Monday, October 12, 2009

രാഹുല്‍ ഗാന്ധി കപട നാട്യക്കാരനോ?

കുറേ നാളുകളായി ദേശീയ - പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാ മാധ്യമങ്ങളുടെയും ഇഷ്ട വിഷയം ആണു രാഹുല്‍ ഗാന്ധി. കലാവതിയുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനം മുതല്‍ യു. പിയില്‍ ഒറ്റക്കു മത്സരിച്ചു കോണ്ഗ്രസ്സ് ജയിച്ചതും, ഒടുവില്‍ നടത്തിയ കേരളാ സന്ദര്‍ശനം വരെ അതിനു കാരണങ്ങള്‍ പലതാണു.
ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണു അദ്ദേഹത്തിന്‍റെ ചിലവു ചുരുക്കലും ലളിത ജീവിതവും. കഴിഞ്ഞ മാസം നടത്തിയ ട്രെയിന്‍ യാത്രയും ദരിദ്ര ഗ്രിഹങ്ങളിലെ സന്ദര്‍ശനവും എല്ലാം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിനു ലളിത ജീവിതം നയിക്കുന്ന ആള്‍ എന്ന ഇമേജ് നല്‍കാന്‍ കുറെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളുടെ അരികു പറ്റി കിടക്കുന്ന ചില സത്യങ്ങളിലേക്കു ഒരു എത്തിനോട്ടം നടത്താന്‍ ശ്രമിക്കുകയാണു ഇവിടെ.
ചില മൂന്നാംകിട തമിഴ് സിനിമ കാണുന്ന പ്രതീതി ആണു രാഹുലന്‍റെ ദരിദ്ര ഗ്രിഹങ്ങളിലെ സന്ദര്‍ശനം കാണുമ്പോള്‍ തോന്നുന്നത്. നിലവാരമില്ലാത്ത ഇത്തരം മൂന്നാം കിട നാടകം നടത്തി വേണോ ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള പ്രസ്ഥാനത്തിലേക്ക് ആളെ കൂട്ടാന്‍? ഇത്തരം ഗിമ്മിക്കുകള്‍ കാണിക്കേണ്ട അത്രയും തരം താഴണമായിരുന്നോ ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയുടെ പിന്മുറക്കാരന്‍? അതുപോലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ രാഹുലിന്‍റെ ട്രെയിന്‍ യാത്രക്കു ചിലവായ തുക അദ്ദേഹത്തിനു വിമാനത്തില്‍ വരാന്‍ ചിലവാകുന്നതിലും കൂടുതല്‍ ആയിരുന്നു എന്നാണു. അപ്പോള്‍ ചിലവു ചുരുക്കുക എന്നതായിരുന്നോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതാരുന്നോ ലക്ഷ്യം?
ഇനി ഇപ്പോള്‍ നടത്തിയ കൊട്ടിഘോഷിക്കപെട്ട കേരള യാത്രയെ പറ്റി മനോരമയില്‍ വായിച്ചു രാഹുല്‍ ചിലവു ചുരുക്കാനു വേണ്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിവാക്കി സാധാരണ റസ്റ്റോറന്‍റുകളില്‍ നിന്നു ഭക്ഷണം കഴിച്ചു എന്നു. കേട്ടപ്പോള്‍ സന്തോഷം തോന്നി. അനുകരണീയമായ മാത്രുക ആണു എന്നും തോന്നി. പക്ഷേ പിന്നെ ആണു അതിന്‍റെ ബാക്കി വാര്‍ത്തകള്‍ കേട്ടതു. രാഹുലിനു സഞ്ചരിക്കാനു വിമാനത്തിലാണത്രേ കാറുകള്‍ കൊണ്ടുവന്നത്. അതിനു ഒന്നരക്കോടി രൂപ ചിലവാണു എന്നു. (അതു അപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മനോരമ വിട്ടു പോയി, അതിലും വലിയ ചിലവു ചുരുക്കല്‍ ആണല്ലോ ഭക്ഷണകാര്യത്തില്‍ നടത്തിയത്...!!) ഇത് പണ്ട് ആന്‍റണി മുഖ്യമന്ത്രി ആകാന്‍ വിമാനം സ്പെഷ്യല്‍ പിടിച്ചു വന്നതിലും വലിയ കാര്യം തന്നെ.
ഇത്തരം പൊറാട്ട് നാടകങ്ങളെല്ലാം മഹത്വവല്‍കരിക്കാന്‍ ആണു ചില മാധ്യമങ്ങള്‍ കൊണ്ടു പിടിച്ചു ശ്രമിക്കുന്നത്. പക്ഷെ ഏറ്റവും കുറഞ്ഞതു കേരളീയരെ എങ്കിലും ഇങ്ങനെ പറ്റിക്കാന്‍ പറ്റില്ല എന്നു മനോരമ അടക്കമുള്ള മാധ്യമങ്ങളും രാഹുലും മനസിലാക്കിയിരുന്നെങ്കില്‍....

വാല്‍ക്കഷണം: ഈ കാര്യങ്ങളില്‍ രാഹുലിന്‍റെ ഗുരു എ.കെ. ആന്‍റണി ആകാന്‍ ആണു സാധ്യത. കപട നാടകങ്ങളുടെ ലോകത്തെ ഷേക്സ്പിയര്‍ ആണല്ലോ അദ്ദേഹം