Thursday, December 24, 2009

ശബരിമല ബുദ്ധ ക്ഷേത്രമോ?

ശബരിമല ബുദ്ധ ക്ഷേത്രമോ?

ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ അതിനോട് പല രീതിയില്‍ ഉള്ള പ്രതികരണങ്ങള്‍ ആയിരിക്കും വരിക. ചോദ്യം ചോദിക്കുന്നവനെ കൈകാര്യം ചെയ്യണം എന്ന് തോന്നുന്നവര്‍ വരെ ഉണ്ടാകാം. പക്ഷെ വിവിധ വസ്തുതകള്‍ നിരത്തി ഇങ്ങനെ ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ വയ്യ.

ശബരിമലയെ പറ്റി എന്തെങ്കിലും പറയുന്നതിന് മുന്നേ ചില വസ്തുതകള്‍ വിവരിക്കുകയാണ് ഇവിടെ. ലോകത്തെല്ലായിടത്തുമുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നോക്കുക. ശബരിമലയിലെ അയ്യപ്പന്‍റെ പ്രതിഷ്ഠയും നോക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ? അതുപോലെ തന്നെ മറ്റു ഹൈന്ദവ ദൈവങ്ങളെയും അയ്യപ്പനെയും സ്തുതിക്കുന്നത് എങ്ങനെ ആണെന്ന് പരിശോദിക്കുക, നിങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം കാണാന്‍ സാധിക്കുന്നുണ്ടോ? ഞാന്‍ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല; നേരിട്ട് വിഷയത്തിലേക്ക് വരാം.

ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ ഒരു പ്രത്യേക രീതിയില്‍ ഇരിക്കുന്ന അയ്യപ്പനാണ്. നമ്മള്‍ക്ക് വേറെ ഒരു ഹിന്ദു ദൈവത്തിന്റെയും ഈ രീതിയില്‍ ഇരിക്കുന്ന വിഗ്രഹങ്ങള്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഈ രീതിയില്‍ ഇരിക്കുന്നത് ആരാണെന്നു തേടി പോയാല്‍ നമ്മള്‍ എത്തുക ബുദ്ധ വിഗ്രഹങ്ങളിലേക്കാണ്. ഒരു ബുദ്ധ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ അതേ പൊസിഷന്‍ ആണ് ശബരിമലയിലെ വിഗ്രഹത്തിനും. അതു പോലെ നമ്മള്‍ വളരെ അധികം കേട്ടിട്ടുള്ള ഒരു പ്രാര്‍ത്ഥന ആണ് "ബുദ്ധം ശരണം ഗച്ചാമി; ധര്‍മം ശരണം ഗച്ചാമി" എന്നുള്ളത്. ശരണം വിളിക്കുക എന്നത് ബുദ്ധ മതക്കാരുടെ രീതി ആണ്. എന്നാല്‍ ശബരിമല അയ്യപ്പനെ അല്ലാതെ വേറെ ഒരു ഹിന്ദു ദൈവത്തെയും ശരണം വിളിക്കുന്നത്‌ നമ്മള്‍ കേട്ടിട്ടില്ല.

ഈ വക കാര്യങ്ങള്‍ എല്ലാം നമ്മളെ ചില സംശയങ്ങളിലേക്ക് ആണ് നയിക്കുന്നത്. വളരെ അധികം ഭക്തന്മാര്‍ ഓരോ വര്‍ഷവും വരുന്ന ശബരിമല യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ക്ഷേത്രമോ അതോ ബുദ്ധ ക്ഷേത്രമോ, അതു പോലെ അവിടുത്തെ പ്രതിഷ്ഠയെ സംബന്ധിച്ചും ചില സംശയങ്ങള്‍ ഉണരുകയാണ് ഇവിടെ. യഥാര്‍ത്ഥത്തില്‍ ശബരിമല അയ്യപ്പന്‍ ഒരു ബുദ്ധ പ്രതിഷ്ഠ ആണോ? എങ്ങനെ ആണ് മറ്റു ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നും കാണാത്ത പ്രത്യേക രീതിയില്‍ ഉള്ള ശരണം വിളി ശബരിമലയില്‍ മാത്രം എത്തിചേര്‍ന്നത്‌?

