Tuesday, May 11, 2010

സ്വയം അപഹാസ്യനാകുന്ന രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നു നടത്തിയ ചില പ്രസ്താവനകളാണ് ഈ കുറിപ്പിനാധാരം.

അദ്ദേഹം പറഞ്ഞത് ആകാശമാര്‍ഗം നോമിനേഷന്‍ വഴി നേതാക്കളാകാമെന്ന് ഇനിയാരും വിചാരിക്കേണ്ട എന്നാണ്. നല്ല കാര്യം. അതു നടപ്പാക്കിയാല്‍ അതിനോടു നൂറ്റൊന്നു ശതമാനം യോജിക്കുന്നു.

പക്ഷേ സ്വന്തം അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്ഥാവന അല്ലേ അത്? ഇപ്പോള്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ രാഹുല്‍ ഗാന്ധി ആ സ്ഥാനത്ത് എത്താന്‍ ഉള്ള കാരണം അദ്ദേഹം രാജീവിന്റെ മകനാണ് എന്നതല്ലേ? അദ്ദേഹം ഉദ്ദേശിച്ചതുപോലെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുയരാന്‍ സാധിക്കുന്ന അവസ്ഥ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്നു നമ്മള്‍ക്കു പ്രതീക്ഷിക്കാം(!). പക്ഷേ അദ്ദേഹം ഏതെങ്കിലും സംഘടനയുടെ താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചുയര്‍ന്ന നേതാവാണോ? അങ്ങനെ അല്ലാത്തിടത്തോളം മറ്റു ഘടകങ്ങളില്‍ ഇതു നടപ്പാക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ എന്തു ധാര്‍മികതയാണുള്ളത്?

വാല്‍ക്കഷണം: പതിവുപോലെ മനോരമ രാഹുല്‍ സ്തുതികള്‍ക്കായി അച്ചു നിരത്തി മടുത്തു. ഇക്കോണമി ക്ലാസിലാണ് വന്നതെന്നൊക്കെ. മുന്‍പ് തട്ടുകടയില്‍ നിന്നു ചായ കുടിക്കാന്‍ വന്നതിന്റെ ചിലവ് ഒന്നരക്കോടിയായിരുന്നു. ഇതിന്റെ ബാക്കി പത്രം എന്താണാവോ?

Sunday, April 18, 2010

പിണറായി ഈ ചാനലിന്റെ ഐശ്വര്യം!

ഞാന്‍ ഒരു പ്രശസ്ത മലയാളം ചാനലിന്റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാര്‍ത്താ പരിപാടിയുടെ അവതാരകനാണ്. ന്യുസ് അവര്‍, ന്യുസ് നൈറ്റ്‌, എന്നിങ്ങനെ പല പേരുകളില്‍ ഞങ്ങളുടെ പോലത്തെ പരിപാടികള്‍ ഉണ്ട്. ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നതിന്റെ കാരണം ഞങ്ങളുടെ പരിപാടിക്ക് ഏറ്റവും സഹായം ചെയ്തു തരുന്ന ഒരു വ്യക്തിയോടുള്ള നന്ദി പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ്.

ഞങ്ങളുടെ ലക്‌ഷ്യം ഞങ്ങളുടെ പരിപാടി റേറ്റിങ്ങില്‍ ഏറ്റവും മുകളില്‍ എത്തിക്കുക എന്നതാണ്. ഒപ്പം ഞങ്ങളുടെ മുതലാളിമാര്‍ക്ക് എതിരായി വരുന്നവരെ തകര്‍ക്കുക എന്നതും ഒരു പ്രധാന ലക്ഷ്യമാണ്. ഇത് രണ്ടും ഒരേ സമയം നടത്തുന്നതിന് ഞങ്ങളെ ഏറ്റവുമധികം സഹായിക്കുന്നത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറി ശ്രീമാന്‍ പിണറായി വിജയനാണ്. അദ്ദേഹത്തോടുള്ള നിസീമമായ നന്ദി അറിയിക്കുകയാണിവിടെ.

പിണറായി വിജയന്‍ എന്ന് പറഞ്ഞാല്‍ ആരാ? ഭൂലോക കള്ളന്‍! കള്ളതിരുമാടി! കേരളത്തിലെ ജനങ്ങളെ പറ്റിച്ച് ലാവലിന്‍ കമ്പനിയുടെ കയ്യില്‍ നിന്നും പത്തു മുന്നുറ്റമ്പത് കോടി രൂപ അടിച്ചു മാറ്റിയ ഭയങ്കരന്‍! ലാപ്ടോപ് ബാഗില്‍ വെടിയുണ്ട കൊണ്ട് നടക്കുന്ന ഭീകരന്‍! നായനാരുടെ പേര് പറഞ്ഞു ഗള്‍ഫില്‍ പോയി ആയിരം കോടി പിരിക്കുന്ന ധനമോഹി! ഇതൊക്കെയാണ് പിണറായിയെപ്പറ്റി ഞങ്ങള്‍ പൊതുജനത്തെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നത്.

ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത് പിണറായിയോടുള്ള ദേഷ്യം കൊണ്ടൊന്നുമല്ല. അയാള് ചെയ്യുന്നതെല്ലാം മോശമാണെന്ന് കൃത്യമായി തെളിവ്‌ു കിട്ടിയിട്ടുമല്ല. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ പോലെ അങ്ങേരെ പറ്റി പറഞ്ഞാല്‍ രണ്ടാണ് കാര്യം. ഒന്ന് - വാര്‍ത്ത എല്ലാവരും ശ്രദ്ദിക്കും. രണ്ടു - ഞങ്ങളുടെ മുതലാളിമാര്‍ക്ക് പെരുത്ത്‌ സന്തോഷമാകും! ഇതില്‍ കൂടുതല്‍ ഞങ്ങള്‍ക്കെന്താ വേണ്ടത്? അതുകൊണ്ട് തന്നെ അങ്ങേരെന്തു ചെയ്താലും ഞങ്ങള്‍ അത് വിവാദമാക്കും. അതാണ് ഞങ്ങളുടെ സ്റ്റൈല്‍.

