Wednesday, February 3, 2010

യേശുവിനെ അപമാനിക്കുന്നതാര്?

വളരെ അധികം പാരമ്പര്യമുള്ള, നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ ആണ് കേരളത്തിലെ കത്തോലിക്കാ സഭകള്‍. ഇപ്പോഴും സമൂഹ നന്മക്കുതകുന്ന നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങളുടെ മറവില്‍ ചെയ്യുന്ന മറ്റു പല കാര്യങ്ങളെ പറ്റിയും ഒരു പരിശോദന നടത്തുകയാണ്‌ ഇവിടെ.

ബൈബിളില്‍ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്, അതിങ്ങനെയാണ് - യേശു ക്രിസ്തു പ്രാര്‍ത്ഥിക്കാനായി ആരാധനാലയത്തില്‍ ചെന്നപ്പോള്‍ അവിടെ കണ്ടത് നിരവധി കച്ചവടങ്ങള്‍ നടത്താന്‍ വേണ്ടി ദേവാലയം ഉപയോഗിക്കുന്നതാണ്. അതൊരു കച്ചവട ശാല പോലെ ആക്കി മാറ്റിയിരുന്നു. പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപയോഗിച്ച് സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറായി ദേവാലയ അധികാരികളും. അതിനു പകരമായി ദേവാലയ അധികാരികള്‍ അവരില്‍ നിന്ന് പണം പിരിച്ചിരുന്നു. ഈ അവസ്ഥ കണ്ടു ഹൃദയം വേദനിച്ച യേശു ക്രിസ്തു പ്രതികരിച്ചത് ചാട്ടവാര്‍ കൊണ്ടായിരുന്നു. ദേവാലയത്തെ കച്ചവടത്തിന് ഉപയോഗിച്ചവരെ അദ്ദേഹം ചാട്ടവാര്‍ ഉപയോഗിച്ച് പുറത്താക്കി.

ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കു വലിയ പ്രസക്തി ഉണ്ട്. കേരളത്തില്‍ ഏറ്റവും ലാഭം ഉണ്ടാക്കുന്ന ബിസിനസ്‌ ഏതാണെന്ന് ചോദിച്ചാല്‍ നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്‌, അങ്ങനെ നിരവധി... എന്നാല്‍ അതിനോടോപ്പമോ അതിനെക്കളുമോ ലാഭം ഉണ്ടാക്കുന്ന രണ്ടു ബിസിനസ്‌ മേഖലകള്‍ ആണ് വിദ്യാഭ്യാസ - ആതുര സേവന മേഖലകള്‍.

ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ള വിഭാഗം ആണ് കേരളത്തിലെ കത്തോലിക്കാ സഭ. ഇനി അതിന്റെ ധാര്‍മികത ഒന്ന് പരിശോദിക്കാം. ഒരു യഥാര്‍ത്ഥ ബിസിനസ്‌ സ്ഥാപനം സമീപിക്കുന്ന രീതിയില്‍ ആണ് അവര്‍ ജനങ്ങളെ സമീപിക്കുനത്. കച്ചവടത്തിന്റെ വിജയത്തിന് വേണ്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കൈകൊള്ളാനും അതിനു പ്രതിബന്ധമാകുന്നതിനു എതിരെ നീങ്ങാനും അവര്‍ക്ക് ഒരു മടിയും ഇല്ല. ആത്മീയതയില്‍ അധിഷ്ടിധമായി സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത നടപടികള്‍ ആണ് ഇപ്പോഴത്തെ കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്‌

ഇതാണോ യേശു ക്രിസ്തു പറഞ്ഞ, ഉദ്ബോധനം ചെയ്ത ക്രൈസ്തവ ജീവിതം? മുകളില്‍ വിവരിച്ച ഉദാഹരണവുമായി ഇപ്പോഴത്തെ കത്തോലിക്കാ സഭയെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അന്ന് യേശു ക്രിസ്തു മതത്തിനെ ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ചാട്ടവാര്‍ എടുത്തു. ഇന്ന് ആ യേശു ക്രിസ്തുവിന്റെ പേരിലുള്ള മതം കച്ചവടം ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു!

അതും ഇന്ന് നിലവില്‍ ഏറ്റവും കൂടുതല്‍ ഫീസ്‌ വാങ്ങുന്ന കോളേജുകളുടെ ഗണത്തില്‍ ആണ് കത്തോലിക്കാ സഭയുടെ കീഴില്‍ ഉള്ള കോളേജുകള്‍ വരുന്നത്. ആശുപത്രികളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ ജനങ്ങളുടെ പണം കൊള്ള അടിക്കുന്നതിനു എതിരായി ആരെങ്കിലും എന്തെങ്കിലും നടപടി എടുത്താല്‍ അവര്‍ക്കെതിരെ സമുദായത്തെ മുഴുവന്‍ അണിനിരത്താനും ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. ചുരുക്കം പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ വിശ്വാസ സംഹിത ഉയര്‍ത്തി പിടിക്കേണ്ടവര്‍ അദ്ദേഹത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിര്‍ക്കുന്നത്.

ഈ കൊള്ളക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ വിഷം തുപ്പിക്കൊണ്ട് പുരോഹിതന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒരു രസാവഹമായ കാഴ്ച ആണ്. ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്റെ അനുയായികളുടെ ഒരു തമാശ മാത്രമല്ലെ ഇത്! കൂടാതെ രാഷ്ട്രീയക്കാരെ പോലെ കവല പ്രസംഗങ്ങളും ജാഥകളും എല്ലാം നടത്താനും തയ്യാറാകുന്നു, ഈ കൊള്ളയുടെ സംരക്ഷണത്തിന് വേണ്ടി.

യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍തലമുറ എന്നവകാശപെടുന്ന ഈ കള്ളകൂട്ടങ്ങള്‍ ആരെയാണ് ഇപ്പോള്‍ കൂടെ കൂട്ടുന്നത്‌? സമൂഹത്തിലെ താഴെകിടയിലുള്ളവരെ ആണോ? ഏറ്റവും ഉയര്‍ന്ന വിഭാഗത്തിന് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി അല്ലെ ഇവര്‍ നിലകൊള്ളുന്നത്? യഥാര്‍ത്ഥ വിശ്വാസി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇത് ഒരു റീ പോസ്റ്റ്‌ ആണ്.