ഇതിനോടൊപ്പം നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ചരിത്രത്തില്‍ നിന്നുള്ളതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാര്‍ജ്ജിച്ച ബുദ്ധചൈത്യം വഞ്ചി യിലായിരുന്നെന്നും ഈ വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങള്‍ ഇപ്പോഴും നടക്കുന്നു. കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാള്‍ ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. കേരളത്തിലെ ചില ബുദ്ധ വിഹാരങ്ങള്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് തകര്‍ക്കപെടുകയും, അതിനെ ഹിന്ദു ബുദ്ധ വിശ്വാസികളെ പരസ്പരം കലഹിപ്പിക്കാനുള്ള ഉപാദി ആക്കുകയും ചെയ്തിരുന്നു എന്നത് മറ്റൊരു ചരിത്ര സത്യം

ഏതോ കാലത്ത് ബുദ്ധന്മാര്‍ ഉണ്ടാക്കിയ ക്ഷേത്രം പിന്നീടു ഹൈന്ദവരുടെ കയ്യില്‍ വന്നു ചേരുകയായിരുന്നു എന്ന് ശബരിമലയുടെ കാര്യത്തില്‍ ആരെങ്കിലും വിശ്വസിച്ചാല്‍ അതിനെ തെറ്റ് എന്ന് പറഞ്ഞു അപ്പാടെ തള്ളാന്‍ സാധിക്കില്ല. ഇതിനെ പറ്റി ഒരു പഠനം നടത്താന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയ്യാറാകേണ്ടതാണ്.

Wednesday, December 9, 2009

കെ.സി.ബി.സി അഥവാ കേരളാ കാത്തലിക് 'ബിസിനസ്സ്' കൌണ്സില്‍

വളരെ അധികം പാരമ്പര്യമുള്ള, നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ ആണ് കേരളത്തിലെ കത്തോലിക്കാ സഭകള്‍. ഇപ്പോഴും സമൂഹ നന്മക്കുതകുന്ന നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങളുടെ മറവില്‍ ചെയ്യുന്ന മറ്റു പല കാര്യങ്ങളെ പറ്റിയും ഒരു പരിശോദന നടത്തുകയാണ്‌ ഇവിടെ.

ബൈബിളില്‍ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്, അതിങ്ങനെയാണ് - യേശു ക്രിസ്തു പ്രാര്‍ത്ഥിക്കാനായി ആരാധനാലയത്തില്‍ ചെന്നപ്പോള്‍ അവിടെ കണ്ടത് നിരവധി കച്ചവടങ്ങള്‍ നടത്താന്‍ വേണ്ടി ദേവാലയം ഉപയോഗിക്കുന്നതാണ്. അതൊരു കച്ചവട ശാല പോലെ ആക്കി മാറ്റിയിരുന്നു. പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപയോഗിച്ച് സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറായി ദേവാലയ അധികാരികളും. അതിനു പകരമായി ദേവാലയ അധികാരികള്‍ അവരില്‍ നിന്ന് പണം പിരിച്ചിരുന്നു. ഈ അവസ്ഥ കണ്ടു ഹൃദയം വേദനിച്ച യേശു ക്രിസ്തു പ്രതികരിച്ചത് ചാട്ടവാര്‍ കൊണ്ടായിരുന്നു. ദേവാലയത്തെ കച്ചവടത്തിന് ഉപയോഗിച്ചവരെ അദ്ദേഹം ചാട്ടവാര്‍ ഉപയോഗിച്ച് പുറത്താക്കി.

ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കു വലിയ പ്രസക്തി ഉണ്ട്. കേരളത്തില്‍ ഏറ്റവും ലാഭം ഉണ്ടാക്കുന്ന ബിസിനസ്‌ ഏതാണെന്ന് ചോദിച്ചാല്‍ നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്‌, അങ്ങനെ നിരവധി... എന്നാല്‍ അതിനോടോപ്പമോ അതിനെക്കളുമോ ലാഭം ഉണ്ടാക്കുന്ന രണ്ടു ബിസിനസ്‌ മേഖലകള്‍ ആണ് വിദ്യാഭ്യാസ - ആതുര സേവന മേഖലകള്‍.

ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ള വിഭാഗം ആണ് കേരളത്തിലെ കത്തോലിക്കാ സഭ. ഇനി അതിന്റെ ധാര്‍മികത ഒന്ന് പരിശോദിക്കാം. ഒരു യഥാര്‍ത്ഥ ബിസിനസ്‌ സ്ഥാപനം സമീപിക്കുന്ന രീതിയില്‍ ആണ് അവര്‍ ജനങ്ങളെ സമീപിക്കുനത്. കച്ചവടത്തിന്റെ വിജയത്തിന് വേണ്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കൈകൊള്ളാനും അതിനു പ്രതിബന്ധമാകുന്നതിനു എതിരെ നീങ്ങാനും അവര്‍ക്ക് ഒരു മടിയും ഇല്ല. ആത്മീയതയില്‍ അധിഷ്ടിധമായി സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത നടപടികള്‍ ആണ് ഇപ്പോഴത്തെ കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്‌

ഇതാണോ യേശു ക്രിസ്തു പറഞ്ഞ, ഉദ്ബോധനം ചെയ്ത ക്രൈസ്തവ ജീവിതം? മുകളില്‍ വിവരിച്ച ഉദാഹരണവുമായി ഇപ്പോഴത്തെ കത്തോലിക്കാ സഭയെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അന്ന് യേശു ക്രിസ്തു മതത്തിനെ ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ചാട്ടവാര്‍ എടുത്തു. ഇന്ന് ആ യേശു ക്രിസ്തുവിന്റെ പേരിലുള്ള മതം കച്ചവടം ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു!

അതും ഇന്ന് നിലവില്‍ ഏറ്റവും കൂടുതല്‍ ഫീസ്‌ വാങ്ങുന്ന കോളേജുകളുടെ ഗണത്തില്‍ ആണ് കത്തോലിക്കാ സഭയുടെ കീഴില്‍ ഉള്ള കോളേജുകള്‍ വരുന്നത്. ആശുപത്രികളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ ജനങ്ങളുടെ പണം കൊള്ള അടിക്കുന്നതിനു എതിരായി ആരെങ്കിലും എന്തെങ്കിലും നടപടി എടുത്താല്‍ അവര്‍ക്കെതിരെ സമുദായത്തെ മുഴുവന്‍ അണിനിരത്താനും ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. ചുരുക്കം പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ വിശ്വാസ സംഹിത ഉയര്‍ത്തി പിടിക്കേണ്ടവര്‍ അദ്ദേഹത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിര്‍ക്കുന്നത്.

ഈ കൊള്ളക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ വിഷം തുപ്പിക്കൊണ്ട് പുരോഹിതന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒരു രസാവഹമായ കാഴ്ച ആണ്. ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്റെ അനുയായികളുടെ ഒരു തമാശ മാത്രമല്ലെ ഇത്! കൂടാതെ രാഷ്ട്രീയക്കാരെ പോലെ കവല പ്രസംഗങ്ങളും ജാഥകളും എല്ലാം നടത്താനും തയ്യാറാകുന്നു, ഈ കൊള്ളയുടെ സംരക്ഷണത്തിന് വേണ്ടി.

യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍തലമുറ എന്നവകാശപെടുന്ന ഈ കള്ളകൂട്ടങ്ങള്‍ ആരെയാണ് ഇപ്പോള്‍ കൂടെ കൂട്ടുന്നത്‌? സമൂഹത്തിലെ താഴെകിടയിലുള്ളവരെ ആണോ? ഏറ്റവും ഉയര്‍ന്ന വിഭാഗത്തിന് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി അല്ലെ ഇവര്‍ നിലകൊള്ളുന്നത്? യഥാര്‍ത്ഥ വിശ്വാസി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Monday, October 12, 2009

രാഹുല്‍ ഗാന്ധി കപട നാട്യക്കാരനോ?