ആദ്യം ഞങ്ങള്‍ വി.എസ്. - പിണറായി പോരെന്നു പറഞ്ഞു കുറെ നാള്‍ ജീവിച്ചു. അതിനിടയ്ക്കാണ് പിണറായിയെ വെടിയുണ്ടയുമായി പിടിച്ചത്. അതൊരു ഉണ്ടയില്ലാത്ത വെടി ആണെന്നറിഞ്ഞിട്ടും ഞങ്ങള്‍ അത് ഒരു ആഘോഷമാക്കി മാറ്റി. ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ പിണറായിയെ ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ ഏതെല്ലാം വകുപ്പ് പ്രകാരം എങ്ങനെയെല്ലാം തൂക്കികൊല്ലാം എന്ന് വിശകലനം ചെയ്ത് കേരള ജനതയെ ഹര്ഷപുളകിതരാക്കി! ഞങ്ങള്‍ക്കറിയാം, ഞങ്ങള്‍ അപ്പോള്‍ എന്ത് പറഞ്ഞാലും കുഴപ്പമില്ല എന്ന് കാരണം കുറച്ചു കഴിഞ്ഞ് എന്ത് സംഭവിച്ചാലും ഇല്ലെങ്കിലും അതൊന്നും ആരും അന്വേഷിക്കാന്‍ വരില്ല. ഇപ്പൊ അന്ന് ഞങ്ങള്‍ പറഞ്ഞ പോലെ എന്തെങ്കിലും സംഭവിച്ചോ? പിണറായിയുടെ രോമാത്തെല്‍ പോലും ആരും തൊട്ടില്ല, എങ്കിലെന്താ അന്ന് ഞങ്ങള്‍ക്ക് കോളല്ലായിരുന്നോ. ഒരാഴ്ച ഞങ്ങള്‍ ആ ന്യുസ് കൊണ്ടാടിയില്ലേ?

പിന്നെ ഇടയ്ക്കു ഞങ്ങള്‍ അങ്ങേരെ തീവ്രവാദിയാക്കി. അത് പോലെ പുട്ടിനു പീര എന്ന പോലെ ഇടയ്ക്കു ഇടയ്ക്കു ലാവ്‌ലിന്‍ കേസ് എടുത്തു പ്രയോഗിക്കും. പക്ഷെ എന്ത് ന്യുസാണെങ്കിലും അത് പിണറായിക്ക് എതിരാണെങ്കില്‍ മാത്രമേ ഞങ്ങള്‍ വാര്‍ത്താ പ്രാധാന്യം കൊടുക്കൂ. അനുകൂലമായിട്ടുള്ളതിനു ഒഴുക്കന്‍ മട്ടില്‍ ഒന്ന് പറഞ്ഞു പോകും. ഈ അടുത്ത കാലത്ത് ലാവ്‌ലിന്‍ കേസില്‍ പിണറായി കാശൊന്നും വാങ്ങിയില്ല എന്ന റിപ്പോര്‍ട്ട് വന്നപ്പോള്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നു പോയി. നട്ട് എന്നും വെള്ളമൊഴിച്ചു വളര്‍ത്തിക്കൊണ്ടുവന്ന ഒരു ചെടി ഒരു സുപ്രഭാതത്തില്‍ ഉണങ്ങി നില്‍ക്കുന്നത് കണ്ടാല്‍ ആര്‍ക്കായാലും ചങ്കു തകര്‍ന്നു പോകില്ലേ? പിന്നെ അത് വലിയ കാര്യമായി റിപ്പോര്‍ട ചെയ്യാതെ ആണ് ഞങ്ങള്‍ ആ വിഷമം തീര്‍ത്തത്.

ഞങ്ങള്‍ക്ക് പിണറായിയോടുള്ള പ്രത്യേക സ്നേഹം മനസിലാകണമെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ കൊടുക്കുന്ന ഒരു ന്യുസ് കാണണം. എത്രയെത്ര നേതാക്കന്മാര്‍ ഗള്‍ഫില്‍ പോകുന്നു. പൈസ പിരിക്കുന്നു. പരിപാടികളില്‍ പങ്കെടുക്കുന്നു. അതിനു വല്ലോം ഞങ്ങള്‍ പ്രാധാന്യം കൊടുക്കാറുണ്ടോ? പക്ഷെ ഇപ്പോള്‍ ഇതാ പിണറായി ഗള്‍ഫില്‍ പോയി; ഞങ്ങള്‍ അതിനു എന്ത് പ്രാധാന്യമാണ് കൊടുക്കുന്നത്? പീ സി ജോര്‍ജ്‌ (അദ്ദേഹം ഒരു മഹാനാണ് കേട്ടോ. ചാനലുകളിലൂടെ മാത്രം ജീവിക്കുന്ന വ്യക്തി!) പറഞ്ഞത് ആയിരം കോടി പിരിച്ചു എന്നാണ്. ഞങ്ങള്‍ അത് രണ്ടായിരം ആയി വര്‍ദ്ധിപ്പിക്കാനാണ്‌ ശ്രമിക്കുന്നത്.

രാജ് മോഹന്‍ ഉണ്ണിത്താനെ മഞ്ചേരിയില്‍ പിടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സന്കടമായി. കാരണം ഞങ്ങളുടെ ചാനലില്‍ എന്നും വന്നിരുന്നു പിണറായിയെ ചീത്ത പറഞ്ഞിരുന്ന ആളാ. ഇനിയിപ്പോ അങ്ങനെ ആരെ കിട്ടാന്‍? (ഹോ, ഉണ്ണിത്താനു പകരം അത് പിണറായി എങ്ങാനു ആയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് കോളായനെ) ഇനി വേറെ ഒരു ന്യുസും കിട്ടിയില്ലെങ്കില്‍ പിണറായി ദിവസവും കുളിക്കുന്നു എന്നത് ഒരു ബ്രേക്കിംഗ് ന്യുസായി ഞങ്ങള്‍ അവതരിപ്പിക്കും. ഇത്രയും ജലക്ഷാമാമുള്ള സമയത്ത് തൊഴിലാളി വര്‍ഗപാര്‍ടിയുടെ നേതാവ്‌ ദിവസവും കുളിച്ചു വെള്ളം പാഴാക്കുന്നത് പാപമല്ലേ? പഴയ കമ്യൂണിസ്റ്റുകാരനായ ചെ ഗുവേര ഒന്നും എല്ലാ ദിവസവും കുളിക്കില്ലായിരുന്നു. അതിനെ പറ്റി കേരളം ചര്‍ച്ച ചെയ്യട്ടെ എന്നും പറഞ്ഞു ഒരു 'ബ്രേക്കിംഗ് ന്യുസ്'

ഇങ്ങനെ പിണറായിയെ പറ്റി എന്തെങ്കിലും ന്യൂസ് കിട്ടിയാല്‍ ഞങ്ങളെ അറിയിക്കൂ, അത് വിവാദമാക്കി ഞങ്ങളുടെ ചാനലും ഒന്ന് രക്ഷപെടട്ടെ...

