൊരു മാനദണ്ഡം വെച്ചളന്നാലും ധാര്‍മികതയുടെ തുലാസില്‍ ഈ രണ്ടു നടപടികളും ഒരേ നിലവാരം ആണ് പുലര്‍ത്തുന്നത്. ഒരു പക്ഷേ ആത്മീയത ഘോരഘോരം പ്രസംഗിക്കുന്നതും കൂടെ പരിഗണിച്ചാല്‍ അധാര്‍മികത ഒരു പടി കൂടി കൂടുതലായിരിക്കും ഈ 'നികൃഷ്ട ജീവി'കളുടെ നടപടിയില്‍.

ഒരേ തട്ടിപ്പ് രണ്ടു കൂട്ടര്‍ ചെയ്യുന്നു. അതില്‍ ഒരു കൂട്ടര്‍ ചെയ്യുന്നത് വലിയ തട്ടിപ്പായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, നടപടികള്‍ വരുന്നു,... എന്നാല്‍ മറു കൂട്ടര്‍ തട്ടിപ്പ് നടത്തുമ്പോള്‍ അത് സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നു. അതിനെതിരെ ആരും പ്രതികരിക്കുന്നില്ല. അഥവാ പ്രതികരിച്ചാല്‍ ഞായറാഴ്ച്ചാ ലേഖനങ്ങളിലൂടെ പ്രതികാരം ചെയുന്നു.

ആത്മീയത വിറ്റ്‌ കാശാക്കുന്ന, നിയമത്തിനു പുല്ലുവില കല്‍പ്പിക്കാത്ത ഇത്തരം നികൃഷ്ട ജീവികളെ പിന്നെ നികൃഷ്ട ജീവി എന്നല്ലാതെ യേശു ക്രിസ്തു എന്ന് വിളിക്കാന്‍ പറ്റുമോ?

വാല്‍ക്കഷ്ണം: അഭിലാഷും ജെപീയും ഒക്കെ ഇങ്ങനത്തെ ഏതെങ്കിലും സമൂഹത്തിന്റെ നേതൃത്വത്തില്‍ ഇരുന്നായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കില്‍ അതിനെതിരെ നടപടി എടുക്കുന്നതിനെതിരെയും ഞായറാഴ്ച്ചാ ലേഖനം വന്നേനെ. ഭാഗ്യം അങ്ങനെയല്ലാത്തത്..!