കുറേ നാളുകളായി ദേശീയ - പ്രാദേശിക വ്യത്യാസമില്ലാതെ എല്ലാ മാധ്യമങ്ങളുടെയും ഇഷ്ട വിഷയം ആണു രാഹുല്‍ ഗാന്ധി. കലാവതിയുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനം മുതല്‍ യു. പിയില്‍ ഒറ്റക്കു മത്സരിച്ചു കോണ്ഗ്രസ്സ് ജയിച്ചതും, ഒടുവില്‍ നടത്തിയ കേരളാ സന്ദര്‍ശനം വരെ അതിനു കാരണങ്ങള്‍ പലതാണു.
ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണു അദ്ദേഹത്തിന്‍റെ ചിലവു ചുരുക്കലും ലളിത ജീവിതവും. കഴിഞ്ഞ മാസം നടത്തിയ ട്രെയിന്‍ യാത്രയും ദരിദ്ര ഗ്രിഹങ്ങളിലെ സന്ദര്‍ശനവും എല്ലാം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിനു ലളിത ജീവിതം നയിക്കുന്ന ആള്‍ എന്ന ഇമേജ് നല്‍കാന്‍ കുറെ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളുടെ അരികു പറ്റി കിടക്കുന്ന ചില സത്യങ്ങളിലേക്കു ഒരു എത്തിനോട്ടം നടത്താന്‍ ശ്രമിക്കുകയാണു ഇവിടെ.
ചില മൂന്നാംകിട തമിഴ് സിനിമ കാണുന്ന പ്രതീതി ആണു രാഹുലന്‍റെ ദരിദ്ര ഗ്രിഹങ്ങളിലെ സന്ദര്‍ശനം കാണുമ്പോള്‍ തോന്നുന്നത്. നിലവാരമില്ലാത്ത ഇത്തരം മൂന്നാം കിട നാടകം നടത്തി വേണോ ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള പ്രസ്ഥാനത്തിലേക്ക് ആളെ കൂട്ടാന്‍? ഇത്തരം ഗിമ്മിക്കുകള്‍ കാണിക്കേണ്ട അത്രയും തരം താഴണമായിരുന്നോ ഭാരതത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയുടെ പിന്മുറക്കാരന്‍? അതുപോലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ രാഹുലിന്‍റെ ട്രെയിന്‍ യാത്രക്കു ചിലവായ തുക അദ്ദേഹത്തിനു വിമാനത്തില്‍ വരാന്‍ ചിലവാകുന്നതിലും കൂടുതല്‍ ആയിരുന്നു എന്നാണു. അപ്പോള്‍ ചിലവു ചുരുക്കുക എന്നതായിരുന്നോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതാരുന്നോ ലക്ഷ്യം?
ഇനി ഇപ്പോള്‍ നടത്തിയ കൊട്ടിഘോഷിക്കപെട്ട കേരള യാത്രയെ പറ്റി മനോരമയില്‍ വായിച്ചു രാഹുല്‍ ചിലവു ചുരുക്കാനു വേണ്ടി ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴിവാക്കി സാധാരണ റസ്റ്റോറന്‍റുകളില്‍ നിന്നു ഭക്ഷണം കഴിച്ചു എന്നു. കേട്ടപ്പോള്‍ സന്തോഷം തോന്നി. അനുകരണീയമായ മാത്രുക ആണു എന്നും തോന്നി. പക്ഷേ പിന്നെ ആണു അതിന്‍റെ ബാക്കി വാര്‍ത്തകള്‍ കേട്ടതു. രാഹുലിനു സഞ്ചരിക്കാനു വിമാനത്തിലാണത്രേ കാറുകള്‍ കൊണ്ടുവന്നത്. അതിനു ഒന്നരക്കോടി രൂപ ചിലവാണു എന്നു. (അതു അപ്പോള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ മനോരമ വിട്ടു പോയി, അതിലും വലിയ ചിലവു ചുരുക്കല്‍ ആണല്ലോ ഭക്ഷണകാര്യത്തില്‍ നടത്തിയത്...!!) ഇത് പണ്ട് ആന്‍റണി മുഖ്യമന്ത്രി ആകാന്‍ വിമാനം സ്പെഷ്യല്‍ പിടിച്ചു വന്നതിലും വലിയ കാര്യം തന്നെ.
ഇത്തരം പൊറാട്ട് നാടകങ്ങളെല്ലാം മഹത്വവല്‍കരിക്കാന്‍ ആണു ചില മാധ്യമങ്ങള്‍ കൊണ്ടു പിടിച്ചു ശ്രമിക്കുന്നത്. പക്ഷെ ഏറ്റവും കുറഞ്ഞതു കേരളീയരെ എങ്കിലും ഇങ്ങനെ പറ്റിക്കാന്‍ പറ്റില്ല എന്നു മനോരമ അടക്കമുള്ള മാധ്യമങ്ങളും രാഹുലും മനസിലാക്കിയിരുന്നെങ്കില്‍....

വാല്‍ക്കഷണം: ഈ കാര്യങ്ങളില്‍ രാഹുലിന്‍റെ ഗുരു എ.കെ. ആന്‍റണി ആകാന്‍ ആണു സാധ്യത. കപട നാടകങ്ങളുടെ ലോകത്തെ ഷേക്സ്പിയര്‍ ആണല്ലോ അദ്ദേഹം