എന്ന് നിങ്ങളുടെ സ്വന്തം
വാര്‍ത്താവതാരകന്‍

Wednesday, February 3, 2010

യേശുവിനെ അപമാനിക്കുന്നതാര്?

വളരെ അധികം പാരമ്പര്യമുള്ള, നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ ആണ് കേരളത്തിലെ കത്തോലിക്കാ സഭകള്‍. ഇപ്പോഴും സമൂഹ നന്മക്കുതകുന്ന നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങളുടെ മറവില്‍ ചെയ്യുന്ന മറ്റു പല കാര്യങ്ങളെ പറ്റിയും ഒരു പരിശോദന നടത്തുകയാണ്‌ ഇവിടെ.

ബൈബിളില്‍ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്, അതിങ്ങനെയാണ് - യേശു ക്രിസ്തു പ്രാര്‍ത്ഥിക്കാനായി ആരാധനാലയത്തില്‍ ചെന്നപ്പോള്‍ അവിടെ കണ്ടത് നിരവധി കച്ചവടങ്ങള്‍ നടത്താന്‍ വേണ്ടി ദേവാലയം ഉപയോഗിക്കുന്നതാണ്. അതൊരു കച്ചവട ശാല പോലെ ആക്കി മാറ്റിയിരുന്നു. പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപയോഗിച്ച് സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറായി ദേവാലയ അധികാരികളും. അതിനു പകരമായി ദേവാലയ അധികാരികള്‍ അവരില്‍ നിന്ന് പണം പിരിച്ചിരുന്നു. ഈ അവസ്ഥ കണ്ടു ഹൃദയം വേദനിച്ച യേശു ക്രിസ്തു പ്രതികരിച്ചത് ചാട്ടവാര്‍ കൊണ്ടായിരുന്നു. ദേവാലയത്തെ കച്ചവടത്തിന് ഉപയോഗിച്ചവരെ അദ്ദേഹം ചാട്ടവാര്‍ ഉപയോഗിച്ച് പുറത്താക്കി.

ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കു വലിയ പ്രസക്തി ഉണ്ട്. കേരളത്തില്‍ ഏറ്റവും ലാഭം ഉണ്ടാക്കുന്ന ബിസിനസ്‌ ഏതാണെന്ന് ചോദിച്ചാല്‍ നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്‌, അങ്ങനെ നിരവധി... എന്നാല്‍ അതിനോടോപ്പമോ അതിനെക്കളുമോ ലാഭം ഉണ്ടാക്കുന്ന രണ്ടു ബിസിനസ്‌ മേഖലകള്‍ ആണ് വിദ്യാഭ്യാസ - ആതുര സേവന മേഖലകള്‍.

ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ള വിഭാഗം ആണ് കേരളത്തിലെ കത്തോലിക്കാ സഭ. ഇനി അതിന്റെ ധാര്‍മികത ഒന്ന് പരിശോദിക്കാം. ഒരു യഥാര്‍ത്ഥ ബിസിനസ്‌ സ്ഥാപനം സമീപിക്കുന്ന രീതിയില്‍ ആണ് അവര്‍ ജനങ്ങളെ സമീപിക്കുനത്. കച്ചവടത്തിന്റെ വിജയത്തിന് വേണ്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കൈകൊള്ളാനും അതിനു പ്രതിബന്ധമാകുന്നതിനു എതിരെ നീങ്ങാനും അവര്‍ക്ക് ഒരു മടിയും ഇല്ല. ആത്മീയതയില്‍ അധിഷ്ടിധമായി സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത നടപടികള്‍ ആണ് ഇപ്പോഴത്തെ കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്‌

ഇതാണോ യേശു ക്രിസ്തു പറഞ്ഞ, ഉദ്ബോധനം ചെയ്ത ക്രൈസ്തവ ജീവിതം? മുകളില്‍ വിവരിച്ച ഉദാഹരണവുമായി ഇപ്പോഴത്തെ കത്തോലിക്കാ സഭയെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അന്ന് യേശു ക്രിസ്തു മതത്തിനെ ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ചാട്ടവാര്‍ എടുത്തു. ഇന്ന് ആ യേശു ക്രിസ്തുവിന്റെ പേരിലുള്ള മതം കച്ചവടം ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു!

അതും ഇന്ന് നിലവില്‍ ഏറ്റവും കൂടുതല്‍ ഫീസ്‌ വാങ്ങുന്ന കോളേജുകളുടെ ഗണത്തില്‍ ആണ് കത്തോലിക്കാ സഭയുടെ കീഴില്‍ ഉള്ള കോളേജുകള്‍ വരുന്നത്. ആശുപത്രികളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ ജനങ്ങളുടെ പണം കൊള്ള അടിക്കുന്നതിനു എതിരായി ആരെങ്കിലും എന്തെങ്കിലും നടപടി എടുത്താല്‍ അവര്‍ക്കെതിരെ സമുദായത്തെ മുഴുവന്‍ അണിനിരത്താനും ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. ചുരുക്കം പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ വിശ്വാസ സംഹിത ഉയര്‍ത്തി പിടിക്കേണ്ടവര്‍ അദ്ദേഹത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിര്‍ക്കുന്നത്.

ഈ കൊള്ളക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ വിഷം തുപ്പിക്കൊണ്ട് പുരോഹിതന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒരു രസാവഹമായ കാഴ്ച ആണ്. ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്റെ അനുയായികളുടെ ഒരു തമാശ മാത്രമല്ലെ ഇത്! കൂടാതെ രാഷ്ട്രീയക്കാരെ പോലെ കവല പ്രസംഗങ്ങളും ജാഥകളും എല്ലാം നടത്താനും തയ്യാറാകുന്നു, ഈ കൊള്ളയുടെ സംരക്ഷണത്തിന് വേണ്ടി.

യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍തലമുറ എന്നവകാശപെടുന്ന ഈ കള്ളകൂട്ടങ്ങള്‍ ആരെയാണ് ഇപ്പോള്‍ കൂടെ കൂട്ടുന്നത്‌? സമൂഹത്തിലെ താഴെകിടയിലുള്ളവരെ ആണോ? ഏറ്റവും ഉയര്‍ന്ന വിഭാഗത്തിന് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി അല്ലെ ഇവര്‍ നിലകൊള്ളുന്നത്? യഥാര്‍ത്ഥ വിശ്വാസി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇത് ഒരു റീ പോസ്റ്റ്‌ ആണ്.

Wednesday, January 27, 2010

മനോരമ: മലയാളിക്കപമാനം!

ഒരു പത്രം തങ്ങളുടെ ബിസിനെസ്സ് വളര്‍ത്തുന്നതിനു വേണ്ടി വളരെ ബോധപൂര്‍വം ഒരു സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. ഇങ്ങനെ പറയാനുള്ള കാരണം കഴിഞ്ഞ കുറെ നാളുകളായി മലയാള മനോരമ എന്ന പത്ര മുത്തശ്ശിയുടെ വിഷം വമിക്കുന്ന വാര്‍ത്തകള്‍ വായിച്ചതാണ്. കേരളത്തില്‍ ലവ് ജിഹാദ് എന്ന വിഷയം ഉയര്‍ത്തി കൊണ്ടുവരികയും അതുപോലെ തന്നെ മറ്റു നിരവധി അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചു വിട്ടു മുസ്ലിമുകള്‍ എല്ലാം തീവ്രവാദികള്‍ എന്ന തോന്നല്‍ പൊതു സമൂഹത്തിനുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് ഈ പത്ര മുത്തശ്ശി.

മുന്‍പെങ്ങുമില്ലാത്ത വിധം മുസ്ലിമുകളെ ആക്രമിക്കാന്‍ മനോരമക്ക് പ്രചോദനം നല്‍കിയ കാര്യം എന്താണ് എന്ന് പരിശോദിക്കുമ്പോള്‍ ആണ് നമ്മള്‍ ഈ വിഷയങ്ങള്‍ ഉയര്‍ന്നു വന്ന കാലത്തെ സംഭവ വികാസങ്ങളും ഈ പത്ര മുത്തശ്ശിയുടെ ബിസിനെസ്സ് താത്പര്യങ്ങളും കൂടി വിശകലനം ചെയ്യേണ്ടി വരിക. നമ്മള്‍ക്കെല്ലാം ഓര്‍മ ഉണ്ടാകും, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തില്‍ ഉണ്ടായ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍. അതും മനോരമയുടെ ഇപ്പോഴത്തെ മുസ്ലിം വിരോധവും തമ്മില്‍ കെട്ടുപിണഞ്ഞു കിടക്കുകയാണ്.

സി പി എമ്മിന്റെ മലപ്പുറം സമ്മേളനം മുതല്‍ ഇടതുപക്ഷവും മുസ്ലിം വിഭാഗവും തമ്മില്‍ മുന്‍പെങ്ങുമില്ലാത്ത വിധം അടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ക്ക് കാണാന്‍ സാധിച്ചത്. അതിന്റെ പ്രതിഫലനമെന്നോണം തുടര്‍ന്ന് നടന്ന ലോകസഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും പ്രത്യേകിച്ച് മുസ്ലിം ലീഗിനും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.

ആരും പറയാതെ തന്നെ കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ് മലയാള മനോരമ ഇപ്പോഴും ഇടതു പക്ഷത്തിന്റെ എതിര്‍പക്ഷത്തു ആയിരിക്കും എന്നത്. അതിലുപരി, അവര്‍ക്കു നന്നായി അറിയാവുന്ന കാര്യമാണ് കേരളത്തില്‍ ഏറ്റവും മൂല്യം ഉള്ള വാര്‍ത്തകള്‍ ഇടതു പക്ഷത്തിനെതിരെ എഴുതുന്നതാണെന്ന്. തങ്ങളുടെ വാണിജ്യ താത്പര്യങ്ങള്‍ ആണ് മലയാള മനോരമ എന്നും പരിരക്ഷിച്ചു പോന്നിരുന്നത്. ബിസിനസ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി എത്ര ഹീനമായ മാര്‍ഗം സ്വീകരിക്കാനും മടി ഇല്ലാത്തവര്‍ ആണ് ഈ പത്ര മുത്തശ്ശിയുടെ മാനേജ്‌മന്റ്‌. ഐ എസ് ആര്‍ ഓ ചാരക്കേസ് വന്നപ്പോള്‍ മനോരമയില്‍ വന്ന ലേഖന പരമ്പര വായിച്ചാല്‍ തോന്നിയിരുന്നത് ഐ എസ് ആര്‍ ഓ ശാസ്ത്രഞ്ജന്‍മാരുടെയും മാലിക്കാരികളുടെയും കൂടെ അതേ റൂമില്‍ മനോരമ ലേഖകനും ഉണ്ടായിരുന്നു എന്നാണ്! അന്ന് അത്രയും തെളിവുകളും സംഭവങ്ങളും നിരത്തിയാണ് മനോരമ ആ ശാസ്ത്രഞ്ജരെ അവഹേളിച്ചത്. ആ കേസ് കണ്ടുപിടിച്ച സ്മാര്‍ട്ട്‌ വിജയന്‍ എന്ന എസ് ഐയെ ധീരോധാത്ത നായകനായി പുകഴ്ത്തി കൊണ്ടാണ് ആ പരമ്പര വന്നത്. അതിനു ശേഷം ഐ എസ് ആര്‍ ഓ ചാരക്കേസ് ചാരമാവുകയും വില്ലന്മാര്‍ നായകന്മാരാവുകയും ചെയ്തു. അപ്പോള്‍ മുന്‍പ് എഴുതിയതെല്ലാം തിരിച്ചെഴുതാന്‍ അവര്‍ക്കു ഒരു വിഷമവുമുണ്ടായില്ല. പണ്ടത്തെ നായകന്‍ സ്മാര്‍ട്ട്‌ വിജയനെ കൊടും വില്ലനാക്കിയും മാറ്റി. നിലപാട് മാറ്റത്തിനു അങ്ങനെ ഒത്തിരി ഉദാഹരണങ്ങള്‍ മനോരമയുടെ ചരിത്രം ചികഞ്ഞാല്‍ കിട്ടും.

നമുക്ക് സമകാലീന സംഭവ വികാസങ്ങളിലേക്ക് മടങ്ങി വരാം. ആദ്യം സൂചിപ്പിച്ചത് പോലെ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ്കഴിഞ്ഞാണ് ലവ് ജിഹാദുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ഒരു വലിയ സംഭവം എന്ന രീതിയില്‍ കേരള സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അതു ഇത്രയും വലിയ ഒരു ചര്‍ച്ചാ വിഷയമാക്കുന്നതില്‍ മനോരമ വഹിച്ച പങ്കു വളരെ വലുതാണ്. ഒപ്പം ലവ് ജിഹാദ് ഇല്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തമസ്കരിക്കാനും അവര്‍ വളരെയധികം ശ്രമിച്ചിരുന്നു. മലയാള മനോരമ ദിനപത്രം വായിക്കുന്ന ഒരാള്‍ക്ക് വരുന്ന ഫീലിംഗ് ഇവിടുത്തെ മുസ്ലിം ആണുങ്ങളെല്ലാം കൂടെ പ്രേമിച്ചു പ്രേമിച്ചു ഇതൊരു മുസ്ലിം രാജ്യമാക്കാന്‍ പോകുന്നു എന്നതാണ്. മനോരമയുടെ ഈ വിഷയത്തില്‍ ഉള്ള അമിത താത്പര്യം ചര്‍ച്ച ചെയ്യപ്പെട്ടു എന്നുള്ളത് ശരിയാണ്. എന്നാല്‍ അവര്‍ എന്തിനു വേണ്ടിയാണു ഇങ്ങനെ ചെയ്തത് എന്നു അധികമാരും പരിശോധിച്ചിരുന്നില്ല.

കഴിഞ്ഞ കാലങ്ങളിലെല്ലാം കേരളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രം മനോരമ ആയിരുന്നു. രണ്ടാം സ്ഥാനത്ത് മാതൃഭുമിയും. മനോരമ ആദ്യം പറഞ്ഞത് പോലെ ഒരു പൂര്‍ണ വലതു പക്ഷ പത്രം ആയിരുന്നു. മാതൃഭൂമി ഇടതുപക്ഷ ആശയഗതികളോട് ചായ്‌വുള്ള നിഷ്പക്ഷ പത്രവും. കോണ്ഗ്രസ്കാരും ക്രിസ്ത്യാനികളുമാണ് മനോരമയുടെ വരിക്കാരില്‍ ഭൂരിഭാഗവും. മാതൃഭൂമിക്ക് കൂടുതല്‍ പ്രചാരം ഹിന്ദുക്കളുടെ ഇടയില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ലോകസഭാ ഇലക്ഷനോടെ വീരേന്ദ്രകുമാറിനൊപ്പം മാതൃഭൂമിയും വലതുപക്ഷത്തേക്ക് ചാഞ്ഞു. ഇടതുപക്ഷം ദുര്‍ബലപ്പെടുന്നത് മനോരമക്ക് ഇഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ പക്ഷത്തെക്കുള്ള മാതൃഭൂമിയുടെ വരവ് അവര്‍ക്കു അത്ര ദഹിച്ചില്ല. തങ്ങളുടെ കോണ്‍ഗ്രസ് അനുഭാവമുള്ള വായനക്കാര്‍ നഷ്ടപ്പെട്ടെക്കുമോ എന്നവര്‍ ഭയന്നു. ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് അവര്‍ക്കും അറിയാമല്ലോ. അതുകൊണ്ട് തന്നെ അവര്‍ മാതൃഭൂമിയുടെ വായനക്കാരെ ലക്‌ഷ്യം വെച്ചു. ഭൂരിഭാഗം ഹിന്ദുക്കള്‍ വായിക്കുന്ന മാതൃഭൂമിയുടെ വായനക്കാരെ പിടിക്കാന്‍ ഏറ്റവും നല്ല മരുന്ന് എല്ലാവരുടെയും മനസ്സില്‍ ഉറങ്ങി കിടക്കുന്ന വര്‍ഗീയതയാണെന്നു മലയാളിയുടെ മൃദുല വികാരങ്ങള്‍ ഏറ്റവും നന്നായി ചൂഷണം ചെയ്തിട്ടുള്ള മനോരമയ്ക്കു ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. കോണ്‍ഗ്രസ് പണ്ട് ചെയ്തതു പോലെ അവരും മൃദു ഹിന്ദുത്വം പയറ്റാന്‍ തുടങ്ങി.

അതിനു വേണ്ടി അവര്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചു. ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു. ചുരുക്കി പറഞ്ഞാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്ന മലയാളിയുടെ മതേതര മനസിലേക്ക് മനോരമ വളരെ ബോധപൂര്‍വ്വം വര്‍ഗീയതയുടെ വിഷവിത്തു കുത്തി വെക്കാന്‍ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായി നിരവധി വാര്‍ത്തകള്‍ മനോരമ കൊടുത്തുകൊണ്ടിരിക്കുകയാണ്. കേവലം വാണിജ്യ താത്പര്യങ്ങള്‍ക്ക് വേണ്ടി ഒരു സമൂഹത്തെ തന്നെ മാനസികമായി വിഭജിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനോരമയ്ക്കു മാപ്പ് കൊടുക്കാന്‍ കേരള സമൂഹം തയ്യാറാകരുത്.

Sunday, January 10, 2010

തീവ്രവാദം: കോണ്ഗ്രസ് പേടിക്കുന്നത് ആരെ?

അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്ത‍ ചാനലുകളും പത്രങ്ങളും മെഗാ സീരിയല്‍ ആയി കൊണ്ടാടുന്ന തീവ്രവാദ കേസുകളുടെ ആരും അത്ര ശ്രദ്ധിക്കാത്ത ചില വശങ്ങള്‍ കുറച്ചു പേരുടെ എങ്കിലും ശ്രദ്ധയില്‍ കൊണ്ടുവരണം എന്ന് തോന്നി.

ഇന്ത്യയിലെ ഏറ്റവും കുറവ് തീവ്രവാദ പ്രവര്‍ത്തനം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കം ഒന്നും കാണില്ല. കര്‍ണാടക, ഗുജറാത്ത്‌, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നതിന്റെ അടുത്തെങ്ങും വരില്ല കേരളത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. പ്രത്യേകിച്ചും ഈ അടുത്ത കാലഘട്ടത്തില്‍. (ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ പുറത്തു വന്ന കാര്യങ്ങള്‍ എല്ലാം നടന്നത് കഴിഞ്ഞ യു ഡി എഫ് ഗവണ്മെന്റ് ഭരിക്കുമ്പോള്‍ ആയിരുന്നു. ഉദാ: കളമശ്ശേരി ബസ് കത്തിക്കല്‍, കോഴിക്കോട് സ്ഫോടനം തുടങ്ങിയവ.) എന്നാല്‍ മാധ്യമങ്ങള്‍ ഇവ അവതരിപ്പിക്കുന്നത്‌ ഇപ്പോഴത്തെ ഗവണ്മെന്റിന്റെ പിടിപ്പു കേടായാണ്!

പക്ഷെ ദേശീയ അന്വേഷണ ഏജെന്‍സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ തോന്നുക, കേരളത്തില്‍ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളൂ എന്നാണ്. കാരണം കേരളത്തിലെ തീവ്രവാദ കേസുകള്‍ ഒന്നൊന്നായി അവര്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. അതില്‍ കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതും അവസാന ഘട്ടത്തില്‍ എത്തിയതും ഉള്‍പ്പെടെ ഉള്ള കേസുകളും പെടും. ഇത്രയും കാലം തോന്നാത്ത ഈ കാര്യം ഇവര്‍ക്ക് ഇപ്പോള്‍ തോന്നാന്‍ കാരണം എന്താണ്? അവിടെ ആണ് കേന്ദ്ര ഗവണ്മെന്റില്‍ സ്വാധീനം ഉള്ള ചിലരുടെ ചില 'കളികള്‍' ഇതിന്‍റെ പുറകില്‍ ഇല്ലേ എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നത്. കാരണം നിരവധി ആളുകള്‍ കൊല്ലപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ള മുംബൈ, ബംഗളൂരു, സൂററ്റ്, അഹമ്മദാബാദ് സ്ഫോടന ‍കേസുകള്‍ ഒന്നും അവര്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കേരളത്തില്‍ അവര്‍ ഏറ്റെടുത്ത ഒരു കേസിലും ഒരു ആളും കൊല്ലപ്പെടുകയോ അപായപ്പെടുകയോ ചെയ്തിട്ടില്ല.

എന്നിട്ടും എന്താണ് ദേശീയ അന്വേഷണ ഏജെന്‍സിക്ക് കേരളത്തിലെ കേസുകളില്‍ മാത്രം ഇത്ര താത്പര്യം? അതിനുള്ള ഉത്തരം തേടുമ്പോള്‍ ആണ് നമ്മുടെ രാജ്യരക്ഷക്കു തന്നെ ഭീഷണി ആയേക്കാവുന്ന ചില വസ്തുതകള്‍ നമ്മള്‍ പരിശോധിക്കേണ്ടത്. എന്താണ് ഇത്ര ധിറുതി പിടിച്ച് അവര്‍ ഇപ്പോള്‍ ഈ കേസുകള്‍ ഏറ്റെടുത്തത്? ഇതിനു പുറകിലെ ഉദ്ദേശങ്ങള്‍ മൂന്നാണ്.
ഒന്ന് - കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്‍റ് ഈ കേസുകള്‍ ശരിയായ രീതിയില്‍ അല്ല അന്വേഷിച്ചത് എന്നു വരുത്തി തീര്‍ക്കുകയും വരുന്ന തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനു രാഷ്ട്രീയ ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക.
രണ്ട് - ഇടതു പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ തീവ്രവാദികള്‍ എന്ന ഇരുട്ടിന്‍റെ മറയില്‍ നിര്‍ത്തുക.
മൂന്ന് - അവസാനത്തേതും പ്രധാനവും ആയ ലക്ഷ്യം; ഈ കേസുകള്‍ കേരളാ പോലീസ് അന്വേഷിച്ചാല്‍ തടിയന്‍റവിട നസീറിനെയും സംഘത്തെയും വിശദമായ ചോദ്യം ചെയ്യലിനായി കേരളത്തിലേക്കു വിട്ടു കിട്ടും. അപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഒരിക്കലും യു ഡി എഫിനെ സഹായിക്കുന്നതായിരിക്കില്ല. യു ഡി എഫ് നേതാക്കള്‍ക്ക് (പ്രധാനമായും കോണ്ഗ്രസ്സ് - ലീഗ് നേതാക്കള്‍ക്ക്) തീവ്രവാദികളുമായുള്ള ബ്ന്ധം പുറത്തു വരുന്നതിനും ഇത് ഇടയാക്കും. അത് ഒഴിവാക്കുക.

തടിയന്‍റവിട നസീറിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ യു ഡി എഫ് നേതാക്കള്‍ക്ക് തീവ്രവാദികളുമായുള്ള ബന്ധം അറിഞ്ഞ ദേശീയ അന്വേഷണ ഏജെന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ അത് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയെ അറിയിക്കുകയും പിന്നീട് അദ്ദേഹത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജെന്‍സി ഏറ്റെടുക്കുകയും ആണ് ചെയ്തത്.

ഈ കാര്യത്തില്‍ എല്ലാം യു ഡി എഫിനെ നിര്‍ലോഭമായി സഹായിക്കുക എന്നതായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തത്. എന്തുകൊണ്ടാണ് ദേശീയ അന്വേഷണ ഏജെന്‍സി ഈ കേസുകളെല്ലാം ഏറ്റെടുത്തത് എന്ന് അന്വേഷിക്കാന്‍ ഒരു 'ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും' തയ്യറായിട്ടില്ല. മുറുക്കാന്‍ കടയില്‍ പാന്‍ പരാഗ് വില്‍ക്കുന്നത് ഒളി ക്യാമറ വെച്ചു പകര്‍ത്തി ടെലികാസ്റ്റു ചെയ്ത് ആളാകുന്നത് മാത്രമല്ലാ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകേണ്ടതായിരുന്നു.

മഅദനി യു. ഡി. എഫിനെ ആയിരുന്നു സപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍, ഇപ്പോള്‍ മഅദനിയെയും സൂഫിയയെയും തീവ്രവാദികള്‍ എന്നു പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തവര്‍ ഒരു പാവം മുസ്ലിം സ്ത്രീയെ പീഡിപ്പിക്കുന്നതിനെതിരെ അരയും തലയും മുറുക്കി രംഗത്തു വന്നേനെ. ഇപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളിലെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ആര് അന്വേഷിച്ചാലും യതാര്‍ഥ കുറ്റവാളികള്‍ രക്ഷപെടാന്‍ അനുവദിച്ചുകൂടാ എന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. പക്ഷേ അതിനെ അട്ടിമറിക്കുന്നതിനാണ് ഇപ്പോള്‍ കോണ്ഗ്രസ്സ് ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Thursday, December 24, 2009

ശബരിമല ബുദ്ധ ക്ഷേത്രമോ?

ശബരിമല ബുദ്ധ ക്ഷേത്രമോ?

ഇങ്ങനെ ഒരു ചോദ്യം ചോദിച്ചാല്‍ അതിനോട് പല രീതിയില്‍ ഉള്ള പ്രതികരണങ്ങള്‍ ആയിരിക്കും വരിക. ചോദ്യം ചോദിക്കുന്നവനെ കൈകാര്യം ചെയ്യണം എന്ന് തോന്നുന്നവര്‍ വരെ ഉണ്ടാകാം. പക്ഷെ വിവിധ വസ്തുതകള്‍ നിരത്തി ഇങ്ങനെ ഒരു ചോദ്യം ചോദിക്കാതിരിക്കാന്‍ വയ്യ.

ശബരിമലയെ പറ്റി എന്തെങ്കിലും പറയുന്നതിന് മുന്നേ ചില വസ്തുതകള്‍ വിവരിക്കുകയാണ് ഇവിടെ. ലോകത്തെല്ലായിടത്തുമുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ നോക്കുക. ശബരിമലയിലെ അയ്യപ്പന്‍റെ പ്രതിഷ്ഠയും നോക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ? അതുപോലെ തന്നെ മറ്റു ഹൈന്ദവ ദൈവങ്ങളെയും അയ്യപ്പനെയും സ്തുതിക്കുന്നത് എങ്ങനെ ആണെന്ന് പരിശോദിക്കുക, നിങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം കാണാന്‍ സാധിക്കുന്നുണ്ടോ? ഞാന്‍ ഇങ്ങനെ ചോദ്യങ്ങള്‍ ചോദിച്ചു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല; നേരിട്ട് വിഷയത്തിലേക്ക് വരാം.

ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ ഒരു പ്രത്യേക രീതിയില്‍ ഇരിക്കുന്ന അയ്യപ്പനാണ്. നമ്മള്‍ക്ക് വേറെ ഒരു ഹിന്ദു ദൈവത്തിന്റെയും ഈ രീതിയില്‍ ഇരിക്കുന്ന വിഗ്രഹങ്ങള്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഈ രീതിയില്‍ ഇരിക്കുന്നത് ആരാണെന്നു തേടി പോയാല്‍ നമ്മള്‍ എത്തുക ബുദ്ധ വിഗ്രഹങ്ങളിലേക്കാണ്. ഒരു ബുദ്ധ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ അതേ പൊസിഷന്‍ ആണ് ശബരിമലയിലെ വിഗ്രഹത്തിനും. അതു പോലെ നമ്മള്‍ വളരെ അധികം കേട്ടിട്ടുള്ള ഒരു പ്രാര്‍ത്ഥന ആണ് "ബുദ്ധം ശരണം ഗച്ചാമി; ധര്‍മം ശരണം ഗച്ചാമി" എന്നുള്ളത്. ശരണം വിളിക്കുക എന്നത് ബുദ്ധ മതക്കാരുടെ രീതി ആണ്. എന്നാല്‍ ശബരിമല അയ്യപ്പനെ അല്ലാതെ വേറെ ഒരു ഹിന്ദു ദൈവത്തെയും ശരണം വിളിക്കുന്നത്‌ നമ്മള്‍ കേട്ടിട്ടില്ല.

ഈ വക കാര്യങ്ങള്‍ എല്ലാം നമ്മളെ ചില സംശയങ്ങളിലേക്ക് ആണ് നയിക്കുന്നത്. വളരെ അധികം ഭക്തന്മാര്‍ ഓരോ വര്‍ഷവും വരുന്ന ശബരിമല യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ക്ഷേത്രമോ അതോ ബുദ്ധ ക്ഷേത്രമോ, അതു പോലെ അവിടുത്തെ പ്രതിഷ്ഠയെ സംബന്ധിച്ചും ചില സംശയങ്ങള്‍ ഉണരുകയാണ് ഇവിടെ. യഥാര്‍ത്ഥത്തില്‍ ശബരിമല അയ്യപ്പന്‍ ഒരു ബുദ്ധ പ്രതിഷ്ഠ ആണോ? എങ്ങനെ ആണ് മറ്റു ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഒന്നും കാണാത്ത പ്രത്യേക രീതിയില്‍ ഉള്ള ശരണം വിളി ശബരിമലയില്‍ മാത്രം എത്തിചേര്‍ന്നത്‌?

ഇതിനോടൊപ്പം നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യം ചരിത്രത്തില്‍ നിന്നുള്ളതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശ്സ്തിയാര്‍ജ്ജിച്ച ബുദ്ധചൈത്യം വഞ്ചി യിലായിരുന്നെന്നും ഈ വഞ്ചി കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ആണെന്നും അല്ലെന്നും വാദങ്ങള്‍ ഇപ്പോഴും നടക്കുന്നു. കേരളത്തിലെ ഒരു പള്ളിബാണപ്പെരുമാള്‍ ബുദ്ധമത സന്യാസിയായി രാജ്യഭരണം ഉപേക്ഷിച്ചതായി ഐതിഹ്യമുണ്ട്. കേരളത്തിലെ ചില ബുദ്ധ വിഹാരങ്ങള്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് തകര്‍ക്കപെടുകയും, അതിനെ ഹിന്ദു ബുദ്ധ വിശ്വാസികളെ പരസ്പരം കലഹിപ്പിക്കാനുള്ള ഉപാദി ആക്കുകയും ചെയ്തിരുന്നു എന്നത് മറ്റൊരു ചരിത്ര സത്യം

ഏതോ കാലത്ത് ബുദ്ധന്മാര്‍ ഉണ്ടാക്കിയ ക്ഷേത്രം പിന്നീടു ഹൈന്ദവരുടെ കയ്യില്‍ വന്നു ചേരുകയായിരുന്നു എന്ന് ശബരിമലയുടെ കാര്യത്തില്‍ ആരെങ്കിലും വിശ്വസിച്ചാല്‍ അതിനെ തെറ്റ് എന്ന് പറഞ്ഞു അപ്പാടെ തള്ളാന്‍ സാധിക്കില്ല. ഇതിനെ പറ്റി ഒരു പഠനം നടത്താന്‍ ചരിത്രകാരന്മാരും സര്‍ക്കാരും തയ്യാറാകേണ്ടതാണ്.

Wednesday, December 9, 2009

കെ.സി.ബി.സി അഥവാ കേരളാ കാത്തലിക് 'ബിസിനസ്സ്' കൌണ്സില്‍

വളരെ അധികം പാരമ്പര്യമുള്ള, നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ ആണ് കേരളത്തിലെ കത്തോലിക്കാ സഭകള്‍. ഇപ്പോഴും സമൂഹ നന്മക്കുതകുന്ന നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങളുടെ മറവില്‍ ചെയ്യുന്ന മറ്റു പല കാര്യങ്ങളെ പറ്റിയും ഒരു പരിശോദന നടത്തുകയാണ്‌ ഇവിടെ.

ബൈബിളില്‍ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്, അതിങ്ങനെയാണ് - യേശു ക്രിസ്തു പ്രാര്‍ത്ഥിക്കാനായി ആരാധനാലയത്തില്‍ ചെന്നപ്പോള്‍ അവിടെ കണ്ടത് നിരവധി കച്ചവടങ്ങള്‍ നടത്താന്‍ വേണ്ടി ദേവാലയം ഉപയോഗിക്കുന്നതാണ്. അതൊരു കച്ചവട ശാല പോലെ ആക്കി മാറ്റിയിരുന്നു. പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപയോഗിച്ച് സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറായി ദേവാലയ അധികാരികളും. അതിനു പകരമായി ദേവാലയ അധികാരികള്‍ അവരില്‍ നിന്ന് പണം പിരിച്ചിരുന്നു. ഈ അവസ്ഥ കണ്ടു ഹൃദയം വേദനിച്ച യേശു ക്രിസ്തു പ്രതികരിച്ചത് ചാട്ടവാര്‍ കൊണ്ടായിരുന്നു. ദേവാലയത്തെ കച്ചവടത്തിന് ഉപയോഗിച്ചവരെ അദ്ദേഹം ചാട്ടവാര്‍ ഉപയോഗിച്ച് പുറത്താക്കി.

ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കു വലിയ പ്രസക്തി ഉണ്ട്. കേരളത്തില്‍ ഏറ്റവും ലാഭം ഉണ്ടാക്കുന്ന ബിസിനസ്‌ ഏതാണെന്ന് ചോദിച്ചാല്‍ നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്‌, അങ്ങനെ നിരവധി... എന്നാല്‍ അതിനോടോപ്പമോ അതിനെക്കളുമോ ലാഭം ഉണ്ടാക്കുന്ന രണ്ടു ബിസിനസ്‌ മേഖലകള്‍ ആണ് വിദ്യാഭ്യാസ - ആതുര സേവന മേഖലകള്‍.

ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ള വിഭാഗം ആണ് കേരളത്തിലെ കത്തോലിക്കാ സഭ. ഇനി അതിന്റെ ധാര്‍മികത ഒന്ന് പരിശോദിക്കാം. ഒരു യഥാര്‍ത്ഥ ബിസിനസ്‌ സ്ഥാപനം സമീപിക്കുന്ന രീതിയില്‍ ആണ് അവര്‍ ജനങ്ങളെ സമീപിക്കുനത്. കച്ചവടത്തിന്റെ വിജയത്തിന് വേണ്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കൈകൊള്ളാനും അതിനു പ്രതിബന്ധമാകുന്നതിനു എതിരെ നീങ്ങാനും അവര്‍ക്ക് ഒരു മടിയും ഇല്ല. ആത്മീയതയില്‍ അധിഷ്ടിധമായി സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത നടപടികള്‍ ആണ് ഇപ്പോഴത്തെ കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്‌

ഇതാണോ യേശു ക്രിസ്തു പറഞ്ഞ, ഉദ്ബോധനം ചെയ്ത ക്രൈസ്തവ ജീവിതം? മുകളില്‍ വിവരിച്ച ഉദാഹരണവുമായി ഇപ്പോഴത്തെ കത്തോലിക്കാ സഭയെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അന്ന് യേശു ക്രിസ്തു മതത്തിനെ ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ചാട്ടവാര്‍ എടുത്തു. ഇന്ന് ആ യേശു ക്രിസ്തുവിന്റെ പേരിലുള്ള മതം കച്ചവടം ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു!

അതും ഇന്ന് നിലവില്‍ ഏറ്റവും കൂടുതല്‍ ഫീസ്‌ വാങ്ങുന്ന കോളേജുകളുടെ ഗണത്തില്‍ ആണ് കത്തോലിക്കാ സഭയുടെ കീഴില്‍ ഉള്ള കോളേജുകള്‍ വരുന്നത്. ആശുപത്രികളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ ജനങ്ങളുടെ പണം കൊള്ള അടിക്കുന്നതിനു എതിരായി ആരെങ്കിലും എന്തെങ്കിലും നടപടി എടുത്താല്‍ അവര്‍ക്കെതിരെ സമുദായത്തെ മുഴുവന്‍ അണിനിരത്താനും ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. ചുരുക്കം പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ വിശ്വാസ സംഹിത ഉയര്‍ത്തി പിടിക്കേണ്ടവര്‍ അദ്ദേഹത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിര്‍ക്കുന്നത്.

ഈ കൊള്ളക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ വിഷം തുപ്പിക്കൊണ്ട് പുരോഹിതന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒരു രസാവഹമായ കാഴ്ച ആണ്. ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്റെ അനുയായികളുടെ ഒരു തമാശ മാത്രമല്ലെ ഇത്! കൂടാതെ രാഷ്ട്രീയക്കാരെ പോലെ കവല പ്രസംഗങ്ങളും ജാഥകളും എല്ലാം നടത്താനും തയ്യാറാകുന്നു, ഈ കൊള്ളയുടെ സംരക്ഷണത്തിന് വേണ്ടി.

യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍തലമുറ എന്നവകാശപെടുന്ന ഈ കള്ളകൂട്ടങ്ങള്‍ ആരെയാണ് ഇപ്പോള്‍ കൂടെ കൂട്ടുന്നത്‌? സമൂഹത്തിലെ താഴെകിടയിലുള്ളവരെ ആണോ? ഏറ്റവും ഉയര്‍ന്ന വിഭാഗത്തിന് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി അല്ലെ ഇവര്‍ നിലകൊള്ളുന്നത്? യഥാര്‍ത്ഥ വിശ്വാസി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.